Thursday, 25 March 2010

ആ മദാമ്മ കൊച്ചും പിന്നെ ഞാനും .....
ഞാനൊരിക്കല്‍ എഴുതിയില്ലേ ഈ പ്രവാസ ജീവിതത്തിലെ മടുപ്പ് കാരണം ഒരു കോഴ്സ് പഠിക്കാന്‍ പോകുന്നുവെന്ന്.ആ ക്ലാസ് തുടങ്ങി. ഒരു ഇടിവെട്ട് കോഴ്സ് ഞാന്‍ ബികോമിന് പഠിച്ചത് മുഴുവന്‍ ഇതിന്‍റെ ഒരു ചാപ്റ്റര്‍ മാത്രമേ ആകുന്നുള്ളൂ.പഠിക്കാന്‍ വേണ്ടി അതിനു മുന്‍പില്‍ ഇരുന്നിട്ട് ആകപ്പാടെ ഒരു "പൊകമയം".
കടലുപോലെയുണ്ട് പഠിക്കാന്‍.ഞാനാണെങ്കില്‍,കവള മടലുകൊണ്ട് കെട്ടുവള്ളം തുഴയുന്നത് പോലെ അതിനു മുന്നില്‍ കിടന്നു തിത്തൈ വെക്കുവാണ്.ഒരു പിടിയും കിട്ടുന്നില്ല. ഈ തണുത്ത ഇംഗ്ലണ്ടിലെ ഏകാന്തത എന്ന മനസമാധാനക്കേട്‌ തീര്‍ക്കാന്‍ വേണ്ടി തുടങ്ങിയ പഠിത്തമാണ്.അതിപ്പോള്‍ മനസമാധാനക്കേടിനു പുതിയ ഒരു കാരണം കൂടിയായി.
ക്ലാസില്‍ പോകുന്നതിനു മുന്‍പ് വീട്ടില്‍ വിളിച്ചു എല്ലാവരോടും പറയുവേം ചെയ്തു.പഠിക്കാന്‍ പോകുവാന്ന്‍.ഇല്ലാരുന്നെങ്കില്‍ ഫസ്റ്റ് ഇന്‍സ്ടാള്‍മെന്റില്‍ അടച്ച ഫീസ്‌ പോട്ടെന്നു വെച്ചു മുങ്ങാരുന്നു.പിന്നെ ഈ കോഴ്സ് പഠിക്കാനുള്ള ഏക പ്രചോദനം, ജയിച്ചാല്‍ നാട്ടില്‍ പോയി നമ്മടെ എവെര്‍ഗ്രീന്‍ ഡ്രീം ആയ "പത്തു ലക്ഷോം മാരുതിക്കാറും" മേടിക്കാം എന്നുള്ളത് മാത്രമാണ്.നാട്ടിലുള്ള കൊള്ളാവുന്ന പെണ്‍പിള്ളേര് മുഴുവന്‍ ഇപ്പോള്‍ പത്താം ക്ലാസുമുതലേ എന്‍ഗേജ്ഡ് ആണെന്നാണ്‌ ഒരു കൂട്ടുകാരന്‍ വക്കീല്‍ പറഞ്ഞത്.ദൈവമേ,നമ്മള് ഈ ഇടിവെട്ട് കോഴ്സ് ഒക്കെ പഠിച്ചു (ഒറക്കളച്ച്) ജയിച്ചു വരുമ്പോള്‍ മരുന്നിനെങ്കിലും ഒരു "പെടക്കൊഴിയേ" അവിടെ നിര്‍ത്തിയേക്കണേ !!!!!!!!!!!!!!!!!!!!!!!! (പത്തു ലക്ഷത്തിലും മാരുതി കാറിലും ഒക്കെ ഇച്ചിരി വിട്ടു വീഴ്ച ചെയ്തേക്കാം- മാരുതിക്കാറില്ലെങ്കിലും കുഴപ്പമില്ല.)

