Friday, 3 December 2010

ഇംഗ്ളണ്ടിലെ എരുമ ഫാം.....

ഇംഗ്ളണ്ടില്‍ തണുപ്പ് വീണു തുടങ്ങി.ഇന്നലെ പാതിരയ്ക്ക് "ജാക്ക് ഡാനിയല്‍സ്
പുണ്യാളന്" രണ്ടു സ്തുതിയൊക്കെ കൊടുത്ത്,ഹീറ്ററും ഇട്ടു പൊതച്ചു മൂടി കിടന്ന
ഞാന്‍ "അതിരാവിലെ" എട്ടരക്ക് എണീറ്റ്‌ നോക്കിയപ്പോള്‍ മുറ്റം മുഴുവന്‍ മഞ്ഞു മൂടി
കിടക്കുന്നു.ഈ മഞ്ഞു കാലം കാഴ്ചക്ക് അതിസുന്ദരി തന്നെയാണ്.നമ്മുടെ
ധനുമാസത്തിലെ ആകാശം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നപോലെ തോന്നും.(ദൈവമേ
ധനുമാസത്തില്‍ ആണോ വാ ആകാശം വെളുത്ത മേഘം കൊണ്ട് നിറയുന്നത്.. ഞാനൊരു
ആവേശത്തിനങ്ങു അലക്കി വിട്ടതാ...നീങ്ങ ക്ഷമീര്).ഒരു കട്ടന്‍കാപ്പി മൊത്തി മൊത്തി
കുടിച്ച്,മഞ്ഞു വീണു കിടക്കുന്ന ഈ താഴ്വാരത്തിലേക്ക് നോക്കിയിരുന്നാല്‍ നമ്മള്‍ ഈ പ്രകൃതിയില്‍ ലയിച്ചു ചേരും."ആദിപ്രകൃതിയും മനുഷ്യനും  പ്രണയവും.....എന്നൊക്കെയുള്ള ഫിലോസഫികള്‍ മനസ്സ് നിറഞ്ഞൊഴുകും....സംഭവം കൊള്ളാമെങ്കിലും,"എടീ അന്നമ്മേ ഒരു കട്ടന്‍കാപ്പി എടുത്തോണ്ട് വാടി എന്ന് പറഞ്ഞാല്‍, ശരി ഇച്ചായാ എന്ന് പറഞ്ഞു കാപ്പിയുമായി വരാന്‍ അങ്ങനെയാരും ഇല്ലാത്തത് കൊണ്ടും, തന്നേ പോയി ഗ്ളാസ് കഴുകി വെള്ളം ചൂടാക്കി കട്ടനൊണ്ടാക്കി വന്നു വേണം ഈ മഞ്ഞുകാഴ്ചകള്‍ കാണാന്‍ എന്നുള്ളത് കൊണ്ടും,മഞ്ഞിന്‍ മധുരക്കാഴ്ച വേണ്ടാന്നു വെച്ച്,തലേന്ന് പാതിരയ്ക്ക് സ്വപ്നത്തില്‍ കണ്ട (ഡിയര്‍ ജോണ്‍ സിനിമയിലെ) നായികയാണെന്ന് സങ്കല്‍പ്പിച്ച് തലയണയെ കെട്ടിപ്പിടിച്ചു ഒരമ്പതര വരെ അങ്ങ് കിടക്കും.അതാണ്‌ പതിവ്..
പക്ഷെ ഈ വര്‍ഷത്തെ ഈ മഞ്ഞുകാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്,ഒരു പക്ഷെ
ഇതെന്റെ ഇംഗ്ലണ്ടിലെ അവസാനത്തെ മഞ്ഞു കാഴ്ചയായിരിക്കും.സത്യം.ഞാന്‍ ഒരിക്കല്‍
പറഞ്ഞില്ലേ,നാട്ടില്‍ പോയി ഒരു ഫാം പ്രൊജക്റ്റ്‌ ചെയ്യാന്‍ എനിക്കാഗ്രഹമുള്ള കാര്യം.
അതിനു എന്റെ വീടെന്ന ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കി.ഇത് വരെ ജോര്‍ജ്
ബുഷിന്റെ വേഷം കെട്ടി എന്റെ ആഗ്രഹങ്ങളെ വീതോ(veto power)ചെയ്ത മേരാ
പിതാജി തന്നെയാണ്,തുടര്‍ച്ചയായുള്ള എന്റെ ആവശ്യപ്രകാരം(ശല്യം എന്ന് വീട്ടുകാര്)
ഫാമിന് നേരെ പച്ചക്കൊടി വീശിയത്.ഇംഗ്ലണ്ടിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയി
ഫാം നടത്താന്‍ വട്ടാണോടെ എന്നൊക്കെ സുഹൃത്തുക്കള്‍ പറഞ്ഞു തുടങ്ങി.എന്ത് വന്നാലും
അവനവന്‍ തന്നെ അനുഭവിച്ചോണമെന്ന് വീട്ടുകാരും.എന്ത് വന്നാലും ഞാനിനി വെച്ച കാലു
പുറകോട്ടില്ല. (എന്നാലും ചിലപ്പോള്‍ ഒരു പേടി).എന്തായാലും നാല്പത്തഞ്ച് ദിവസത്തെ
അവധിക്കാണെന്ന് പറഞ്ഞാണ് പോകുന്നത്.എന്നിട്ട് പിന്നെ തിരിച്ചു വരില്ല.നമ്മുടെ
നാട്ടില്‍ പണിക്കു നിന്നിട്ട് പണ്ടിക്കാര് പോകുന്നത് പോലെ.ഒരു മുങ്ങല്‍.എന്തായാലും
നാട്ടില്‍ പോയി ഞാന്‍ സംഭവങ്ങള്‍ നേരിട്ട് പോയി പഠിക്കും.അഥവാ ഞാന്‍ തോല്‍ക്കും
എന്ന് തോന്നിയാല്‍ ആറു മാസത്തിനകത്ത് തിരിച്ചു കേറിയാല്‍ മതി.അതാണ്‌ ബ്രിട്ടീഷ്‌
നിയമം.കിലുക്കത്തില്‍ ഇന്നസെന്റ് തിരിച്ചു വരുന്നത് പോലെ വരേണ്ടി വന്നാല്‍
ജി എം എന്നേ മാറ്റി നിര്‍ത്തിയിട്ടു ചെവിയില്‍ മൂന്നാല് മന്ത്രം ചൊല്ലി തരും.നാല്പത്തഞ്ച് ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു പോയിട്ട് എവിടെയായിരുന്നെടാ
^&**()__+++^%%$£££_++_))മോനേ........അന്നേരം ഞാന്‍ ഇന്നസെന്റ് ചോദിക്കുന്നപോലെ തിരിച്ചു ചോദിക്കും "നാല്പത്തഞ്ച് ദിവസമെന്ന് ഞാന്‍ പറഞ്ഞിരുന്നോ,  എന്നാ ഇനി ഞാനൊരു സത്യം പറയട്ടെ,എനിക്കതോര്‍മ്മയില്ല...പാവം എന്റെ ഡാഡി.കുറച്ചു തുമ്മേണ്ടി വരുമല്ലോ ദൈവമേ.. പാവം.
                              എന്തായാലും ഫാം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരിടും.പലരും വിചാരിക്കുന്ന പോലെ ആപ്പയൂപ്പ  കന്നുകാലി വളര്‍ത്തല്‍ഒന്നുമല്ല.fully mechanised scientific farm ആണ് എന്റ് മനസ്സില്.ബ്രിട്ടനില്‍ ഉള്ളപോലെ.പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും നമ്മുടെ നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.വീട്ടുകാര് പറയുന്നത്,നാളെ മുതല്‍ നാട്ടുകാര് നിന്നേ കന്നുകാലി  തോമ ആയിട്ടെ കാണുവോള്ളന്നു.ഞാന്‍ എന്നാ പറയാനാ?അങ്ങനെയാണെങ്കില്‍ എന്റെ വല്യപ്പച്ചന്‍ ആരായിരുന്നുവെന്ന്   ചോദിക്കണമെന്നുണ്ടായിരുന്നു.ഇംഗ്ളണ്ടില്‍ ജോലി
ചെയ്യണമെന്നുള്ളത്‌ എന്റെ ഒരു ആഗ്രഹമായിരുന്നു.ഇങ്ങോട്ട് പോന്നപ്പോളും ഞാന്‍
വീട്ടില്‍ പറഞ്ഞതാ,എന്റെ വല്യപ്പച്ചന്‍ കൃഷി ചെയ്ത ഞങ്ങടെ കണ്ടത്തിലാണ് എന്റെ
