Thursday, 7 January 2010

ഇംഗ്ലണ്ടിലെ അപ്പൂപ്പന്‍ താടികള്‍
ഇംഗ്ലണ്ടിലെ  തണുപ്പത്തിരുന്നു ഞാന്‍ ഈ  പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുമ്പോള്‍ സമയം  വെളുപ്പിന് ഒരു മണി.(2010 ജനുവരി ഒന്ന് ). ലോകം മുഴുവന്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നു. ബിര്‍മിംഗ് ഹാമിലെ  സര്‍ക്കാര്‍ വക പടക്ക പ്രദര്‍ശനം  പൊട്ടി തകര്‍ത്ത്  കൊണ്ടിരിക്കുന്നു .   ലോകം മുഴുവന്‍  സന്തോഷിക്കുമ്പോഴും, വല്ലാത്ത  ഒരു മരവിപ്പ് എന്‍റെ  മനസ്സിന് .എന്‍റെ  ഗ്രാമത്തിലൂടെ വെറുതെ നടന്ന കാലത്ത്  ഞാന്‍ അനുഭവിച്ച സന്തോഷം ഇവിടെ എനിക്ക് കിട്ടുന്നില്ല. കഴിഞ്ഞ രണ്ടു ദിവസം  കവേന്റ്രിയില്‍ ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തോടൊപ്പമായിരുന്നു . ഒരു ബിരിയാണി  ഒക്കെ വെച്ചു ഞങ്ങള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ലാവിഷായി ആഘോഷിച്ചു.
 ഇന്ന് ബിര്‍മിംഗ്ഹാമില്‍  തിരിച്ചു വന്നു  പാലാക്കാരന്‍ അജയുടെ കൂടെ  പബ്ബില്‍  പോയി . ഈ രാത്രിയില്‍  ഇങ്ങനെ കാള കളിച്ചു ഒരു ഉത്തര വാദിത്തവുമില്ലാതെ , മദാമ്മ മാരുടെ  വാഴപ്പിണ്ടിയെ  നിക്കറിടീപ്പിച്ചത്  പോലത്തെ കാലൊക്കെ കണ്ടു  "നിര്‍വൃതി"യടഞ്ഞു നടക്കുമ്പോഴും  എന്തോ ഒരു സങ്കടം മനസ്സ് മുഴുവന്‍ .പഴയ പോലെ ആസ്വദിക്കാന്‍  കഴിയുന്നില്ല   ഈ "മധുര" കാഴ്ചകള്‍,അതോ എന്‍റെ ആസ്വാദന നിലവാരം കൂടിയതാണോ വാ.

എന്റെ പ്രിയപ്പെട്ട അമേരിക്കന്‍ ജെന്നസി വിസ്കി ജാക്ക് ഡാനിയല്‍സ് കുടിക്കാന്‍ തോന്നിയില്ല . ഒരു  സ്മാളില്‍ ഒതുക്കി.ബിര്‍മിംഗ് ഹാമില്‍ നിന്ന്  എന്‍റെ ഹോട്ടെലിലേക്ക്  നടന്നപ്പോള്‍   നല്ല സ്നോ ഫോള്‍സ് !!!!! . ആകാശത്തു നിന്നും അപ്പൂപ്പന്‍  താടി പോലെ ഇങ്ങനെ പറന്നു  പറന്നു മഞ്ഞിന്‍ കണങ്ങള്‍ .  നിയോണ്‍ ലൈറ്റുകളുടെ  വെളിച്ചത്തില്‍ നല്ല ഭംഗി തോന്നി . മഞ്ഞിലൂടെ നടന്നു വന്നപ്പോള്‍ ഞാന്‍ അജയോടു ചോദിച്ചു, നീ ഒരു പെണ്ണായിരുന്നെങ്കില്‍  ............. എന്ത് ഭംഗിയായിരുന്നേനെ.  കയ്യോടു കയി കോര്‍ത്തു  ഈ മഞ്ഞിലൂടെ  വര്‍ത്തമാനമൊക്കെ  പറഞ്ഞു ഇങ്ങനെ .......... ഇങ്ങനെ .......മറുപടിക്ക്  ഒരു " കൊടുങ്ങല്ലൂര്‍ " ടച്ച്‌  ഉണ്ടായിരുന്നു .അണ്‍ എജ്യുക്കേറ്റഡ കണ്‍ട്രി ഫെല്ലോ .. " ഭാവന ലെസ്സ് " മാന്‍.