ഈ ഇംഗ്ലീഷ് ജീവിതം എന്നേ ഒത്തിരി ചിന്തിപ്പിക്കുന്നുണ്ട്‌.എങ്ങനെയാണ് ഈ നാട്ടില്‍ വന്നതെന്നും,എങ്ങനെയാണ് ഈ കോഴ്സിനു അഡ്മിഷന്‍ കിട്ടിയതെന്നുമൊക്കെ എനിക്കറിയാന്‍ വയ്യ. പഠിക്കാന്‍ പോകണമെന്ന് പറഞ്ഞപ്പോഴേ ജി.എം സമ്മതിക്കുകയും ചെയ്തു. ഈ കുരിശു എങ്ങനേലും ഇവിടുന്നൊന്ന് പോയാ മതീന്നേ ഉള്ളോ വാ കമ്പനിക്ക്‌. എനിവേ, അഞ്ചു ദിവസം ജോലി ഒരു ദിവസം പഠനം. എങ്ങനെയിതൊക്കെ നടക്കുന്നു എന്ന് ചോദിച്ചു കഴിഞ്ഞാല്‍, നമ്മടെ പഴയ ഇന്ത്യന്‍ തിയോളജിയിലേക്ക് പോകേണ്ടി വരും.
എല്ലാം കാലമാണ് പുത്രാ. കാലാകാലങ്ങളില്‍ ഇതെല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും.
ഇനിയെന്‍റെ ക്ലാസിനെ കുറിച്ചു പറഞ്ഞാല്‍ ,ഒറ്റവാക്കില്‍ - ഒരു സംഭവം തന്നെ.
ഇരുപത്തേഴു വെള്ളക്കാരോടൊപ്പമിരുന്നാണ് പഠിക്കുന്നത്.ഒരു കറമ്പന്‍.ഒരു ബിര്‍മിന്‍ഹാം ബോണ്‍ ഇന്ത്യന്‍ വംശജന്‍.പിന്നെ ഞാനും.
ഇവിടെ പഠിക്കുന്ന ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തിന്‍റെ ക്ലാസിലും എന്റെ കസിന്‍റെ ക്ലാസ്സിലും ഒറ്റ വെള്ളക്കാര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.
ക്ലാസില്‍ ചെന്നതും ഏറ്റവും പുറകില്‍ അവസാനത്തെ മൂലയില്‍ പോയി "ഒളിക്കാന്‍" വേണ്ടി ചെന്നതും അവിടെ ഒരു വെള്ളക്കാരി ഇരിപ്പുണ്ട്.ഇപ്പറത്തെ വശത്തെ മൂലയില്‍ ആ കറമ്പന്‍ പണ്ടേ സീറ്റ് പിടിച്ചു. പിന്നെ ആ വെള്ളക്കാരിയുടെ അടുത്ത സീറ്റില്‍ ഇരുന്നു. മൂലയില്‍ പോയി ഇരിക്കാന്‍ ശ്രമിച്ചത്,മിസ്സിന്‍റെ ഏതെങ്കിലും തരത്തിലുള്ള ചോദ്യത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാരുന്നു. വന്നിട്ട് ഒന്നര കൊല്ലമായെങ്കിലും എന്‍റെ ഇംഗ്ലീഷ് ഇപ്പോഴും അക്കരക്കാഴ്ചയിലെ ജോര്‍ജ് കുട്ടിച്ചായന്റെ നിലവാരമേ ഉള്ളു. ക്ലാസ് തുടങ്ങാന്‍ ഇനിയും അര മണിക്കൂര്‍ ഉണ്ട്. വലിയ കോഴ്സ് ആണ്. സമയം ഫലപ്രദമായി ഉപയോഗിക്കണമല്ലോ.ആദ്യത്തെ ആ അങ്കലാപ്പ് കഴിഞ്ഞതും നുമ്മ "വര്‍ക്ക്‌" തുടങ്ങി.ആദ്യം അടുത്തിരുന്ന മദാമ്മ കൊച്ചിന് ഒരു "സ്മൈല്‍" കൊടുത്തു. ആശ്വാസമായി , തിരിച്ചും കിട്ടി. പിന്നെ നമ്മള്‍ കാര്യത്തിലേക്ക് കടന്നു. കാര്യമായി പരിചയപ്പെടാന്‍ തുടങ്ങി. ആദ്യം പേര് ചോദിച്ചു.അവള്‍ എന്തോ പറഞ്ഞു. മനസ്സിലായില്ല എങ്കില്‍ നമ്മള്‍ സോറി എന്ന് പറയുമല്ലോ. അപ്പോള്‍ അവര്‍ വീണ്ടും പറയും. ഞാന്‍ അങ്ങനെ ഒരു മൂന്നു പ്രാവശ്യം പറഞ്ഞു. എന്നിട്ടും മനസിലായില്ല. ഞാന്‍ പറഞ്ഞു ഓ,ഓക്കേ ഒകെ. ഇല്ലെങ്കില്‍ അവള് വിചാരിക്കും ഞാന്‍ പൊട്ടനാണെന്നു. പിന്നെ ലഞ്ച് ബ്രേക്കില്‍ അവളുടെ ബുക്കില്‍ നോക്കി. പേര് ,ജൂഡിത്ത്.