ആത്മാവിരിക്കുന്നതെന്ന്.അന്നേരം വീട്ടുകാര്‍ക്ക് ചിരി.
അവര് പറയുന്നത് ഇതിനൊന്നും "സ്റ്റാറ്റസ്" ഇല്ലന്നാണ്.(വാഴക്കാ...)എങ്കിലും അവരുടെ
പരാതി പരിഹരിക്കാനായി, പാല് own brand name ഇല്‍ പായ്ക്ക് ചെയ്തു
വില്‍ക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്.Pjames British farms pvt.ltd.
എന്ന് കമ്പനി പേരും Pjames എന്ന് ബ്രാന്‍ഡ്‌ നേമും ഇടണമെന്നാണ് ഇപ്പോള്‍
ആലോചിക്കുന്നത്.നമ്മുടെ രാജ്യത്തിന്‌ വളരെ ഗുണകരമായ ഒരു പ്രൊജക്റ്റ്‌ ആണ് എന്ന്
എനിക്കുത്തമ വിശ്വാസമുള്ള ഈ പദ്ധതിയേ നിങ്ങളില്‍ ആരെങ്കിലുമൊക്കെ
ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഓരോ പേര് നിര്‍ദേശിക്കാം...എനിക്കും ഒരു വ്യവസായി ആകണം.പണ്ട് സ്കൂളില്‍ പഠിച്ച കാലത്ത് ഒരു വാര്‍ത്ത വായിച്ചിരുന്നു.റഷ്യന്‍ എണ്ണ രാജാവ് റോമന്‍ ബ്രിസ്ബേവ്‌ ഇന്ത്യയില്‍ വരുന്നു എന്ന്.റഷ്യയിലെ എണ്ണ ഖനികള്‍ മുഴുവന്‍ അളിയന്റെ തറവാട്ടു വകയാ... അന്നേ ഉള്ള ആഗ്രഹമാണ്  അത് പോലെ ഒരു വ്യവസായി ആകണമെന്ന്.
             എന്റെ പാലില്‍ ഞാന്‍ വെള്ളം ചേര്‍ക്കില്ല :):):).  മറ്റൊരിടത്ത് നിന്നും മേടിക്കുന്ന പാല്‍ അല്ലാത്തത് കൊണ്ട് എന്റെ പാലില്‍ ഒരിക്കലും ഫോര്‍മാലിന്‍ ഉണ്ടാവില്ല.ഉറപ്പ്.എന്റെ ഈ ഡ്രീം പ്രൊജക്റ്റ്‌ ന് എന്ത് മാത്രം ഓഫര്‍ (quality promises) നിങ്ങള്ക്ക് തരാന്‍ കഴിയുമെന്നുള്ളത് നാട്ടില്‍ പോയി പഠിച്ചിട്ടു പറയാം.ഇത് പോലെ ഒക്കെ ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞിട്ടും എന്റെ മമ്മിക്ക് ഒന്നും അത്ര സന്തോഷമില്ല.ഒരു വിധത്തില്‍ അപ്പനെയും ചേട്ടന്മാരെയും സമ്മതിപ്പിച്ചു.
അപ്പോഴാണ്‌ ഒരു ചോദ്യം,കല്യാണം കഴിച്ചിട്ടു പോരെ തോമാച്ചാ നാട്ടില്‍ സെറ്റില്‍
ചെയ്യുന്നതെന്ന്?അത് കേള്‍ക്കുമ്പോള്‍ ഞാന്‍ പതുക്കെ മുങ്ങും.കാരണം ഞാന്‍ മനസ്സില്‍
ഒരു തീരുമാനം എടുത്തിട്ടുണ്ട് കെട്ടുവാണെങ്കില്‍ അതെന്‍റെ മുപ്പത്തി മൂന്നാമത്തെ വയസ്സില്‍
ആയിരിക്കുമെന്ന്. കാരണം ആ പ്രായത്തിലാണല്ലോ കര്‍ത്താവിന്റെ പീഡാനുഭവവും
കുരിശു മരണവും...
നാട്ടില്‍ പോയി എരുമ വളര്‍ത്തി നടന്നാല്‍ നിനക്കൊന്നും ആരും പെണ്ണ് തരികേലന്നാ
വീട്ടുകാര് പറയുന്നത്.ഹും.ശരിയാ അത് ഞാന്‍ സമ്മദിക്കുന്നു.ചെറുക്കന്‍ ഇംഗ്ളണ്ടില്‍
ആണെന്ന് പറഞ്ഞാല്‍ അങ്ങ് തൃശ്ശൂരൂന്നും പാലായീന്നുമുള്ള  നല്ല "ബമ്പറും
ഡിക്കി"യൊക്കെയുള്ള കല്യാണാലോചന വരും.പക്ഷെ എനിക്കത് വേണ്ട.എനിക്ക്
ജലോത്സവം സിനിമയിലെ "കേര നിരകളാടും" എന്ന പാട്ട് ആസ്വദിക്കാന്‍ കഴിയുന്ന ഒരു
സാദാരണ പെണ്ണ് മതി. (നിങ്ങളും പോയി ആ പാട്ടൊന്നു കേള്‍ക്കു.എന്‍റെ അമ്മ വീട്
കുട്ടനാട് ആയതു കൊണ്ടാവും,കുട്ടനാടിനോട് ഇത്ര സ്നേഹം).
               ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല നേരെയങ്ങ് ചെല്ലുക തന്നെ.അഥവാ പൊട്ടിയാല്‍ നിന്ന നില്‍പ്പില്‍ മുങ്ങി ഇംഗ്ളണ്ടില്‍ പൊങ്ങുക.(അതെങ്ങാനും പൊട്ടിയാല്‍ നാല് കൊല്ലം എനിക്കിവിടെ കഷ്ടപ്പെടേണ്ടി വരും അതിന്റെ ബാധ്യത തീര്‍ക്കാന്‍.ദൈവമേ
അങ്ങനെയൊന്നും വരുത്തല്ലേ). അങ്ങനെയൊന്നും വരില്ല.കാരണം പാലുല്‍പ്പാദനം മാത്രമല്ല എന്റെ ലക്‌ഷ്യം. ജൈവ വളമായി ചാണകം ഉപയോഗപ്പെടുത്തും.ചാണകത്തെ ശാസ്ത്രീയമായി ഉണക്കി പൊടിച്ചു കണ്‍വെയര്‍ ബെല്‍റ്റ്‌ വഴി പായ്ക്ക് ചെയ്തു വില്‍ക്കും. ഇപ്പോള്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സൗദി പോലെയുള്ള രാജ്യങ്ങളിലേക്ക് ചാണകം കയറ്റു മതി ചെയ്യും.ഈയിടെ നമ്മുടെ ശശി അണ്ണനും മന്‍മോഹന്‍ സിങ്ങും കൂടി സൗദിയില്‍ പോയി വാണിജ്യ കരാര്‍ ഒപ്പിട്ടില്ലേ.അങ്ങനെ കാലങ്ങള്‍ക്ക് ശേഷം റഷ്യന്‍ എണ്ണരാജാവ്  എന്ന് റോമന്‍ ബിസ്ബ്രെവിനെ കുറിച്ചു പത്രക്കാര്‍ എഴുതിയ പോലെ,എന്നേ പറ്റി, ഇന്ത്യന്‍ ചാണക രാജാവ് തോമാച്ചന്‍ co-operative society യെ കുറിച്ചു പഠിക്കാന്‍ ഡെന്‍മാര്‍ക്കിലേക്ക് പോകുന്നു" എന്നൊക്കെ എഴുതില്ലായെന്നു ആര് കണ്ടു???(എന്റെ ഈശോയെ......)
പക്ഷെ എത്രയൊക്കെ ആളുകള്‍ എതിര്‍ത്താലും പ്രോല്‍സാഹിപ്പിക്കുന്നവരും ഉണ്ട്
.ഇവിടെയുള്ള ബ്ലോഗ്ഗര്‍ വിഷ്ണു,പാലാക്കാരന്‍ അജയ്,ബാലു,റോണി,ടോണി,ഇവിടെ
നിന്ന് പോയ ഹരി പിന്നെ ബ്ലോഗ്ഗര്‍ മുരളിച്ചേട്ടന്‍,ബ്ലോഗ്ഗര്‍ മനോജ്‌ മാത്യു ചേട്ടന്‍
അങ്ങനെ കുറെ പേര്‍ എന്നേ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.ഞാന്‍ തോറ്റാല്‍ ഇവര്‍ക്ക്
എന്നേ സഹായിക്കാന്‍ കഴിയില്ല എങ്കിലും ഞാന്‍ ജയിച്ചാല്‍ ഇവര്‍ സന്തോഷിക്കും.
കാലങ്ങള്‍ക്ക് ശേഷം എനിക്ക് ഇവരെ നോക്കി സന്തോഷത്തോടെ ചിരിക്കാന്‍ കഴിയുമോ??