കൂട്ടുകാരനെ  യാത്രയാക്കി  എന്‍റെ മുറിയില്‍ വന്നിരുന്നപ്പോള്‍ ഒരു വല്ലാത്ത വീര്‍പ്പുമുട്ടല്‍.  വല്ലാതെ ഒറ്റക്കായ പോലെ ഒരു തോന്നല്‍ . ഇംഗ്ലണ്ടില്‍  ആണെങ്കിലും മനസ് മുഴുവന്‍  എന്‍റെ ആറുമാനൂരാണ്  പിന്നെ അവളും .!!!!!!!!!!! എന്‍റെ ബാല്യ കാലസഖി . അവളുടെ കലപിലകള്‍  കേട്ട്  അവളോടൊപ്പം  നടന്നു ഞാന്‍ കണ്ട സ്വപ്നാടനങ്ങളാണ് ,  ഞാന്‍ ഈ ഭൂമിയില്‍ അനുഭവിച്ച  ഏറ്റവും  നിര്‍വൃതിയുള്ള  വികാരം .
  അവളും ഒരു സ്നോ ഫോള്‍സ് പോലെയായിരുന്നു . മനോഹരമായി പെട്ടെന്ന് പെയ്തിറങ്ങി ഉരുകി തീര്‍ന്നു പോയി .മുറിയിലെ ഏകാന്തതയില്‍ , ചില്ല് ജാലകത്തിലൂടെ  മഞ്ഞു പെയ്യുന്നത്  വെറുതെ നോക്കിയിരുന്നപ്പോള്‍  മനസ്സ് വല്ലാതെയായി . അവള്‍  !!!!!!!!!!! ഇന്നെനിക്കു  ഈ ഭൂമിയില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ നീയാണ് എന്ന് പറഞ്ഞവള്‍  .......... ഇന്നവള്‍ എവിടെയാണെന്ന് പോലും  എനിക്ക് വ്യക്തമായി  അറിയില്ല .
അതിനെയാണല്ലോ  ഇന്ത്യയിലെ ഹിന്ദുക്കള്‍  " കാലം " എന്ന് വിളിക്കുന്നത്‌ .  കാലാകാലത്തില്‍ എല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും പുത്രാ . ആകുലനാവാതെ  ശാന്തനാവൂ .........
 എന്‍റെ ഓര്‍മ്മകള്‍ വളരെ ശക്തമാണ് . ഒന്നും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണ്  എന്‍റെ  വിജയവും പരാജയവും . ഈ തണുപ്പില്‍ എന്‍റെ ഓര്‍മ്മകള്‍  ആറുമാനൂരിലേക്ക്  ചേക്കേറുകയാണ് .
 ആറുമാനൂര്‍!!!!!!!!!!!


ആറുമാനൂരിലെ ഒരു ക്രിസ്ത്യന്‍ ജെന്മി കുടുംബത്താണ് എന്‍റെ ജനനം . ജെന്മി എന്ന് പറഞ്ഞാല്‍ അസ്സല്  ജന്മി . ആറുമാനൂരില്‍ മാത്രം അറുനൂറ്റിയമ്പത് എക്കറാണ്  കൃഷി.
അതില്‍ ഇരുപത്തിയഞ്ച്  സെന്റ്‌ ഞങ്ങടെ  ബാക്കിയൊക്കെ നാട്ടുകാരുടെ .