അവള് ഫ്രഞ്ച് കാരിയാണ്.എന്നേ പോലെ തന്നെ "സ്റ്റൈലന്‍" ഇംഗ്ലീഷ് ആയതു കൊണ്ടാണ് മൂലയില്‍ വന്നിരുന്നത്. എന്തായാലും അവളെ കണ്ടത് ഒരു ആശ്വാസമായി. അന്നത്തെ ദിവസം പെന്‍സില്‍,മാര്‍ക്കര്‍,കാല്‍കുലേറ്റര്‍ ആദിയായവയെല്ലാം  അവളുടെ കയില്‍ നിന്ന് വാങ്ങി,ഞാനൊരു ശരിയായ ഇന്ത്യക്കാരനാണെന്ന് തെളിയിച്ചു.
  എന്തായാലും ഇന്നവളാണ് ഇംഗ്ലണ്ടിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട്.
ഈ നിമിഷം ഞാനോര്‍ക്കുന്നു എന്‍റെ ബാല്യ യൌവന കാലം. വെനുസ്വലന്‍ പ്രസിഡണ്ട് ഷാവേസിനെ ആരാധിച്ചിരുന്ന കാലം. കോട്ടയം അങ്ങാടീക്കൂടെ തെണ്ടി തിരിഞ്ഞു നടന്ന കാലം.ചന്തക്കവലയിലെ മതിലേല്‍ ഒട്ടിച്ചു വെച്ച കിന്നാരത്തുമ്പികളുടെ പോസ്ടറിന്റെ ചുവട്ടില്‍ പോയി നിന്ന് മുകളിലേക്ക് നോക്കി, അറിവില്ലാ കുഞ്ഞുങ്ങളേ രാഗം,താളം,പല്ലവി പഠിപ്പിച്ച, കുഞ്ഞുങ്ങളുടെ സ്വന്തം " കുഞ്ഞാന്റിക്കാണോ" ടാറ്റാ സുമോയ്ക്കാണോ "വീല്‍ബേസ്" കൂടുതല്‍ എന്ന് ചിന്തിച്ചിരുന്ന കാലം. ആഫ്ടെര്‍ എഫെക്റ്റ്, ഇറാന്‍ പ്രസിഡന്റ്‌ അഹമ്മനിജ്ജാദിനേക്കുറിച്ചും ഓന്‍റെ "ഭൂഖണ്ടാന്തര ബാലിസ്ടിക് മിസൈലുകളെ" കുറിച്ചും ഗവേഷണം നടത്തി നടന്ന കാലം.
എല്ലാം കാലമാണ്. !!!!!!!!
ഒരാള്‍ മാത്രം സിനിമയില്‍ ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ പറയുന്നപോലെ തെണ്ടി തിരിഞ്ഞു നടന്ന ഞാന്‍ ഇംഗ്ലണ്ടില്‍ വന്നു. കൂട്ടുകാരിയായി ഒരു ഫ്രഞ്ച് പെണ്ണിനേയും കിട്ടി. അവള്‍ ഇവിടെ പഠിക്കാന്‍ വേണ്ടി വന്നതാണ്. എനിക്ക് അവധിയുള്ളപ്പോഴോക്കെ അവളുടെ കൂടെ കറങ്ങാന്‍ പോകും. അവളെന്നോട് മുറി ഇംഗ്ലീഷില്‍ കലപിലാന്നു വര്‍ത്താനം പറയും. കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവള്‍ നല്ലവളുമാണ്. പണ്ട് പഠിച്ച ഇന്ത്യന്‍ തിയോളജിയുടെ ബലത്തില്‍ അവളില്‍ നിന്നും ഒരു അകലം പാലിച്ചാണ് ഞാന്‍ കൂട്ട് കൂടുന്നത്.ചട്ടിയും കലവുമൊക്കെയല്ലേ???