Wednesday, 25 August 2010

ഇംഗ്ലണ്ടിലെ ഈ മഴയത്ത് .....

കഴിഞ്ഞ ഒരാഴ്ച ഹോളിഡേ ലീവ് എടുത്തു.അതുകൊണ്ട് ഒന്‍പതു ദിവസം അടുപ്പിച്ച് അവധി കിട്ടി.പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് അവധിയെടുത്തത്.എന്തായാലും വെറുതേ കളയേണ്ട സ്കോട്ട്ലണ്ടിനു പോകാം എന്ന് പ്ലാന്‍ ചെയ്തതാണ്. അപ്പോഴാണ്‌ ബിര്‍മിന്‍ഹാമില്‍ നല്ല മഴ.വെറുതേ മടിപിടിച്ച്,കണ്ണാടി ജനലിലൂടെ മഴ പെയ്യുന്ന ആകാശം നോക്കി വെറുതേ കിടന്നു. എത്രയൊക്കെ ഗ്രിഹാതുരത്വം പറഞ്ഞാലും എന്‍റെ പോറ്റമ്മയായ ഈ നാടിനു ഒരു മഹത്വമുണ്ട്.വിസ എങ്ങാനും തീര്‍ന്നു നാട്ടിലേക്ക് പോകേണ്ടി വരുമോ എന്നുള്ള ടെന്‍ഷന്‍ ഇടയ്ക്കിടയ്ക്ക് അലട്ടുന്നതിന്റെ കാരണം,ഈ നാടിനേ ഞാന്‍ സ്നേഹിച്ചു തുടങ്ങിയെന്നുള്ളത് കൊണ്ടാവാം....
ഇനി എന്തായാലും നാട്ടില്‍ പോയാല്‍ ഒരു ജോലിക്ക് പോകില്ല ഞാന്‍.എന്തെങ്കിലും സ്വന്തമായി ചെയ്യും.അങ്ങനെയാണ് വീട്ടില്‍ സ്വന്തമായുള്ള പറമ്പില്‍ agriculture engineering with cattle farm എന്ന സ്വപ്നം തലയില്‍ കയറിയത്.സ്വപ്നം മനസ്സില്‍ കിടന്നു തല തല്ലിയപ്പോള്‍ എന്‍റെ "ഡാഡി"നെ വിളിച്ചു.സ്വപ്നം പങ്കുവെച്ചു.ഒരു ഡസന്‍ പുളിച്ച തെറിയാരുന്നു മറുപടി.. നാട്ടിലെങ്ങും ഒറ്റ പണിക്കാരെ പോലും കിട്ടാനില്ലത്രേ.അതിനിടക്കാണ് അവന്‍റെയൊരു കന്നുകാലി വളര്‍ത്തല്‍.എന്‍റെ agriculture engineering അഥവാ മെയ്യനങ്ങാതെ മാമുണ്ണ്‍ക എന്ന പ്രോഗ്രാം തല്‍ക്കാലത്തേക്ക് സ്റ്റോപ്പ്‌ ചെയ്തു.
പിന്നെ ഓര്‍ത്തപ്പോള്‍ ശരിയാണ് ഇവിടെ തന്നെ ജീവിക്കുന്നതാണ് സമാധാനം.നാട്ടിലെല്ലാം അലവലാതികള്‍ നിറഞ്ഞിരിക്കുന്നു.എവിടെ നോക്കിയാലും ഗുണ്ടകള്‍.പാര്‍ലമെന്റില്‍ ഗുണ്ടാരാജ് എന്നൊരു ബില്‍ പാസ്സാക്കിയിട്ടില്ല എന്നെ ഉള്ളൂ.എല്ലാ അര്‍ത്ഥത്തിലും ഗുണ്ടകളാണ് ഭരിക്കുന്നത്‌.അല്ലേ?പത്രമെടുത്ത് തുറന്നാല്‍ കൈവെട്ട് കാലുവെട്ട്,അമ്മ ചോരകുഞ്ഞിനെ വില്‍ക്കുന്നു,വേശ്യവൃത്തി,കള്ളപ്പണ വിതരണം...വാഴക്ക.
എന്തായാലും എനിക്കിതില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല.ഇത് കലികാലമാണ്.....കലിയില്‍ ഇതെല്ലാം സംഭവിക്കുമെന്നാണ്....
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നാലുമുതല്‍ എട്ടുശതമാനം സ്ത്രീകള്‍ വേശ്യകള്‍ ആണെന്ന് തോന്നുന്നു.കാരണം raid ചെയ്തു പൊലിസ് പിടിക്കുന്നതിനെക്കാള്‍ വളരെ കൂടുതലാണ് സത്യം.എനിക്ക് തോന്നുന്നു നല്ല ഒരു social welfare minister കേരളത്തില്‍ ഉണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന ഇരുപതു കൊല്ലം കൊണ്ട് വേശ്യകളുടെ എണ്ണം മൊത്തം സ്ത്രീകളുടെ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ ഉയരും.കാരണം നമ്മുടെ നാട്ടിലെ economic changes മനുഷ്യരെ അതിനു force ചെയ്യും.(എന്‍റെ ചില ഉറക്കപ്പിച്ച് തോന്നലുകളാണ്,ശരിയാവണമെന്നില്ല.പക്ഷെ വളരെ വലിയ ഒരു സാധ്യത ഉണ്ട്.)വഴിയില്‍ക്കൂടി ദാരിദ്രം തീര്‍ക്കാന്‍ വേണ്ടി പോകുന്ന സ്ത്രീകള്‍ മാത്രമല്ല വേശ്യകള്‍.ഇത് "പഞ്ചനക്ഷത്രങ്ങളുടെ" കാലമാണ്.ഈയിടെ ഒരു വാര്‍ത്ത വായിച്ചു.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ദുബായിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും പത്തുപതിനഞ്ചു സ്ഥിരം യാത്രക്കാര്‍ പോകുന്നു.അവര്‍ ഞായര്‍ രാത്രി തിരിച്ചും പോരുന്നു.സംശയം തോന്നിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പോലീസില്‍ അറിയിക്കുകയും,പൊലിസ് അന്വേഷണത്തില്‍ യാത്രക്കാര്‍ തിരുവനന്തപുരത്തെ പ്രമുഖ കോളേജില്‍ പഠിക്കുന്ന വനിതാ രത്നങ്ങള്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.കൂടുതല്‍ അന്വേഷണത്തില്‍ അവര്‍ ദുബായില്‍ "ഡ്യൂട്ടിക്ക്" പോയതാണെന്നും ഒരു ഡ്യൂട്ടിക്ക് പതിനയ്യായിരം വിത്ത്‌ ഫ്ലൈറ്റ് ടിക്കറ്റ്‌ ആണ് ഓരോ കുട്ടിക്കും കിട്ടിയിരുന്നത്.
നമ്മുടെ നാട് വന്‍ പുരോഗതിയല്ലേ?? എന്തായാലും നമ്മുടെ നാട് ഇത്രയും "easy access"ആയ സ്ഥിതിക്ക് ഞാനൊക്കെയെന്തിനാ ഈ തണുപ്പത്ത് ഒറ്റക്കൊഴിയായിട്ടു നടക്കുന്നത്???നാട്ടിലുള്ള പെണ്‍പിള്ളേര്‍ക്ക് ദുബായില്‍ പോയി അറുമാതിക്കാമെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് ആയിക്കൂടെ???
ഏതായാലും എന്‍റെ അച്ചാച്ചനും കുടുംബവും,അച്ചാച്ചന്റെ കൂട്ടുകാര്‍,എന്‍റെ ജിഎം(അച്ചാച്ചന്റെ സുഹൃത്ത് ആണ്)തുടങ്ങിയവര്‍ കാരണം എനിക്ക് ഈ നാട്ടില്‍ ഒന്ന് നിന്ന് തിരിയാന്‍ പറ്റുകേല. ബിര്‍മിന്‍ഹാമിലെ ഏറ്റവും തിരക്കേറിയ ഹാഗ്ലി റോഡിലെ "മനോഹരമായ" പാതിരാ കാഴചകള്‍ കണ്ട് ദീര്‍ഘനിശ്വാസം വിടാനാണ് ഈയുള്ളവന്‍റെ യോഗം.ഏതായാലും നമുക്ക് "അങ്കത്തട്ടില്‍" കയറാനുള്ള യോഗമില്ല അതുകൊണ്ട് ഒരു സദാചാര കമ്മിറ്റി പ്രസിഡണ്ടിന്റെ വേഷമെടുത്ത് ഇട്ടേക്കാം.നാട്ടിലെ വഴിപിഴച്ചു നടക്കുന്ന പെണ്‍പിള്ളേരെ!!!!!!!നിനക്കൊന്നും കുടുംബത്ത് ചോദിക്കാനും പറയാനുമാരുമില്ലേടീ??ഓരോന്നൊക്കെ ഇറങ്ങിക്കോളും ...ഹും.(പുളി..പുളി...മൊത്തം പുളി...)
എന്‍റെ ഒരു കാലത്തെ പ്രിയപ്പെട്ട നടിയായിരുന്നു താബു.(when i was in +2).ഇന്ന് താബുവിന്റെ പടങ്ങള്‍ സെര്‍ച്ച്‌ ചെയ്ത വഴി ചാന്ദ്നിബാര്‍ എന്ന സിനിമയില്‍ ചെന്ന് പെട്ടു.പത്തു മിനിട്ടേ കണ്ടൊള്ള് പിന്നെ കാണാന്‍ തോന്നിയില്ല.കലാപത്തില്‍ പെട്ട ഒരു പെണ്‍കുട്ടി യൂപിയില്‍ നിന്ന് ബോംബയില്‍ വന്നു ബാര്‍ ഡാന്‍സര്‍ ആയി മാറുന്ന കഥ.
ഒരു പെണ്‍കുട്ടിയുടെ നിസ്സഹായത താബു നന്നായി അഭിനയിച്ചു കാട്ടി.എനിക്കെന്തോ പഴയ പോലെ മനക്കട്ടിയില്ല ഇതുമാതിരി അവസ്ഥ കാണാന്‍.
എന്നും തിരിച്ചു പോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്‍റെ നാടിനു ഇങ്ങനെ ഒരു അവസ്ഥയുണ്ടാകുമോ?എന്നും വായിക്കുന്ന പത്രങ്ങള്‍ തരുന്ന കേരളത്തിന്റെ മുഖം കാശ്മീര്‍ താഴ്വര പോലെ അശ്ശാന്തി നിറഞ്ഞിരിക്കുന്നുവെന്നാണ്.നമ്മുടെ വരും തലമുറയില്‍ ആരുടെയെങ്കിലും മകള്‍ക്ക് താബുവിന്റെ അവസ്ഥ ഉണ്ടാകുമോ?
കേരളത്തില്‍ "കൈവെട്ടു" സീസണ്‍ ആയതു കൊണ്ട് ചോദിച്ചു പോയതാണ്.അതേ തുടര്‍ന്ന് വന്ന ജനകീയ വികാരം പൊതു സമൂഹത്തില്‍ നിന്ന് മുസ്ലിങ്ങളെ മാറ്റി നിര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു.ഞാനൊരിക്കലും പറയില്ല കേരളത്തിലെ മുസ്ലിങ്ങള്‍ തീവ്ര വാദികളാണെന്ന്.ആ കൈവെട്ടു കേസ്സിലെ പ്രതികള്‍ അഞ്ചുനേരം നിസ്കരിക്കുന്ന ഇസ്ലാമാണോ എന്നെനിക്കു സംശയം ഉണ്ട്.അവനേ ഒക്കെ കണ്ടിട്ട് വെറും കൊട്ടേഷന്‍ ടീമിന്‍റെ നിലവാരമേ ഉള്ളൂ.അവനോടൊക്കെ പോകാന്‍ പറ.
ഇന്നത്തെ മുസ്ലിമിന് സംഭവിച്ചത് അയോധ്യയില്‍ പള്ളി പൊളിച്ചതിന് ശേഷം ഇന്ത്യയില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ മുസ്ലിങ്ങള്‍ക്കുണ്ടാക്കിയ ഒരു social fearആണ്.
ഈ ബ്ലോഗ്‌ എഴുതുന്ന ഈ തോമാച്ചനും,ഒരു ന്യൂനപക്ഷക്കാരന്‍ എന്ന നിലയില്‍ ആശങ്കയുണ്ടായിരുന്നു.പക്ഷെ അതിനുശേഷം വന്ന കേന്ദ്ര ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷ പീഡനം നടത്തി എന്ന് ഞാന്‍ കരുതുന്നില്ല.എല്ലാ മതങ്ങളും സര്‍ക്കാരിനേക്കാള്‍ വലുതാകരുത് എന്ന് മാത്രമേ അവര്‍ കരുതിയിട്ടുള്ളൂ എന്ന് തോന്നുന്നു.സൗദിയില്‍ പോലും അതില്‍ കൂടുതല്‍ മതനിന്ദ നടക്കുന്നില്ലേ?മറ്റു മതങ്ങള്‍ക്ക് എന്തെങ്കിലും സ്വാതന്ത്ര്യം അവിടെയുണ്ടോ?ഫ്രാന്‍സ് unified civil code പാസാക്കിയില്ലേ?ലോകത്ത് ഏറ്റവും അധികം മതസ്വാതന്ത്ര്യമുള്ള രാജ്യം നമ്മുടെ ഭാരതമാണ്‌.മതങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.എഴുതിയാല്‍ തീരാത്ത അത്ര എഴുതുവാനുണ്ട്‌ നമ്മുടെ നാടിന്‍റെ മഹത്വത്തെ പറ്റി.ഇവിടുത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായ ന്യൂനപക്ഷം,ഭൂരിപക്ഷത്തിനെ ചൊറിയാതിരിക്കുന്ന അത്രയും കാലം ആരും നമ്മളെ ഉപദ്രവിക്കില്ല.കാരണം ഹിന്ദുസംസ്കാരത്തിന്റെ അന്തസത്ത തന്നെ "ഓം ശാന്തി"എന്നതാണ്.