" നുമ്മ" യിങ്ങനെ  പ്ലസ്‌ ടു ഒക്കെ കഴിഞ്ഞു ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ  " സല്‍മാന്‍ ഖാന്‍ " കളിച്ചു നടക്കുന്ന സമയം. മഹാഭാരതത്തിലെ  കര്‍ണന്‍ ആയിരുന്നു  റോള്‍ മോഡല്‍ . സത്യം മാത്രമേ പറയൂ .  ധര്‍മിഷ്ടനായിരിക്കുക പുത്രാ എന്ന് ഹിന്ദു തിയോളജി  അക്ഷരം പ്രതി പാലിക്കുന്ന  ഒരു   "ജന്മം".(പടു). പിന്നെ എന്‍റെ പപ്പയും  പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്  തോമാച്ച  എപ്പോഴും സത്യം പറയണം .  അങ്ങനെ ഒരു ഗ്രാമീണ മനുഷ്യന്‍റെ എല്ലാ വ്യക്തിത്തങ്ങളും  ഉള്ള ഒരു ചെക്കന്‍ .
അപ്പനോട് പാട്ടത്തിനെടുത്ത സ്ഥലത്ത് എത്തവാഴകൃഷി   ചെയ്യുന്നതായിരുന്നു  എന്‍റെ പേര്‍സണല്‍ ഇന്‍കം . എന്തായാലും  ജീവിതം ഞാന്‍ ആസ്വദിച്ചിരുന്നു   അന്നൊക്കെ .


കോളേജില്‍ പോകുന്ന വഴിയില്‍ വെച്ചാണ് അവളെ ഞാന്‍ ആദ്യം  കണ്ടത് . പിന്നെ എങ്ങനെയൊക്കെയോ വലിയ സുഹൃത്തുക്കള്‍ ആയി .  അവള്‍ വളരെ നല്ലവള്‍ ആയിരുന്നു .  എന്നോട് കലപില കലപിലാന്നു വര്‍ത്തമാനം പറയുമായിരുന്നു .  എന്‍റെ ഏരിയയിലെ  ആസ്ഥാന " കത്തി" യായിരുന്ന   എന്നെ കറിവെപ്പിലയാക്കുന്ന   പെര്‍ഫോമന്‍സ് ആയിരുന്നു അവളുടേത്‌ . അവളോട്‌ എനിക്ക് തോന്നിയ ഏറ്റവും വലിയ ബഹുമാനം , ഒരിക്കല്‍ പോലും അവളെന്‍റെ  നൂറ്റമ്പതു രൂപയുടെ  ഷര്‍ട്ടിനേയോ  പാരഗണ്‍ റബ്ബര്‍ ചെരുപ്പിനെയോ അപമാനിച്ചിട്ടില്ല  എന്നതായിരുന്നു . എന്‍റെ സാമിപ്യം അവള്‍ ഇഷ്ടപ്പെട്ടിരുന്നു .
ഒരിക്കല്‍ അവള്‍ എന്നെ അവളുടെ വല്യപ്പച്ചന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയപ്പോള്‍ , എന്നേ കൂട്ടി കൊണ്ട് പോയി .  തൊണ്ണൂറു വയസു കഴിഞ്ഞ  ഒരു മാതിരി എല്ലാ അസുഖങ്ങളുമുള്ള വല്യപ്പച്ചനെ കാണുന്നത്  ,പുണ്യമാണ് എന്ന "ഭാവത്തില്‍"   ഞാനും   പോയി.  മേലാതെ കിടന്ന അപ്പച്ചനോട് അവള്‍ പറഞ്ഞു, അപ്പച്ചാ , ഇത് പ്രദീപ്‌. അപ്പച്ചനെ കാണാന്‍ വന്നതാ. തൊണ്ണൂറു വയസു കഴിഞ്ഞ  , അനങ്ങാന്‍ വയ്യാതെ തളര്‍ന്നു കിടന്ന  അപ്പച്ചന്‍  തല പൊക്കി  എന്നേ ഒന്ന് നോക്കി  എന്നിട്ട് ഒരു ഡയലോഗ്,
 നീ എന്നേ കാണാന്‍ തന്നെ വന്നതാണോ ????  !!!!!!!!!!!