ഇനിയൊരു അങ്കത്തിനുള്ള ബാല്യം എന്നിലില്ല.ആരെയും സ്നേഹിച്ചു മണ്ടനാകാന്‍ ഞാന്‍ തയാറുമല്ല. അതുകൊണ്ട് മാത്രമല്ല നാട്ടില്‍ അമ്മ എനിക്ക് വേണ്ടി കല്യാണമാലോചിക്കുന്നുണ്ട്.ഇനിയെങ്കിലും നാട്ടുകാരെ കാണിക്കാന്‍ വേണ്ടി കപട സദാചാര വാദിയാകണ്ടേ? ഹ ഹ ഹ .
കല്യാണത്തെ കുറിച്ചു പറഞ്ഞപ്പോഴാ എന്നേ പഠിപ്പിച്ച സാറ് പറഞ്ഞ ഒരു കഥയോര്‍ത്തത്.കല്യാണം കഴിക്കുന്നതിനു വേണ്ടി കല്യാണ പരസ്യങ്ങള്‍ അരിച്ചു പെറുക്കുന്നതിനിടയിലാണ് അദ്ദേഹം ആ പരസ്യം കണ്ടത്.
കുവൈറ്റിലുള്ള നേഴ്സ്.ഇരുപത്തി നാല് വയസ്.സുന്ദരി.ഡിമാണ്ട് ഒന്നുമില്ല.
അച്ചടി പിശക് കാരണം "കുവൈറ്റിലുള്ള നേഴ്സ് ന്‍റെ "കു" മാഞ്ഞു പോയി.
അവസാനം നമ്മടെ വിധിയും ഇതുപോലെയൊക്കെ ആകുമോ വാ ആര്‍ക്കറിയാം.
ഇന്ന് ഈ ഇംഗ്ലീഷ് ജീവിതം അത്ര ബോറടിയല്ല. ഇതുമായി പൊരുത്തപ്പെട്ടു വരുന്നു.ജൂഡിത്തുമായുള്ള കറക്കമാണ് ഏറ്റവും രസകരം.എന്‍റെ കത്തി കേള്‍ക്കാന്‍ ഒരാളെ കിട്ടിയതില്‍ ഞാന്‍ സന്തോഷവാനാണ്.എന്‍റെ നാടിനേ കുറിച്ചും വീടിനേ കുറിച്ചും കൂട്ടുകാരെ കുറിച്ചുമൊക്കെ ഞാന്‍ അവളോട്‌ പറയാറുണ്ട്‌.വെറുതെ അതെല്ലാം അവള്‍ കേട്ടിരിക്കും. എന്‍റെ കഥകളില്‍ മാത്രം അവള്‍ കേട്ടിട്ടുള്ള പുഴയുടെ തീരത്തുള്ള എന്‍റെ ഗ്രാമം ആറുമാനൂര്‍, ഫ്രാന്‍സിലെ ഏതോ ഗ്രാമം പോലെ അവള്‍ക്കു സുപരിചിതമാണിപ്പോള്‍.
എന്‍റെ കഥകളില്‍ പലപ്പോഴും പഴയ കഥാനായിക "ജര്‍മന്‍കാരി" (ഇംഗ്ലണ്ടിലെ അപ്പൂപ്പന്‍ താടികള്‍ എന്ന എന്‍റെ പഴയ പോസ്റ്റിലെ നായിക) വരുമ്പോള്‍ അവള്‍ ഇഷ്ടക്കേടോട് കൂടി മുഖം കറുപ്പിക്കും. അത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരിക.
ഒരിക്കല്‍ അവളെന്നോട് ചോദിച്ചു ഞാന്‍ വരട്ടേ നിന്‍റെ നാട്ടിലേക്ക്??? നിന്‍റെ കൂടെ .....
ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ വയസ് കാലത്ത് അപ്പനേം അമ്മയേയും "സ്പോക്കണ്‍ ഫ്രഞ്ച്" പഠിപ്പിക്കാന്‍ പറ്റുവോ ?