സമാധാനത്തില്‍ ജീവിക്കുന്ന,ഭാരതീയ സംസ്കാരത്തില്‍ ജീവിക്കുന്ന ഇവിടുത്തെ ഭൂരിപക്ഷത്തെ തോണ്ടി ഇളക്കിയാല്‍,അവസാനം സലിംകുമാര്‍ പറയുന്നപോലെ പറയേണ്ടി വരും,"ധൈര്യായിട്ട് ഓടിക്കോ ഞാന്‍ പൊറകെ ഒണ്ടെന്നു." ഇനി വടക്കേ ഇന്ത്യ വിട്ടു നമ്മുടെ കേരളത്തിലേക്ക് വരാം.നമ്മുടെ കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ പശ്ചാത്തലം വടക്കന്‍ മണ്ണുമായി വ്യത്യാസമുണ്ട്.അയോധ്യയില്‍ പള്ളി പൊളിച്ചത് നോര്‍ത്ത് ഇന്ത്യന്‍ പൊളിറ്റിക്സ് ന്‍റെ ഭാഗമാണ്.അതില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ആശങ്ക പെടേണ്ടതുണ്ടോ?അനാവശ്യമായി അത് കേരളത്തില്‍ പ്രചരിപ്പിച്ച് ഇവിടെ മതഭീതി വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.അതില്‍ നിന്ന് മുതല്‍ എടുക്കാനും.ഇനി മറ്റൊന്ന് കൂടി,ഇന്ത്യയില്‍ പതിനാറു ശതമാനം മുസ്ലിങ്ങള്‍ ഉണ്ട് എന്നുള്ള വസ്തുത ഏറ്റവും സന്തോഷിപ്പിക്കുന്നത് ഏതു രാജ്യത്തെയാണ് എന്ന് നിങ്ങള്‍ക്കറിയാമോ??എല്ലാരും പറയും പാക്കിസ്ഥാനെ. തെറ്റി,പാടെ തെറ്റി.ഈ കോട്ടയംകാരന്‍ തോമസ്‌ പറയുന്നു,സന്തോഷിക്കുന്ന രാജ്യം ചൈനയാണ്.
പാകിസ്താനില്‍ nuclear plant പണിതും ആയുധങ്ങള്‍ വാരിയെറിഞ്ഞു കൊടുത്തും അവരേ പടച്ചട്ടയണിയിക്കുന്നത് പിന്നിലെ ചൈനീസ്‌ രാഷ്ട്രീയ ലക്‌ഷ്യം ഇന്ത്യയാണ്.പാകിസ്ഥാനിലൂടെ ഇന്ത്യയിലെ മുസ്ലീങ്ങളെ സ്വാദീനിച്ച് ഇന്ത്യയില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം .
പാക്കിസ്ഥാനിലൂടെ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് തടയാം എന്നാണവര്‍ കരുതുന്നത്.പാകിസ്താന്‍ കള്ളനോട്ടും,വെടിമരുന്നും ആയുധങ്ങളും ഇന്ത്യയിലേക്ക്‌ വിതരണം ചെയ്യുന്നു.പാക്കിസ്ഥാനെ പോലെ "നാലണക്ക് പതിനാറും പിന്നെ വാരിയിടീലുമായി"നടക്കുന്ന ഒരു രാജ്യത്തിന്‍റെ,ഇന്ത്യക്ക് മേലുള്ള ലക്‌ഷ്യം മതപ്രവര്‍ത്തനമല്ല തികച്ചും രാഷ്ട്രീയമാണ് എന്നുള്ളത് ഇവിടെയുള്ള ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മുസ്ലീങ്ങള്‍ മനസിലാക്കണം.നേരെ ചൊവ്വേ മിനറല്‍സ് പോലും ഇല്ലാത്ത ശ്രിലങ്കയില്‍ നൂറു കോടി ഡോളര്‍ മുതല്‍ മുടക്കി തുറമുഖം പണിയുന്നതും L.T.T.Eയെ അടിച്ചൊതുക്കിയതും ചൈനയാണ്.ഇനിയവരുടെ submarines അടക്കം ബംഗാള്‍ ബേയിലൂടെ സൌത്ത് ഇന്ത്യന്‍ തീരങ്ങളില്‍ വന്നു കിടക്കും.ഇത് മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ ബര്‍മ്മ ഭൂട്ടാന്‍ എന്നിവിടങ്ങളിലും ചൈന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്..
ഹോ,ഈ ബിര്‍മിന്‍ ഹാമിലെ മുറിയിലിരുന്നു ചിന്തിച്ചു ചിന്തിച്ചു ഞാനൊരു സോക്രട്ടീസ് ആകുമെന്ന് തോന്നുന്നു.എന്തായാലും എഴുതി തൊടങ്ങിയില്ലേ കുറച്ചു കൂടി എഴുതിയേക്കാം.ഇനി ക്രിസ്തു പറഞ്ഞത് പോലെ ഞാന്‍ സ്വന്തം കണ്ണിലെ കരട് എടുക്കട്ടെ.ഇന്നലെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു,ക്രിസ്തീയ കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ കുറയുന്നതില്‍ സഭക്ക് ആശങ്കയുണ്ടെന്ന്.ഞാന്‍ എന്‍റെ സുഹൃത്തായ പുരോഹിതനോട് ഫോണ്‍ വിളിച്ചു ചോദിച്ചു,അച്ചോ നമ്മള്‍ പള്ളി നടത്തുവാണോ അതോ പന്നി ഫാം നടത്തുവാണോ??എന്ന്.ചില പന്നി കര്‍ഷകര്‍ സങ്കടപ്പെടുന്നപോലെ,നാടന്‍ പന്നിയെ ക്രോസ് ചെയ്‌താല്‍ എട്ടും പത്തും കുഞ്ഞുങ്ങളെ കിട്ടും.വിദേശ ബ്രീഡായ ബ്ലാക്ക്ഷേര്‍യോര്‍ പോര്‍ക്കിനെ (കടപ്പാട് പത്താം ക്ലാസിലെ ബയോളജി പുസ്തകം-എന്നാ മെമ്മറിയാ അല്ലേ?) ക്രോസ് ചെയ്‌താല്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ കിട്ടുന്നൊള്ളന്നു. ജനപ്പെരുപ്പം കാരണം നമ്മുടെ നാട്ടില്‍ മനുഷ്യര്‍ക്ക്‌ വീട് വെക്കാന്‍ സ്ഥലമില്ല.കുടിക്കാന്‍ നല്ല വെള്ളമില്ല.ജനം പെരുകുന്നതിനനുസരിച്ച് ഭൂമിക്കു വില കയറുന്നു.മതങ്ങള്‍ എന്താ റിയല്‍ എസ്റ്റേറ്റ്‌കാരുടെ ബിനാമികളോ?
അതിജീവനത്തിനു വേണ്ടി പുഴുക്കളെ പോലെ നരകിക്കുന്ന മനുഷ്യരുള്ള എന്‍റെ നാട്ടില്‍ ഇനിയും ജനസംഖ്യാ വര്‍ധനവിനേ പ്രോത്സാഹിപ്പിക്കരുത്.മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ക്ക് സഭ ക്ഷമ പറഞ്ഞപോലെ,ഇതിനും പിന്നീട് ക്ഷമ പറയേണ്ടി വരും.അസ്ഥിരതയുള്ള ഒരു സമൂഹത്തില്‍ നീതിക്ക് വേണ്ടി,സമ്പന്നര്‍ കൊട്ടേഷന്‍ ടീമിനെ സമീപിക്കും.പാവങ്ങള്‍ പള്ളിയിലും അമ്പലങ്ങളിലും പോയി നേര്‍ച്ചയിട്ടു പ്രാര്‍ഥിക്കും.ശ്രീനിവാസന്‍ പറയുന്നപോലെ,ചിന്തിക്കൂ....സുഹൃത്തുക്കളേ ചിന്തിക്കൂ ..
അടുത്തത്‌ കേരളത്തിലേ ഈഴവരോടാണ്.പതിനെട്ടാം നൂറ്റാണ്ടിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാതത്തിലും നിലന്നിന്നിരുന്ന social discriminationsനേ ക്കുറിച്ചു ഇന്നും ഓര്‍ത്തോണ്ട് ഇരിക്കരുത്.(എന്‍റെ കൂട്ടുകാരായ പലരും ഇപ്പോഴും അതിനേക്കുറിച്ചു പറയാറുണ്ട്‌).കാലത്തിനൊത്ത് ചിന്തിക്കണം.ലോകത്ത് എല്ലാ നാടുകളിലും ഈ സാമൂഹിക ദുഷിപ്പുകള്‍ ഉണ്ടായിരുന്നു.കേരളത്തില്‍ മാത്രമല്ല അത് ഉണ്ടായിരുന്നത്.ഏറ്റവും പ്രകടമായ ചേരി തിരിവായിരുന്നു വെള്ളക്കാരും കറുത്തവരും തമ്മിലുണ്ടായിരുന്നത്.ഈ പാശ്ചാത്യനാടുകള്‍ കാലത്തിനൊത്ത് മാറി.ഇന്ന് ഒരു കറുമ്പന്‍ അവരുടെ തലവന്‍ വരെയായി.നാരായണഗുരു പറഞ്ഞത് പോലെ ഒരു ഏകലോകത്തിനുള്ള സമയമായി.അല്ല അതിക്രമിച്ചു കഴിഞ്ഞു.ഭാരതം എന്ന ദേശീയതയില്‍ എല്ലാരും ഒന്നിച്ചു നില്‍ക്കണം.
ഹോ,ഞാന്‍ ഒറ്റയിരിപ്പിനു എന്തൊക്കെയോ എഴുതി.തെറ്റോ ശരിയോ എന്നുള്ള തര്‍ക്കത്തിനൊന്നും ഞാനില്ല.പലതും എന്‍റെ വെറും തോന്നലുകളാവാം.
എങ്കിലും എന്തിനാ ഇത് എഴുതിയത് എന്ന് ചോദിച്ചാല്‍,മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ള പ്രപഞ്ചഗോളങ്ങളില്‍ എവിടെയെല്ലാം ചെന്ന് തപ്പിയാലും കേരളം പോലെ ഒരു സുന്ദരഭൂമി നമുക്ക്കിട്ടില്ല.ദൈവം മനസ്സറിഞ്ഞ് അനുഗ്രഹിച്ച,അനുഗ്രഹീത ഭൂമിയാണത്.പര്‍വതങ്ങളും ജലസമൃദ്ധമായ നാല്‍പ്പത്തിനാല് പുഴകളും ഇടനാടും പാടവും കായലും കടലും ഇത്ര നല്ല കാലാവസ്ഥയും കര്‍ക്കിട മഴയും ഒക്കെയുള്ള മറ്റൊരു പ്രദേശം എനിക്ക് കാണിച്ചു തരാമോ?ആ ദൈവത്തിന്‍റെ അനുഗ്രഹീത ഭൂമിയില്‍ നമുക്ക് സമാധാനത്തില്‍ ജീവിക്കാന്‍ കഴിയാതെ മതത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഘടിക്കാന്‍ ശ്രമിക്കുന്നത് ആരുടെ കുറ്റമാണ്?
എന്‍റെ ജീവിത അഭിലാഷമാണ് ഈ നാട്ടില്‍ നിന്ന് കുറച്ചു പണമുണ്ടാക്കിയിട്ട് എന്‍റെ നാട്ടില്‍ പോയി കൃഷി ചെയ്തു ജീവിക്കണമെന്ന്.ശാന്തമായി.......എരുമ ഫാം നടത്തിയും നെല്‍കൃഷി ചെയ്തും.കുറച്ചു എന്തെങ്കിലും ചെറിയ ബിസിനസ്‌ ഒക്കെ ചെയ്തും അങ്ങനെ ..അങ്ങനെ........
എന്‍റെ പ്രിയപ്പെട്ട അമേരിക്കന്‍ ടെന്നസി വിസ്കി ജാക്ക്ഡാനിയല്‍സ് രണ്ടു ചെറിയ സിംഗിള്‍ ഷോട്ട് അടിച്ച്(അധികം കുടിക്കുന്നത് എനിക്കിഷ്ടമല്ല)എന്‍റെ കൊയ്ത്തു പാടത്തിലൂടെ ഈ പാട്ടൊക്കെ പാടി ഇങ്ങനെ നടക്കണം ......................................