എന്‍റെ  വല്യപ്പച്ചോ !!!!!!!
നീങ്ങ ഒരു "എക്സ്പീരിയന്‍സ്ഡ് " വല്യപ്പച്ചന്‍ തന്നെ .
അന്നവള്‍ വല്യപ്പച്ചനു കഞ്ഞി കോരി കൊടുക്കുന്നത് ഞാന്‍ കണ്ടു . സ്നേഹപൂര്‍വ്വം  കവിള്‍ തുടച്ചു കൊടുക്കുന്നത് ഞാന്‍ കണ്ടു .  ആശുപത്രി തറയില്‍ പോയ  ചോറ്  അവള്‍  കയി കൊണ്ട്   പെറുക്കിയെടുത്ത്  കളയുന്നത് ഞാന്‍ കണ്ടു .
ജീവിതത്തില്‍ അന്നാദ്യമായി തോമസ്‌ ഒരു പെണ്ണിനെ സ്നേഹിച്ചു തുടങ്ങിയെന്നു  ആരോ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു !!!!!
അവളോട്‌ പറയാനുള്ള   ധൈര്യക്കൂടുതല്‍ കൊണ്ട് പറഞ്ഞില്ല   .


തുളുമ്പിയൊഴുകിയ  കണ്ണുകളുമായി ഒരിക്കല്‍ എന്‍റെ അടുത്തു വന്ന അവളെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു . ( അല്ല, മറക്കാന്‍ കഴിയുന്നില്ല ).ഒരു നാല് മണി മഴയത്ത്  !!!   അന്ന്   അവള്‍ എന്നോട് ചോദിച്ചു , ഞാന്‍ ഇവിടെ വരുന്നത് നിന്നേ കാണാന്‍ വേണ്ടിയാണ് എന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു  , നിനക്കങ്ങനെ തോന്നിയോ ?? പറഞ്ഞു തീര്‍ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല  , വിതുമ്പി പോയി .
 കരയുന്ന ഒരു സ്ത്രീയുടെ മുന്‍പില്‍ പുരുഷ ഹൃദയം ആര്‍ദ്രമാകും എന്ന് " ഭാരതീയ മന്ശാസ്ത്രത്തിനു  ആമുഖം " എന്ന പുസ്തകത്തില്‍ ഭാരതീയ തത്വ ചിന്തകനും psychologist  മായ  ഗുരു നിത്യചൈതന്യയതി പറയുന്നുണ്ട് .എന്നിലെ കര്‍ണന്‍ ഉണര്‍ന്നു . കരഞ്ഞു കൊണ്ട് നിന്ന അവളോട്‌ സുരഷ് ഗോപി  സ്റ്റൈലില്‍  മൂന്നാല് ഡയലോഗ്  . നിന്‍റെ കാര്യം അങ്ങനെയാണോ എന്നെനിക്കറിയില്ല  ,പക്ഷെ ഞാന്‍ വരുന്നത് നിന്നേ കാണാന്‍ ആണ് .   പുലിവാല്‍ കല്യാണം സിനിമയില്‍ സലിം കുമാര്‍ പറയുന്നത് പോലെ  , കേരളമറിയാത്ത സത്യം ഇന്ത്യയറിയാത്ത  സത്യം  -  അങ്ങനെ ആ സത്യം   വിളിച്ചു കൂവി .
മറുപടിക്ക് അധികം  കാത്തു നില്‍ക്കേണ്ടി വന്നില്ല . ഇനി നമ്മള്‍ തമ്മില്‍ കാണില്ല  എന്ന് പറഞ്ഞവള്‍ പോയി    .........