കോട്ടയത്താണെങ്കില്‍  അതിനൊള്ള ക്ലാസ്സുകളുമില്ല.

ഇന്നലെ പാതിരാവില്‍ ഈ ബിര്‍മിന്‍ഹാമിലെ എഡ്ജ്ബാസ്റ്റന്‍ തടാകക്കരയിലെ ചാര് ബെഞ്ചില്‍ അവളുടെ മടിയില്‍ തലവെച്ചു, ചിമ്മിത്തെളിയുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു,എന്‍റെ നാട്ടിലേക്ക്, പറന്നു പോകുന്ന വിമാനങ്ങളെ നോക്കി കിടന്നപ്പോള്‍, അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു പോയി.
james , you are strange.totally strange ...........
എന്തിനാടാ കഴു"&&"(")")) മോനെ കരയുന്നേ ??????

കഥയറിയാതാടുന്ന കുമ്മാട്ടിക്കളികളുടെ ഈ രാപ്പകലുകളില്‍ കഴിഞ്ഞതൊന്നും എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ഒന്നും. നടന്നു വന്ന വഴികളിലെ തെറ്റും ശരികളുമൊക്കെ എന്നേ വല്ലാതെ ചിന്തിപ്പിക്കുന്നു.
മനസ് കൈവിടാന്‍ തുടങ്ങിയപ്പോള്‍ അവളോട്‌ ശുഭ രാത്രി പറഞ്ഞു ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു. മനസ്സ് മുഴുവന്‍ പഴയ കാര്യങ്ങളാണ്. ഭയങ്കര ദൈവ വിശ്വാസിയായി നടന്ന കൗമാര കാലവും, അക്കാലത്ത് സ്നേഹിച്ച പഴയ ജര്‍മന്‍കാരി പെണ്‍കുട്ടിയുമൊക്കെ. ഈ ഭൂമിയില്‍ ആരോടും കള്ളം പറയില്ല എന്ന് ഉറച്ചു നടന്നിരുന്ന കാലം. സത്യസന്ധനായാല്‍ സ്വര്‍ഗരാജ്യം കിട്ടും എന്നൊക്കെ വിശ്വസിച്ചിരുന്ന കാലം. ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് ദൈവത്തെയാണ്. ആ ദൈവത്തിന്‍റെ സന്നിധിയില്‍ വെച്ചാണ് അവളെ അവസാനമായി ഞാന്‍ കണ്ടതും. മനസ്സില്‍ മറച്ചു പിടിച്ചിരിക്കുന്ന ഇഷ്ടം, ഇനിയും കൂട്ടുകാരിയോട് പറഞ്ഞില്ലെങ്കില്‍ ദൈവത്തിനു മുന്‍പില്‍ തെറ്റ് കാരനാവും എന്ന് വിചാരിച്ച നിമിഷങ്ങള്‍.എന്തൊക്കെ സംഭവിച്ചാലും സ്വര്‍ഗരാജ്യത്തിന്‍റെ വാതില്‍ എനിക്ക് നേരെ അടക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന ഉറച്ച തീരുമാനം!!!!!!!!!!!!!!!. ദൈവത്തിന്‍റെ മുന്നില്‍,പള്ളിമുറ്റത്ത് വെച്ചു ഉറ്റകൂട്ടുകാരിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞ നിമിഷം .............. മറുപടിയായി അവള്‍ പറഞ്ഞ "തിരുവചനങ്ങള്‍", കോട്ടയത്തെ "സ്ട്രീറ്റ്" മോട്ടര്‍ മറിയയുടെ നിലവാരത്തില്‍, കതിനാ പോട്ടുന്നപോലെയാണ് ചെവിയില്‍ മുഴങ്ങുന്നത്.(ഇപ്പോഴും).
കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ വയനാട്ടില്‍ തോറ്റ മുരളീധരന്റെ ഫോടോ പിറ്റേ ദിവസം മാത്തുക്കുട്ടിച്ചായന്റെ പത്രം പ്രസിദ്ധീകരിച്ചത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? താടിക്ക് കായും കൊടുത്ത്, അയ്യോ ദേ പോയേ !!! എന്ന ഭാവത്തില്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന ഒരു ഫോടോ. അന്ന് തന്നെ, തോറ്റ റാം വിലാസ് പാസ്വന്റെയും ഫോടോ കൊടുത്തിരുന്നു. ചൂട്  ഉണ്ട  വിഴുങ്ങിയ പോലെ നില്‍ക്കുന്ന ഒരു ഭാവം. അത് പോലെ ഏതാണ്ട് ഒരു ഭാവവുമായാണ് അന്ന് ഞാന്‍ വീട്ടില്‍ വന്നു കയറിയത്.
ദൈവമേ സത്യസന്തനായിട്ടും എവിടെയാണ് ഞാന്‍ തോറ്റത്???
മുറിയടച്ചു, ധ്യാനിച്ചു നിന്ന നിമിഷങ്ങള്‍.... ദൈവമേ എനിക്കുത്തരം തരൂ എന്ന് വേദനയോടെ പ്രാര്‍ഥിച്ച  നിമിഷങ്ങള്‍ ..... ഉത്തരത്തിനായി എന്നും ചെയ്യുന്ന പോലെ പ്രാര്‍ഥിച്ച് കൊണ്ട് ബൈബിള്‍ തുറന്നു. മത്തായിയുടെ സുവിശേഷം പത്തൊന്‍പതാം അദ്ധ്യായം പന്ത്രണ്ടാം വാക്യമാണ് ദൈവമെനിക്ക് തന്നത്.

"സ്വര്‍ഗരാജ്യത്തിന്റെ പേരില്‍ ഷണ്‍ഡനാകരുത്" പുത്രാ എന്ന്.
സത്യം ശരിക്കും ഉണ്ട വിഴുങ്ങിയ പോലെയായി പോയി എന്‍റെ മുഖം.
ആദ്യത്തെ ആ നിരാശയ്ക്ക് ശേഷം, മുറിയിലെ കണ്ണാടിയില്‍ പോയി ഞാന്‍ മൊത്തത്തില്‍ എന്നേ ഒന്ന് നോക്കി.
എന്നിട്ട് ഞാന്‍ എന്‍റെ ആത്മാവിനോട് പറഞ്ഞു, "മാമ്പട  ഉയിരേ". അല്ല പിന്നെ. (അര്‍ത്ഥം അറിയില്ലായെങ്കില്‍ പറയാം,പോയി പണി നോക്കടാ എന്ന്.).
എഴുതി മടുത്തു. നിര്‍ത്തുന്നു. അവസാനം ഒരു കാര്യം കൂടി.
ഇനി ബാക്കിയുള്ള ഈ കുഞ്ഞു ജീവിതം എനിക്ക് സമാധാനമായി ജീവിച്ചു തീര്‍ക്കണം.എന്നെങ്കിലും ദൈവം എനിക്ക് തരുന്ന മകളെ വയറത്ത് കേറ്റിയിരുത്തി ബാലരമയിലെ രണ്ടു കഥയൊക്കെ പറഞ്ഞു കൊടുത്ത്,അവളുടെ കുട്ടി കളികള്‍ക്ക് കൂട്ട് കൂടി വെറുതെ അങ്ങനെ ജീവിച്ചു പോകണം........... വെറുതേ .......
ഇത് വെറും കഥയാണ്.ജൂഡിത്ത് ഒരു ഭാവന മാത്രമാണ്. മീന്‍ കറിക്കാത്തു കുടം പുളി പോലെ. ഈ കഥയില്‍ അവളുണ്ടെങ്കിലേ പോസ്റ്റിനു ഒരു രുചിയൊള്ള്. നിങ്ങള്‍ എന്നേയൊന്നു വിശ്വസിക്ക്. നിങ്ങടെ തോമാച്ചനല്ലേ ഞാന്‍.???? ഞാന്‍ അങ്ങനെയൊക്കെ മദാമ്മ കൊച്ചിന്റെ കൂടെ കറങ്ങി നടക്കുമോ ???
ദൈവമേ നാട്ടില്‍ അമ്മ കല്യാണം ആലോചിക്കുന്നുണ്ട്, ഈ പോസ്റ്റൊന്നും പെണ്ണിന്‍റെ വീട്ടുകാര് കാണരുതേ ............................................................