ഞാന്‍ ഒന്ന് പാടട്ടെ ? പ്ലീസ്എന്‍റെ ഇവിടുത്തെ കൂട്ടുകാരെ പോലെ നിങ്ങളും ചെവി പൊത്തരുത്....പ്ലീസ്‌.

വടക്കത്തീ....... പെണ്ണാളേ......
വൈക്കം കായലോളം തല്ലുന്ന വഴിയേ........കൊയ്ത്തിനു വന്നവളേ
ആ കണ്ണ് കൊണ്ട് മിണ്ടാണ്ട്‌ മിണ്ടു വിളമങ്കേ.. ...കണി മങ്കേ....................കന്നി..........................
ആളൊഴിഞ്ഞ മൈലപ്പാട നടുവരമ്പത്തു ................ അതിര് വരമ്പത്ത് ....
ആയിരം താറാ കാറ നിലവിളിയില്‍ ........
എന്‍റെ മനസിന്‍റെ കന്നട്ടല് നീ കേട്ടോ ..........
എന്‍റെ താറാ പറ്റം പോലെ ചിതറുന്നേ ഞാന്‍ ... ചിതറുന്നെ ഞാന്‍ ..
..... ........ .....
നിലാവ് വീണ പമ്പയാറ്റിന്‍.. ചുളിയിളക്കത്തില്‍.... ഓളമിളക്കത്തില്‍ ..........
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍ ..... നിന്‍റെ ചിരി മാത്രം തേടി വരുമെന്നേ കണ്ടോ .... കണ്ടില്ലേ ..( കണ്ടില്ലേടി ജര്‍മന്‍ കാരി പുല്ലേ ??)
...........................................
..................................................
..................................................................................

Saturday, 3 July 2010

വീണ്ടുമൊരു കുത്തിക്കുറിപ്പ് ....

കുറച്ചു കാലമായി എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല . മനസ്സ് വല്ലാതെ ഒഴുകി ഒഴുകി പോകുന്നു.കഴിഞ്ഞ മാസം എന്‍റെ പരീക്ഷയായിരുന്നു . ഈ നാട്ടില്‍ ജോലിക്കാരനായി വന്ന എനിക്ക് കിട്ടിയ ഏറ്റവും വലിയ " ഉപദേശമായിരുന്നു " സായിപ്പന്‍ മാര് ഒന്നും പഠിക്കാന്‍ പോവില്ല ,കട്ട ഉഴപ്പന്‍ മാരാണ് .നമ്മള്‍ ഏഷ്യന്‍സ് ഇത്തിരി ശ്രമിച്ചാല്‍ നല്ല വിജയം നേടാം എന്നൊക്കെയുള്ളത് .... എന്‍റെ അനിയന്‍റെ എഞ്ചിനീയറിംഗ് ക്ലാസിലും മറ്റു പല കൂട്ടുകാരുടെ ക്ലാസ്സുകളിലും ഒറ്റ സായിപ്പന്മാര് പഠിക്കാന്‍ ഇല്ലാത്തത് എനിക്ക് വലിയ സന്തോഷ വാര്‍ത്തയായിരുന്നു.എന്തായാലും നാലു മാസത്തെ വന്‍ തയാറെടുപ്പിനു ശേഷം എന്‍റെ ആദ്യ പരീക്ഷ കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് എഴുതി.ഇവിടുന്നു പതിനഞ്ചു മിനിറ്റ് യാത്ര ചെയ്ത് hockley എന്ന എക്സാം സെന്ററില്‍ ചെന്ന ഞാന്‍ കണ്ടത് ബ്രിട്ടണിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു. ഒരു തമിഴ് സിനിമയില്ലേ ബോയ്സ് അതിലെ ഒരു പാട്ട് സീനില്‍ കാണിക്കുന്നത് പോലെ ഒരു സ്റ്റഡിയം മുഴുവന്‍ സായിപ്പ് പിള്ളേരെക്കൊണ്ട്‌ നിറഞ്ഞു കവിഞ്ഞു ......... ഹോ എനിക്കോര്‍ക്കാന്‍ കൂടി വയ്യ . question paper കയ്യില്‍ കിട്ടിയപ്പോള്‍ ബാക്കിയോണ്ടാരുന്ന ബോധം കൂടി പോയി കിട്ടി . അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന സായിപ്പന്മാരും മദാമ്മക്കുഞ്ഞുങ്ങളും scientific calculator ഉം മറ്റു instruments ഉം ഒക്കെ വച്ചു extra പേപ്പര്‍ ഒക്കെ വാങ്ങിച്ചു കിടിലമായിട്ടു എഴുതി കൂട്ടിയപ്പോള്‍ , ലോകത്തിലെ ഏറ്റവും മികച്ച examination board കളില്‍ ഒന്നായ Association of charterd certified Accoutants ന്‍റെ question paper ഒന്ന് വായിച്ച് തീര്‍ക്കാന്‍ പോലും കഴിയാതെ ഇറങ്ങി പോന്നപ്പോള്‍,ഞാന്‍ ശരിക്കും"desp"അടിച്ചു പോയി .
അതിന്‍റെ കൂടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ പുതുക്കാന്‍ solicitors നേ കാണാനുള്ള തുടരെ തുടരെയുള്ള ലണ്ടന്‍ യാത്രകള്‍.വിസ പുതുക്കി കിട്ടുമെന്നും ഇല്ലന്നുമുള്ള പറച്ചിലുകള്‍.
നാട്ടിലേക്ക് മടങ്ങി പോയാല്‍ എന്ത് പണി കിട്ടും ? മൊത്തത്തില്‍ "desp"... അതിന്‍റെ കൂടെ ഇന്ന് പ്രിയപ്പെട്ട ടീമായ അര്‍ജന്റീന മഴ നനഞ്ഞ കടലാസ്പുലികളായി മാറിയപ്പോള്‍ ആകെ മടുത്തു പോയി ...
വൈകുന്നേരം, I hate love stories എന്ന ഹിന്ദി സിനിമ പോയി കണ്ടു.ഒരു average movie . എന്തായാലും ഇതിലെ നായകന്‍ വില്ലനേ നേരിടാന്‍ ഹെലികോപ്ടറില്‍ മിസ്സൈലുമായി വരാഞ്ഞത് കൊണ്ട് ഒത്തിരി ആശ്വാസം തോന്നി . അതിന്‍റെതായ ഒരു നിലവാരം സിനിമയ്ക്കുണ്ട്.പിന്നെ അതിലെ നായിക ചിരിച്ചപ്പോഴും അവനോടു പിണങ്ങിയപ്പോഴുമെല്ലാം എന്‍റെ പഴയ ജര്‍മന്‍ കാരി പെണ്ണിനെ ഞാന്‍ ഓര്‍ത്ത്‌ പോയി.സിനിമ കഴിഞ്ഞു കൂട്ടുകാരോടൊപ്പം ബിര്‍മിന്‍ഹാമില്‍ നിന്ന് മുറിയിലേക്ക് നടന്നപ്പോള്‍ എന്നത്തേയും പോലെ മനസ്സ് ഒഴുകി നടന്നു.മ്യൂണിച്ചിലെ മഞ്ഞു വീണു കിടക്കുന്ന റെയില്‍ സ്റെഷനില്‍, ഏതെങ്കിലും ഒരു സന്ധ്യക്ക്‌ റെയില്‍ കാത്തു നിന്നപ്പോള്‍ അവളെന്നേ ഓര്‍ത്തിട്ടുണ്ടാകുമോ?
രാത്രിയില്‍ ബിര്‍മിന്‍ഹാമില്‍ നിന്ന് ഹോട്ടലിലേക്കുള്ള നടപ്പ് എനിക്ക് വളരെ ഇഷ്ടമാണ്.ഓരോന്ന് ചിന്തിക്കാനും ഓര്‍മ്മകള്‍ അയവിറക്കാനും അതോടൊപ്പം കൂട്ടുകാരോടൊപ്പം "കഥകള്‍" പറയുന്നതുമൊക്കെ ഈ നടപ്പിലാണ്.ഇപ്പോള്‍ വിസയുടെ സമ്മര്‍ദ്ദം ഉള്ളത് കൊണ്ട് ഇനി എത്ര നാള്‍ ഇങ്ങനെ നടക്കാന്‍ കഴിയും എന്നെനിക്കറിയില്ല.എന്ത് സംഭവിച്ചാലും,അത്"കാലമാണ്" (നമ്മടെ പഴയ ഇന്ത്യന്‍ തിയോളജി)എന്ന് കരുതാം അല്ലേ? അറുപതു കൊല്ലം ഈ ഭൂമിയില്‍ ആയുസ്സ് കാണും
അത്രയും കാലം ഈ ഭൂമിയില്‍ ജീവിക്കുക.എന്തൊക്കെ നേടിയാലും അമേരിക്കന്‍ പ്രസിഡന്റ് ആയാലും എല്ലാം ഉപേക്ഷിച്ചു നാം പ്രകൃതിയില്‍ പഞ്ച ഭൂതങ്ങളില്‍ ലയിച്ചു ചേരും.വന്‍ "desp " ആയതു കൊണ്ട് ഈ പോസ്റ്റില്‍ വല്ലാതെ philosophy കേറി വരുന്നു.അതുകൊണ്ട് നാട്ടുകാരെ കൂടുതല്‍ മെനക്കെടുത്തിക്കാതെ ഈ പോസ്റ്റ്‌ നിര്‍ത്തുന്നു.
ഒരു പോസ്റ്റ്‌ എഴുതിയിട്ട് ഒത്തിരി കാലമായല്ലോ എന്നത് കൊണ്ട് മാത്രം എഴുതി പോയതാണ് . നിങ്ങള്‍ എന്നോട് സദയം ക്ഷമിക്കൂ .....

Friday, 14 May 2010

ദേ ..ലണ്ടന്‍ ബ്ലോഗ്‌ മീറ്റ്‌ .....

ഈ ബ്രിട്ടീഷ്‌ ജീവിതത്തിലെ  ഒറ്റപ്പെടല്‍  ഒരു  വല്ലാത്ത വീര്‍പ്പുമുട്ടലാണ്‌ . ആകെ മടുപ്പ് . അത് മാറ്റാന്‍ പലതും ചെയ്തു . ചെയ്യുന്നു .. അതില്‍ ഏറ്റവും  സന്തോഷം പകരുന്നത് ഈ ബ്ലോഗ്‌ വായനയും എഴുത്തുമാണ് .ഇംഗ്ലണ്ടിലെ  തണുത്ത കാലാവസ്ഥ മാറി വെയില്‍ വീണു തുടങ്ങി . അതിന്‍റെ സന്തോഷത്തില്‍ ഇരുന്നപ്പോളാണ് ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തിനു ഒരു മഹത്  ആശയം കൈ വന്നത് . ഒരു ലണ്ടന്‍  ബ്ലോഗ്‌ മീറ്റ്‌ സങ്കടിപ്പിക്കുക . "ഹോ"  വമ്പന്‍ ആശയം .  ബിലാത്തി മലയാളി കൂട്ടായ്മ .അതും  കവിതയെ സ്നേഹിക്കുന്ന , കഥയെ സ്നേഹിക്കുന്ന , സര്‍വോപരി  മലയാളത്തെ  എല്ലാ അര്‍ത്ഥത്തിലും സ്നേഹിക്കുന്നവരുടെ  കൂട്ടായ്മ . കേട്ടതും  എനിക്ക് നൂറു വട്ടം സമ്മതം .ഈ നാട്ടില്‍ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു . അപ്പോളാണ് നാല് മലയാളികളെ  " കത്തി " വെച്ചു കൊല്ലാന്‍ കിട്ടുന്ന ഒരു അവസരം .