പിന്നീടാണ് ഞാന്‍ അറിഞ്ഞത്  അവള്‍ ജര്‍മനിയില്‍ ജനിച്ചു വളര്‍ന്ന  കുട്ടിയാരുന്നു . ഇന്ത്യയില്‍ ഗ്രാജുവേഷന്‍ എടുത്തിട്ടു  , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്‌മന്റ്‌  `ഇല്‍  പഠിക്കാന്‍ ലക്ഷ്യമിട്ട് വന്ന  " ഒരു സാദാരണ "  പെണ്‍കുട്ടിയായിരുന്നു  എന്നൊക്കെ. സത്യമായിട്ടും  അവള്‍ ഇതൊക്കെ എന്നോട് മറച്ചു വെച്ചത്എന്തിനാണെന്ന്  പോലും എനിക്കറിയില്ല . പറഞ്ഞിരുന്നുവെങ്കില്‍   ഞാന്‍ അവള്‍ക്ക് "ആപ്ലിക്കേഷന്‍"  കൊടുക്കില്ലായിരുന്നുവെന്നല്ല  ഇച്ചിരി കൂടി  "പ്ലാന്ട്" ആയി കൊടുത്തേനെ .അധികം താമസിക്കാതെ തന്നെ , അവള്‍ ഇവിടുത്തെ പഠിത്തം നിര്‍ത്തി  ജര്‍മനിക്ക് തിരിച്ചു പോകുന്നുവെന്ന  സന്തോഷ വാര്‍ത്ത  കേട്ടു.
"സന്തോഷം" സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കല്‍ കൂടി അവളെ പോയി കണ്ടു . എന്‍റെ ഹൃദയം  പറിച്ചെടുത്തു   അവളുടെ കൈക്കുമ്പിളില്‍ വെച്ചു കൊടുത്തു. (കിടക്കട്ടെ  ഒരു എം .ടി വാസുദേവന്‍ നായര്‍ സ്റ്റൈല്‍ ) .
അന്നാദ്യമായി  അവളുടെ   കറുത്തു നീണ്ട കണ്ണുകള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു .  അവള്‍ എന്‍റെ  പിടക്കുന്ന ഹൃദയം നോക്കി പറഞ്ഞു ,  hii I know this flower  but i forgot the name ,
ഇതല്ലേ  ഈ നാട്ടിലെ  ഹിന്ദൂസി ന്‍റെ  ടെംപിളിലെ  priest ഒക്കെ ചെവിയില്‍ വെക്കുന്ന ഫ്ലവര്‍ . എന്താ ഇതിന്‍റെ പേര് . ohh got it ,  ചെമ്പ"റ"ത്തി  പൂവ് .
എന്‍റെ മുന്നില്‍ നിന്ന്  അമ്മ പടിപ്പിച്ചതാണെന്ന് പറഞ്ഞു നല്ല ശുദ്ധ മലയാളത്തില്‍ കവിത ചൊല്ലിയവള്‍ , ആദ്യമായി  "മദാമ്മ"യായി .
സന്ധ്യക്ക്‌ , ഉറ്റസുഹൃത്തിന്‍റെ  മുന്‍പില്‍   കര്‍ണന്റെ  പിതാവായ  സൂര്യനെ  സാക്ഷി നിര്‍ത്തി  തല കുനിച്ചിരുന്നപ്പോള്‍  അയാള്‍ എന്‍റെ തോളില്‍ തൊട്ടു കൊണ്ട് ചോദിച്ചു , എടാ പ്രദീ പ്‌  കുട്ടി  നീ  കേട്ടിട്ടുണ്ടോ  പിച്ചക്കാരന്‍  രാജകുമാരിയെ പ്രണയിച്ച കഥ .  ??


പോടാ തെണ്ടീന്നു നീട്ടി വിളിക്കണം എന്നുണ്ടായിരുന്നു  പക്ഷെ വിളിച്ചില്ല .  (കാരണം  ജീവിതത്തില്‍ എന്നേ "നടക്കാന്‍ " പഠിപ്പിച്ചത് അയാളാണ് ).
കര്‍ണന്റെ ആരാധകനായിരുന്ന ഞാന്‍ , കര്‍ണന്റെ  കവച കുണ്ഡലങ്ങള്‍ പോലെ ഞാന്‍ ധരിച്ചിരുന്ന  പാരഗണ്‍ ചെരുപ്പിനെയും  നൂറ്റമ്പതു രൂപയുടെ  ഷര്‍ട്ടിനെയും ആദ്യമായി പുച്ഛത്തോടെ നോക്കി . ഇന്‍ഫീരിയോരിറ്റി  "കോമ്പ്ലാന്‍"  വയറു നിറച്ചു കുടിച്ച ഒരു കാലം .ആ പോട്ട്,  പോയത് പോയി , കുണുക്കിട്ടവള്‍ പോയാല്‍  കൊലുസിട്ടവള്‍ വരും എന്നാണല്ലോ പഴഞ്ചൊല്ല് .
     എങ്കിലും  ചന്ദ്രോത്സവം സിനിമയില്‍   വില്ലനായ  കളത്തില്‍ രാമനുണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,
മറക്കാന്‍ എനിക്ക് കഴിയുന്നില്ല കരുണേട്ടാ  !!!!!!!!! അതു പോലെ ഓര്‍മയുടെ  അസ്കിതകള്‍  എന്നേ അലോസരപ്പെടുത്തുന്നു .

സ്ഫടികം സിനിമയില്‍  ആട് തോമ പറയുന്നില്ലേ , എന്നെങ്കിലും തിരിച്ചു വരുമ്പോള്‍  ബാലുവിന്‍റെ കയില്‍ കൊടുക്കാന്‍ ഒരു മുത്തം കരുതി വെച്ചിരുന്നുവെന്നു.
അതു പോലെ എനിക്കും ഒന്ന്  മാപ്പ് പറയണം എന്നുണ്ട്  അവളോട്‌ . ഒരു നിമിഷമെങ്കിലും എന്നേ ഓര്‍ത്ത്‌ അവള്‍  വേദനിച്ചത്‌ കൊണ്ട് .
ഒരിക്കല്‍ ഞാന്‍ അതു ചെയ്യും . വേണ്ടി വന്നാല്‍ ഇവിടെ നിന്ന് ജര്‍മനിക്ക് പോകാനും ഞാന്‍ തയാറാണ് .
ചെന്നിട്ടു  കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി പറയുന്ന പോലെ ,
 ഫാ ! ചൂലേ !!!!!!!!!!!!!
 നീ ആരാന്നാ നിന്‍റെ വിചാരം ?? എടീ , ഞാന്‍ കര്‍ണന്‍ കളിച്ചു ഒരു മണ്ടനായി  പോയി. അര്‍ജുനന്‍ ആരുന്നെങ്കില്‍ ഒണ്ടല്ലോ  , നീയെന്‍റെ കയീ കെടന്നു പെടച്ചേനെ !! പെട പെടച്ചേനെ !!!!!!!!!!!!