ലണ്ടനില്‍ ഒരു ആശാന്‍ ഉണ്ട് . ഈസ്റ്റ്‌ ഹാമില്‍ . ഏതെല്ലാം വഴിക്കൂടെ  പിള്ളേരെ വഴി പിഴപ്പിക്കാം എന്നാണ്  അങ്ങേരുടെ  ഫുള്‍ ടൈം ആലോചന .  ഒരു വെല്യ ബ്ലോഗ്ഗര്‍ ആണെന്നാ അങ്ങേരുടെ വിചാരവും . ആശയം അവതരിപ്പിച്ചതും  ,   ആശാന്‍  " ലളിത് മോഡിയായി " എല്ലാം അങ്ങ് ഏറ്റെടുത്തു . മേയ് ഒന്‍പതു സണ്‍ ഡേയില്‍  ഈസ്റ്റ്‌ ഹാമില്‍   മലയാളി ഹോട്ടലായ  "ആശ ദോശയില്‍ " ഒത്തു കൂടാമെന്ന്  എല്ലാരും  കൂടി തീരുമാനിച്ചു. എല്ലാവരും ആകെ  കൗതുകം നിറഞ്ഞ ഒരു സന്തോഷത്തില്‍. ബ്ലോഗ്ഗിലെ മലയാളി മങ്കകള്‍ അടക്കം ഒത്തു  ചേരുന്ന  ഒരു ചെറിയ  അക്ഷരക്കൂട്ടായ്മ. ആരാണ്ടൊക്കെ അന്ന് തന്നെ  പുതിയ  face cream  ഒക്കെ വാങ്ങിച്ചു .  പുതിയ ജെല്‍ വാങ്ങിക്കുന്നു,കണ്ണടയുടെ  ഗ്ലാസ് മാറ്റിയിടുന്നു . ഒന്നും വേണ്ട ഞാനിനിയൊന്നും പറയുന്നില്ല . ആരാണാവോ കണ്ണടയുള്ള ബ്ലാഗ്ഗര്‍ ?അങ്ങനെ  കാത്തിരുന്നു മേയ് ഒന്‍പതു വന്നു .ഞാന്‍ തലേന്ന് തന്നെ, ഒരു പാക്കിസ്ഥാനി  കടയില്‍ പോയി മുടി വെട്ടിച്ചു . അവനോടു ഞാന്‍ പ്രത്യേകം പറഞ്ഞു  ലണ്ടന്‍ "ഹയാട്ട്" ഹോട്ടലില്‍ ഒരു പരിപാടിയുണ്ട്  "കിടിലം" ആയിട്ട് വെട്ടണമെന്ന് . ഓക്കേ ബ്രദര്‍ എന്ന് പറഞ്ഞു അവന്‍ വെട്ടു തൊടങ്ങി . വെട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ശരിക്കും
"ഉള്‍ക്കിടിലം" ഉണ്ടായി. തലേലിരുന്നു  ഓലപ്പടക്കം പൊട്ടിയ പോലെയുണ്ട്. ഇവനോടൊക്കെ എന്നാ പറയാനാ . ഏതു ഭാഷയില്‍ പറയാനാ ?  പന്നീന്‍റെ മോനേന്നു മലയാളത്തില്‍  പറഞ്ഞിട്ട്  പോന്നു .റൂമില്‍ വന്നു കുളിച്ചു  തലേന്ന് തന്നെ  കവേന്റ്രിയില്‍ വിഷ്ണുലോകത്തിന്റെ അടുത്തേക്ക്‌ പോയി . അന്ന് അവിടെ തങ്ങി വെളുപ്പിന് ആറു മണിക്ക് എണീറ്റ്‌ പോകാനാണ് പ്ലാന്‍ .  അവിടെ ചെന്നപ്പം  അയല്‍വക്കത്തുള്ള  വീട്ടില്‍ താമസിക്കുന്നവന്മാരും  ഈ വീട്ടില്‍ ഉണ്ട് ( മല്ലു സ്റ്റുഡന്‍സ്) . അവരുടെ വീട്ടില്‍ ആര്‍ക്കാണ്ട് ചിക്കന്‍ പോക്സ് പിടിച്ചത്രേ . ഏതായാലും ഞാന്‍ വലതു കാലെടുത്തു വെച്ച സ്ഥലം കൊള്ളാം..... ബെസ്റ്റ് കണ്ണാ ബെസ്റ്റ് ...( പാപി ചെല്ലുന്നിടം പാതാളം എന്നാരും " ഉറക്കെ " പറഞ്ഞു കേട്ടില്ല . ) .അവന്മാര്  നല്ല കിടിലം കപ്പയും മീനുമൊക്കെ വെച്ചിട്ടുണ്ടായിരുന്നു .അവിടെ ഒരു താരമുണ്ടായിരുന്നു  വിഷ്ണുവിന്‍റെ കസിന്‍ , കത്തിയുടെ കാര്യത്തില്‍ ഞാനൊക്കെ എത്ര ശിശുവാണെന്ന് തോന്നിപ്പോയി അവന്‍റെ മുന്നില്‍ . ഒരൈറ്റം  "വെട്ടു കത്തി".  ഒരു മാതിരി  "കറന്റ്‌ അഫയര്‍സ്‌ " ഒക്കെ തീര്‍ന്നപ്പോള്‍   ആഫ്ടര്‍  ദ മീല്‍ ,  അവിടെ ഒരു " തറ " സീറ്റ്‌ പിടിച്ച് ഞാന്‍ ഒരു മൂലക്ക്  ചുരുണ്ടു.കണ്ടകശനി കൊണ്ടേ പോകുവെന്നു പറഞ്ഞ പോലെ "വെട്ടു കത്തിക്കും"ബെര്‍ത്ത്‌ കിട്ടിയത് എന്‍റെ തൊട്ടടുത്തായിരുന്നു . പിന്നെ രാത്രി രണ്ടുമണി വരെ ഞങ്ങള്‍   ലോകവിശേഷം പറഞ്ഞു .  ശുഭരാത്രി ........

വെളുപ്പിന് എണീറ്റ്‌  കുളിച്ചൊരുങ്ങി ലണ്ടനിലേക്ക് വെച്ചു പിടിപ്പിച്ചു .  ആരൊക്കെ വരുമെന്ന്  ഒരു നിശ്ചയവുമില്ല .  ബ്ലോഗ്ഗര്‍ സീമ മേനോന്‍ ചേച്ചി , ചേച്ചിക്ക്  ഒരു " ലിറ്റില്‍ മാസ്റ്റര്‍ " ഉള്ളത് കൊണ്ട് വരാന്‍ കഴിയില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു . ആകെ  ഇരുപതോളം ബ്ലോഗ്ഗര്‍ മാരാണ്  ഇവിടെയുള്ളത്  അതില്‍ പലര്‍ക്കും പരീക്ഷ . പലരും നാട്ടില്‍ പോയി . അങ്ങനെ പല കാര്യങ്ങള്‍ .  നാഷണല്‍ എക്സ്പ്രസ്സ്‌ ബസ്‌  ഞങ്ങളെയും കൊണ്ട് ലണ്ടന്‍ വിക്ടോറിയ ലക്ഷ്യമാക്കി  കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു .  നടക്കാന്‍ പോകുന്ന ബ്ലോഗ്‌ മീറ്റിന്റെ ചിന്തകള്‍ എന്‍റെ മനസ്സിലും ....ലണ്ടന്‍ അടുക്കാറായപ്പോഴേ  മുരളിച്ചേട്ടന്‍ വിളിച്ചു  "ആശ ദോശ"യില്‍  അദ്ദേഹവും  ബ്ലോഗ്ഗര്‍ സമദ് ഇക്കയും  കാത്തിരിക്കുകയാണ്  വേഗം വാ എന്ന്. ശരിക്കും ഒരാവേശം തന്നെയാണ് അപ്പോള്‍ എനിക്ക് തോന്നിയത് .  വിക്ടോറിയായില്‍ ചാടിയിറങ്ങി  ഓടി   അണ്ടര്‍ ഗ്രൌണ്ട് ടൂബില്‍ ടിക്കറ്റ്‌ എടുത്തു  upminster ( via upton park)  ലക്ഷ്യമാക്കി  കുതിച്ചു . യാത്രയില്‍ ഞാന്‍ ആലോചിച്ചു , എല്ലാവര്‍ക്കും മെയില്‍ അയച്ചിട്ടുണ്ട് , ആരൊക്കെ വരും ? എന്തായാലും  ബ്ലോഗ്ഗര്‍ കൊച്ചുത്രേസ്സ്യ  വരും . മെയില്‍ അയച്ചു എല്ലാവരെയും ക്ഷണിക്കുന്ന "പണി" മുരളിയേട്ടന്‍ " സ്നേഹ പൂര്‍വ്വം " എനിക്ക് തന്നപ്പോള്‍ തന്നെ ഞാന്‍ എല്ലാവര്‍ക്കും മെയില്‍ അയച്ചിരുന്നു . അതില്‍ കൊച്ചുത്രേസ്സ്യക്ക്‌ പലകുറി പല കാര്യങ്ങള്‍ വിശദീകരിച്ചു   മെയില്‍  അയക്കേണ്ടി വന്നു . ഓരോ ദിവസം ഓരോ സംശയങ്ങള്‍ . ബ്ലോഗിലെ  "ഫിലോമിനാ" ആയിപ്പോയില്ലേ  അത് കൊണ്ട് ക്ഷമയോടെ  എല്ലാത്തിനും മറുപടി അയച്ചു . ഇനി വന്നില്ലെങ്കില്‍   അതിനു പാഷാണം  കലക്കി കൊടുക്കും .... ചിന്തകള്‍ കാടുകയറുംമ്പോഴും   ഉറപ്പായിരുന്നു, വരും എന്‍റെ  " കൊച്ച് " വരും .  പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പ് ഒരു കോള്‍ വന്നു . പ്രദീപേ  , ഇത്   ദീപ്തിയാണ് . ആര് ?oh " sorry  കൊച്ചുത്രേസ്സ്യയാണ് .  ഞാന്‍  upton park ല്‍ ഉണ്ട് .  ഹോട്ടലിലേക്ക് പോകുന്ന വഴിയൊന്നു പറഞ്ഞു തരാമോ .?ഹോ , സന്തോഷായി , താരം എത്തിയിട്ടുണ്ട്  അവസാനം . ഞാന്‍ പറഞ്ഞു വെയിറ്റ് ചെയ്യൂ , ഞങ്ങള്‍ അഞ്ചു മിനുട്ടില്‍ അവിടെയെത്തും , ഒരുമിച്ചു പോകാം .


ഫോണ്‍ കട്ട്‌ ചെയ്ത് പോക്കറ്റിലിട്ടപ്പോള്‍ വളരെ സന്തോഷം തോന്നി .  കൊച്ചുത്രേസ്സ്യ  , എന്നോട് സംസാരിച്ചത്  വലിയ കാര്യത്തോടെയാണ് . എന്‍റെ  പഴയ പോസ്റ്റ്‌ മുഴുവന്‍ കുത്തിയിരുന്നു  വായിച്ചിട്ട് വരുവാണെന്ന് തോന്നുന്നു .  "ഗൊച്ചു  ഗള്ളി ".... ഞാന്‍ തിരിഞ്ഞു  വിഷ്ണുവിനെ നോക്കിയപ്പോള്‍  അളിയന് ഒരു താല്പര്യവുമില്ല . അവന്‍റെ ഒരു കൊച്ചുത്രെസ്സ്യാന്നു  ഒരു ഭാവം ...ട്രെയിനില്‍ നിന്നിറങ്ങി  അവര് പറഞ്ഞ   station te  വാതില്‍ക്കല്‍ ചെന്നു. അകലേന്നെ കണ്ടു ഒരു മലയാളി പെണ്ണ്  അവിടെ ഒട്ടിച്ചു വെച്ചേക്കുന്ന പോസ്റ്റര്‍ വായിച്ചോണ്ട്‌   വായിനോക്കി   നില്‍ക്കുന്നു .  നിപ്പും  മട്ടും കണ്ടപ്പോഴേ പിടി കിട്ടി  നമ്മടെ കൊച്ച് ഇത് തന്നെയാണെന്ന് . പക്ഷെ നേരെ പോയി ഇടിച്ചാല്‍ അത് നാണക്കേടല്ലേ ? ഞങ്ങള്‍ അവരേ കടന്നു അപ്പുറം പോയി . അവരപ്പോഴും പോസ്റ്റര്‍ വായിച്ചോണ്ട്‌  നില്‍പ്പുണ്ട് . പുറത്തു പോയി  നോക്കി . അവിടെ ആരുമില്ല . വിഷ്ണു അപ്പോഴും പറയുന്നുണ്ട് ,അളിയാ  നീ അവരോടു ചോദിക്ക് . ആ പെണ്ണാണ് . ചോദിക്കെന്ന് .  ശരി . ഞാന്‍  മൊബൈല്‍ എടുത്തു റിംഗ് ചെയ്തു . അവര്‍ ഫോണ്‍ എടുത്തു . ഞാന്‍ അടുത്തേക്ക്‌ ചെന്നു , കൊച്ചുത്രേസ്സ്യ അല്ലേന്ന് ചോദിച്ചു .  അന്നേരം " കൊച്ചിന്റെ  ഒരു മറുപടി . ഓ നിങ്ങള്‍ ആരുന്നോ നിങ്ങള്‍ പുറത്തേക്ക് പോകുന്നത്  കണ്ടപ്പോള്‍  എനിക്ക് തോന്നിയിരുന്നുവെന്ന്.ഹും . ബെസ്റ്റ് .  ദൈവത്തിന്‍റെ സൃഷ്ടിയില്‍  ഏറ്റവും  complicated item  ആണ് പെണ്ണ് എന്നുള്ളത്  മനസ്സിലായി .  എനിക്ക് പോസ്റ്റര്‍ വായിക്കുമ്പോള്‍ , അതില്‍  മാത്രം concentrate  ചെയ്യാനുള്ള കഴിവേ ദൈവം തന്നിട്ടുള്ളൂ . ഞാന്‍ പ്രദീപ്‌ , ഇത് വിഷ്ണു .  ഓ വിഷ്ണുവിനെ എനിക്കറിയാം  വിഷ്ണുവിന്‍റെ എല്ലാ യാത്രകളും വായിച്ചിട്ടുണ്ട് . നല്ല എഴുത്താണ് കേട്ടോ വിഷ്ണു .എന്‍റെ സമയം ആഗതമായി , എടുത്ത വായില്‍ ഞാന്‍ ചോദിച്ചു  എന്‍റെ  ബ്ലോഗ്‌ എങ്ങനെയുണ്ട്  ? ഓ ക്ഷമിക്കണം പ്രദീപ്‌ , ഇത് വരെ  അത് വായിച്ചിട്ടില്ല .  പഴുത്ത കപ്പളങ്ങയ്ക്കിട്ടു കവള മടലിനു  അടിച്ച പോലെയായി  നമ്മ ന്‍റെ   ഫേസ്  കട്ട്‌.    ഗൂഗ്ലി ഗൂഗ്ലി .

ഇതെല്ലാം സെക്കന്റ്‌ കൊണ്ട് പറഞ്ഞു കഴിഞ്ഞു .  കവേന്റ്രി മുതല്‍ ലണ്ടന്‍ വരെ  എന്‍റെ നിഴല് പറ്റി, നനഞ്ഞ  പൊരുന്നക്കോഴിയേപ്പോലെ  നടന്ന വിഷ്ണു അളിയന്‍  , ആ ഒറ്റ നിമിഷം കൊണ്ട്  ആറടി നാലിഞ്ചു പൊക്കവും  തേങ്ങാടെ വലിപ്പമുള്ള  രണ്ടു ചെസ്റ്റും ഒക്കെയായി  ലണ്ടന്‍ അങ്ങാടിക്കൂടെ കവച്ചു കവച്ചു നടക്കാന്‍ തുടങ്ങി . അവനും കൊച്ചുത്രേസ്സ്യയും യാത്രകളെ പറ്റിയൊക്കെ  സംസാരിച്ചു മുന്നേ നടന്നു . അത് വരെ  പുലിയാരുന്ന ഞാന്‍ , എടാ എടാ എന്നേം കൂടി നിങ്ങടെ കൂടെ  കൊണ്ട് പോകാവോട  എന്ന് ചോദിച്ചു പൊറകേ............. നല്ല നേരത്ത്  കത്തി പോസ്റ്റും എഴുതി  ബൂലോകത്തുള്ള വന്മാരുടെ   തെറിയും കേട്ട്  ഇരിക്കുന്നതിനു  പകരം  ഏതെങ്കിലും  ഒരു ക്യാമറയും തൂക്കി തെണ്ടിത്തിരിഞ്ഞു  നടന്നിരുന്നെങ്കില്‍  ഇപ്പോള്‍ അവള്‍ക്കടെ മുന്നില്‍ ജാടയിറക്കാരുന്നു.  അത് വരെ കണ്ട സ്വപ്നങ്ങളും ,  മൂന്നു പൌണ്ട് കൂടുതല്‍ കൊടുത്ത് വെട്ടിച്ച തലമുടിയും ,   തേച്ചു  തീര്‍ത്ത ക്രീമും എല്ലാം ജലരേഖകള്‍ .................. ദില്‍ വാലെ ദുല്‍ ഹനിയാ ............  യോദ്ധായില്‍ ലാലേട്ടന്‍ എല്ലാം നഷ്ടപ്പെട്ടു  , നേപ്പാളില്‍ ഇരുന്നു വിളിക്കുന്നില്ലേ , ശ്രീ ബുദ്ധാ ... എന്ന് . അത് പോലെ  ലണ്ടന്‍ അങ്ങാടിയില്‍ ഇരുന്നു , ഞാനും വിളിച്ചു  കൊച്ചുത്രേസ്സ്യെ....................വഴിയില്‍ "ആശ ദോശയുടെ"  മുന്‍പില്‍   ഞങ്ങടെ ആശാന്‍  മുരളിച്ചേട്ടന്‍ നില്‍പ്പുണ്ടായിരുന്നു .  ഒരു കള്ളച്ചിരിയൊക്കെയായിട്ട്.സ്വാഗതം പറഞ്ഞ് അകത്തേക്ക് കേറ്റി . അവിടെ നമ്മുടെ സമദ്  ഇക്ക  കഴിച്ച രണ്ടു ദോശയുടെയും ഒന്നര  മണിക്കൂര്‍  നിര്‍ത്താതെയുള്ള  മുരളിയേട്ടന്റെ   "കൊലക്കത്തിയുടേയും " ക്ഷീണത്താല്‍  ഒരു മൂലക്ക് , വെള്ളം കിട്ടാതെ കിടക്കുന്ന ബ്രോയിലര്‍ കോഴിയേ പോലെ തളര്‍ന്നു കിടപ്പുണ്ടായിരുന്നു . പാവം. ഞങ്ങളേ കണ്ട് , അതാശ്വാസത്തോടെ തല പൊക്കി നാട്ടില്‍ പോലുസുകാരെ പഠിപ്പിക്കുകയും  രാഷ്ട്രീയ പ്രവര്‍ത്തനം  നടത്തുകയും വക്കീല്‍  ആയി ജീവിക്കുകയും ചെയ്ത  നമ്മടെ ഇക്ക , ഇങ്ങനെ  തളര്‍ന്നു പോകണമെങ്കില്‍  , ഹോ  എന്‍റെ  ബിലാത്തി പട്ടണം ചേട്ടാ ...........  നമിച്ചു നിങ്ങളേ..
 .


പിന്നെ  ചെന്നു കയറിയ പാടെ  ഞങ്ങളും  "കാര്യ പരിപാടിയിലേക്ക് " കടന്നു . കൊച്ച്  രണ്ടു ദോശയും ഒരു ഇഡ്ഡലി സെറ്റും, വിഷ്ണു രണ്ടു ദോശയും  ഞാന്‍  "ഒരു" ദോശയും കഴിച്ചു. തീറ്റ കണ്ട മുരളിയേട്ടന്‍, ഇത്  ബ്ലോഗ്‌ മീറ്റാണ് അല്ലാതെ  ബ്ലോഗ്‌ "ഈറ്റ്" അല്ല  എന്നവരെ ഓര്‍പ്പിച്ചു. എന്നോടല്ല -(note the point).ഒള്ള കാര്യം പറയാലോ നല്ല ആസ്വദിച്ചു കഴിച്ചു.നല്ല കിടിലം ദോശ. അത് സ്നേഹപൂര്‍വ്വം ഞങ്ങള്‍ക്ക് വിളമ്പിയ " ആശ ദോശയുടെ " എല്ലാമെല്ലാമായ  കൊല്ലം കാരന്‍ മോഹന്‍ ചേട്ടന്  ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി . കുറേ മലയാളി  പിള്ളേര്‍ക്ക് ഒരുമിച്ചു വെച്ചു വിളമ്പുകയല്ല അദേഹം ചെയ്തത് .  അവിടെയിരിക്കുന്ന സകല കടകളുടേയും ബ്ലോഗ്‌ മീറ്റ്‌ നടത്തിയ  ബോളിയെന്‍  തിയറ്ററി ന്‍റെയും  എല്ലാം  ആത്മാവായ  അദേഹത്തിന്, ഞങ്ങള്‍ക്ക് സാമ്പാര്‍ വിളമ്പി തരേണ്ട ഒരാവശ്യവുമില്ലായിരുന്നു. അവിടെ ഞങ്ങളെ കാണാന്‍ വരികയും  ഞങ്ങള്‍ക്ക് വിളമ്പി തരികയും ചെയ്തപ്പോള്‍  അദേഹത്തിന്റെ  മുഖത്തുണ്ടായിരുന്ന  ആ സന്തോഷം  ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു .  വെറുമൊരു നന്ദി വാക്ക് പറഞ്ഞു അദേഹത്തെ  അപമാനിച്ചതില്‍ ക്ഷമിക്കുക . ദോശ നല്ല ആസ്വദിച്ചു കഴിച്ചോണ്ടിരുന്നപ്പോലാണ്  നമ്മുടെ "അളിയന്മാരുടെ" വരവ് .ബ്ലോഗിലെ ഇംഗ്ലീഷ് എഴുത്തുകാരന്‍ അരുണ്‍, ഭഗവാന്‍ , ബാലമുരളി ,  പുഞ്ചിരിയിലൊതുക്കിയ ആദ്യ പരിചയപ്പെടലിനു ശേഷം  അവന്മാരും  "ബിസിയായി" . എന്തായാലും  അവന്മാര് വന്നിരുന്നു പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍   മോഹന്‍ ചേട്ടന്‍ സാമ്പാറ് പാത്രം ചൈനക്കാരി അസിസ്റ്റന്റിനു കൈമാറി, പട്ടി കടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടവനെ പോലെ  ഒരു മൂലയ്ക്ക് പോയിരുന്നു ശ്വാസം വലിക്കാന്‍ തൊടങ്ങി . പാവം  ഓരോരോ പണി കിട്ടുന്ന വഴികളേ ..........അവന്മാരുടെ "ഇന്ത്യാ ചൈന യുദ്ധം" ഒരു കരക്കടുത്തപ്പോള്‍  ഞങ്ങള്‍  മുകളിലത്തെ  ഓടിറ്റോറിയത്തിലേക്ക് ...........