എന്ത് കണ്ടിട്ടാടീ  ഞാന്‍ നിന്നെ മോഹിച്ചെന്ന് പറയുന്നത് ?? . നിനക്ക് എന്ത് ഒലക്കയാ  അന്നുണ്ടായിരുന്നത്‌ ?  നീ ജര്‍മനീന്നു  എഴുന്നള്ളിയ മദാമ്മയാണെന്നതു  പോലും നീ മറച്ചു വെച്ചിരുന്നു .......... ആകെ പാടെ  കോലേല്‍ തുണി ചുറ്റിയ പോലെ ഒരു രൂപം .  നിന്നേ മോഹിക്കാന്‍  അറ്റ്ലീസ്റ്റ്   കൊള്ളാവുന്ന രണ്ടു "മില്‍മ" എങ്കിലും നിനക്കൊണ്ടായിരുന്നോ ?? .......  മീനമാസത്തില്‍ തമിഴ് നാട്ടില്‍ നിന്ന് വരുന്ന പാണ്ടി നെല്ലിക്കയ്ക്ക്  പോലും അതിനേക്കാള്‍ വലുപ്പം  ഒണ്ടാരുന്നു..  ..ചൂലേ !!!!!!!
 തള്ളേ!!!!! കലിപ്പ് തീരണില്ലല്ലാ.


വേണ്ട ഞാന്‍ അധികം എഴുതുന്നില്ല . ആട് തോമ പറയുന്ന പോലെ  , തോമാ ഇന്ന് മുതല്‍ ക്ഷമിക്കാന്‍  പഠിക്കുവാ ....
ഇന്ന് ഈ ഇംഗ്ലണ്ട് ഇല്‍  വന്നിറങ്ങിയിട്ട്‌  ഏകദേശം ഒന്നര കൊല്ലം കഴിഞ്ഞു .   ഇത് എന്‍റെ ലോകമാണ് , എന്‍റെ മാത്രം ലോകം !!!!! കൈയില്‍ ഇഷ്ടം പോലെ പണം, സ്വാതന്ത്ര്യം . എന്തിനും എനിക്ക് ഈ നാട്ടില്‍ സ്വാതന്ത്ര്യം ഉണ്ട് .  പണ്ട് , ഈ നാട്ടില്‍ താമസിച്ചിരുന്ന  എന്‍റെ  അച്ചാച്ചന്‍ അദ്ദേഹത്തിന്‍റെ  സുഹൃത്തുക്കള്‍ വഴി എനിക്ക് നേരെ നീട്ടി പിടിച്ചിരിക്കുന്ന സദാചാരത്തിന്‍റെ  " റഡാറുകള്‍ " വളരെ ദുര്‍ബലമാണ് . എനിക്ക് നിസ്സാരമായി  അതിന്‍റെ പരിധിയില്‍ നിന്ന്  രക്ഷപെടാം ...


പക്ഷെ  എന്നും ഞാന്‍ അതിന്‍റെ പരിധിക്കുള്ളില്‍ തന്നെ നില്‍ക്കും , അതിനു കാരണം എന്‍റെ ഉള്ളില്‍ ഉറച്ചു പോയ  ആ കര്‍ണന്‍ ആണ് . പിന്നെ ഇന്ത്യയിലെ ഹിന്ദു തത്വ ശാസ്ത്രം കം തിയോളജി  ചോദിക്കുന്നത് പോലെ  " പുഴുവെടുത്തു പോകുന്ന സ്ത്രീ ശരീരത്തോട്  നിനക്കെന്താണ് പുത്രാ ഇത്ര ആര്‍ത്തി ??"കോപ്പിലെ ഈ പുസ്തകം വായിച്ചത്  ഈ മദാമ്മ മാരുടെ നാട്ടിലേക്ക് വരുന്നതിനു തൊട്ടു മുന്‍പാണ് .  ആ പുസ്തകം വായിച്ചില്ലായിരുന്നു വെങ്കില്‍ ..... ഹും  വായിച്ചു പോയില്ലേ  ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ .വായിച്ചില്ലായിരുന്നെങ്കില്‍  , കാലങ്ങള്‍ക്ക് ശേഷം , എന്‍റെ ഇംഗ്ലീഷ് ജീവിതത്തെ  അടിസ്ഥാനമാക്കി  ഞാന്‍ ഒരു ആത്മകഥയെഴുതിയേനെ  " വെടിപ്പുരക്ക് തീ പിടിച്ചപ്പോള്‍ .........."