 ഈ സംഭവ സ്ഥലം  അത്ര നിസ്സാര സ്ഥലമല്ല . ഒരു മാതിരിപ്പെട്ട എല്ലാ ബോളിവുഡ് സ്റ്റാര്‍സും വന്ന് മീറ്റിങ്ങിനു ഇരുന്നിട്ടുള്ള  സ്ഥലമാണ്   ഈ ഓടിറ്റോറിയം .അമിര്‍ഖാന്‍ , അമിതാബ് ബച്ചന്‍ , ഷാരുഖ് ,  ഹൃതിക് , റാണിക്കുട്ടി ( മുഖര്‍ജി ) അങ്ങനെ  ഒരുമാതിരിപ്പെട്ട  എല്ലാവരും .അങ്ങനെ എല്ലാവരും വട്ടത്തില്‍  കസേരയിട്ട്  ഇരുന്നു. എനിക്ക്  കിട്ടിയത് നമ്മന്റെ  റാണിക്കുട്ടി  പണ്ട് ഇരുന്ന കസേരയാണ്.പത്തയ്യായിരം കസേരക്കകത്ത് നിന്ന് നിനക്ക്  അത് തന്നെ എങ്ങനെ  കൃത്യം കിട്ടിയെന്നു ചോദിക്കരുത്. ഹോ, പുവര്‍ മല്ലൂസിന്‍റെ ചീപ്  ക്വസ്റ്റ്യന്സ് .അങ്ങനെ ബ്ലോഗ്‌ മീറ്റ്‌ ആധികാരികമായി  തുടങ്ങി . (ഞങ്ങളെ കിട്ടിയപ്പോള്‍ മുതല്‍ മുരളിച്ചേ ട്ടന്‍റെ കത്തി ഞങ്ങടെ നേര്‍ക്കാരുന്നല്ലോ, ആ സമയത്ത് വലിച്ചെടുത്ത ഓക്സിജന്‍റെ  ബലത്തില്‍) സമദ്  ഇക്ക സംസാരിച്ചു തുടങ്ങി . ക്രിമിനോളജി പഠിച്ച കാര്യവും  വടക്കന്‍ നാട്ടിലെ ബ്രിട്ടീഷ്‌ ഭരണ കാലവും  , അവിടെ ജനിച്ചു വളര്‍ന്ന സായിപ്പിനെ യൂകെയില്‍ പോയി കണ്ടപ്പോള്‍ സായിപ്പ് കഞ്ഞി കൊടുത്ത കാര്യവും ഒക്കെ രസകരമായി ഇക്ക പറഞ്ഞു കൊണ്ടേയിരുന്നു . ബ്ലോഗ്‌ മീറ്റ്‌ ഉദ്ഖാടനം ചെയ്തു ഒരു അഞ്ചു മിനിറ്റ് സംസാരിക്കണം എന്ന് പറഞ്ഞു, ഒരു പ്രവാസി എഴുത്ത് കാരനെ  മുരളിയേട്ടന്‍  "ഏര്‍പ്പാടാ"ക്കിയിരുന്നു. ശ്രീ പാറശ്ശാല  സോമന്‍. അദേഹം അര മണിക്കൂര്‍  വൈകിയാണ്  എത്തിയത്.അര മണിക്കൂര്‍ വൈകിയാലും  അദേഹം  കാര്യങ്ങളെല്ലാം ഉഷാറായി നടത്തി .ബ്ലോഗ്‌ മീറ്റ്‌ ഉദ്ഖാടനം  ചെയ്തു സംസാരിച്ചു.പ്രവാസി കാര്യ അവാര്‍ഡ് , ഈസ്റ്റ്‌ ഹാം  മലയാളി അവാര്‍ഡ് , ലണ്ടന്‍ അങ്ങാടി മലയാളി അവാര്‍ഡ്‌ ... അങ്ങനെ ഒത്തിരി അവാര്‍ഡുകള്‍ അദേഹം നേടിയിട്ടുണ്ട് എന്ന്  പറഞ്ഞു . അദേഹം പറഞ്ഞ പോലെ  അഞ്ച് മിനുട്ട് കൊണ്ട്  വാക്കുകള്‍ അവസാനിപ്പിച്ചു. എനിക്കൊത്തിരി സന്തോഷം തോന്നി .  ഉദ്ഖാടനം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം .


പിന്നീട്  ബ്ലോഗ്ഗര്‍ അരുണ്‍ സംസാരിക്കാന്‍ തുടങ്ങി. ആംഗലേയ  ഭാഷയിലാണ് എഴുതുന്നത്‌ എന്ന് പറഞ്ഞാണ് തുടങ്ങിയത്. ആംഗലേയ സാഹിത്യം എന്ന് കേട്ടതും നമ്മുടെ "ബുജി" പാറശ്ശാല സോമന്‍  ഉണര്‍ന്നു . ആംഗലേയ  സാഹിത്യത്തിന്റെ പോരായ്മകളേക്കുറിച്ചും  ഷേക്ക്‌സ്പിയര്‍ എഴുതിയതിലെ ഗ്രാമ്മര്‍ മിസ്റ്റേക്കിനേ കുറിച്ചും  അര മണിക്കൂര്‍ " വിലപ്പെട്ട അറിവ്" പകര്‍ന്നു തന്നു.  അങ്ങനെ അരുണിന് മൊത്തം സംസാരിക്കാന്‍ പോലും പറ്റിയില്ല .   ഇതിനിടയില്‍ ആണ്  നമ്മുടെ ബ്ലോഗ്ഗര്‍ ഷിയാ ചേച്ചിയും ഹസ് ഷമീം ചേട്ടനും വന്നത്. ചേച്ചി പറഞ്ഞിരുന്നു , കസിന്‍റെ " holy communion "  നടക്കുന്നുണ്ട് ഈസ്റ്റ്‌ ഹാമില്‍ വെച്ച് . അതിനിടയില്‍  ഓടി വന്നിട്ട് പോകത്തേയുള്ളൂ .ആരും പരാതി ഒന്നും പറയരുത് എന്ന് .  പറഞ്ഞ പോലെ തന്നെ ചേച്ചി വന്നു. പക്ഷേ വരവ്  കണ്ടപ്പോള്‍ ഒരു സംശയം തോന്നി , വരുന്നത്  " holy communion " പാര്‍ട്ടിയില്‍ നിന്നാണോ അതോ ഭരത നാട്യത്തിന്റെ സെറ്റില്‍ നിന്നാണോ ?  എന്‍റെ ചേച്ചി........  ക്രീമിന് ഒക്കെ ഒരു പരിധിയില്ലേ ? ലിപ്സ്റ്റിക്കിനും  ഇല്ലേ  അപ്പനും ആങ്ങളമാരും ?എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു . അപ്പോഴേക്കും നമ്മുടെ " സോമേട്ടന്‍ " അടുത്ത " വലിയ " കാര്യങ്ങളിലേക്ക് കടന്നു. കാശ്  മുടക്കി ആളുകള്‍ അവാര്‍ഡ്‌ മേടിക്കുന്ന  കാര്യവും , ( പുള്ളി ആ ടൈപ്പ് അല്ല കേട്ടോ )  പണം കൊടുത്ത്  മറ്റുള്ളവരെ കൊണ്ട് എഴുതിക്കുന്ന കാര്യവും  ഒക്കെ ഞങ്ങള്‍ ചോദിക്കാതെ തന്നെ  അദേഹം പറഞ്ഞു കൊണ്ടേയിരുന്നു .

അപ്പോഴാണ്‌  മനോജ്‌ ശിവ എന്ന് പറയുന്ന ഒരു ബ്ലോഗ്ഗര്‍ കേറി വന്നത് .  എന്താണ് ഞാന്‍ ആ മനുഷ്യനേ പറ്റി പറയേണ്ടത്.സംഗീതം സിരകളില്‍ ഒഴുകുന്ന ഒരു മനുഷ്യന്‍ . അദേഹം തന്നെ പറയുന്നു , സംഗീതത്തിന്റെ  മുന്‍പില്‍ ഞാന്‍ എല്ലാം മറക്കുന്നു.വല്ലപ്പോഴുമേ  എഴുതാറുള്ളൂ . എഴുതുമ്പോള്‍, എന്‍റെ മനസ്സില്‍ വരുന്നതൊക്കെ  അങ്ങ് എഴുതി വക്കുന്നു .  അത് ഏതോ ഒരു അദൃശ്യ ശക്തിയാല്‍  എഴുതി പോകുന്നതാണ്.  ഭ്രാന്തമായ  സ്നേഹത്തിലാണ് ഞാന്‍ എഴുതുന്നത്‌ .  കേട്ടിരിക്കാന്‍  വശ്യമായ  ഒരു സൗന്ദര്യമുണ്ടായിരുന്നു  അദേഹത്തിന്റെ  വാക്കുകള്‍ക്ക്. ഞാന്‍ ആ  സംസാരത്തിന്റെ മായാ ലോകത്തിലേക്ക് ലയിച്ചു ചേരാന്‍ തുടങ്ങിയപ്പോള്‍  ഒരു അശരീരി  കേട്ടു.  മാലാഖമാരൊന്നുമല്ല, നമ്മടെ സോമന്‍ , പാറശ്ശാല സോമന്‍!!!!!!!!!അങ്ങേരു എന്തോ പറഞ്ഞു . അത് ഞാന്‍ ഇവിടെ എഴുതുന്നില്ല .എനിക്കുമില്ലേ മാനാഭിമാനം...?


അങ്ങനെ  മനോജ്‌ ശിവയുടെ സംസാരം സോമന്‍  നിര്‍ത്തിച്ചു.പിന്നീട്  എന്‍റെ ഊഴമായിരുന്നു . ഞാനും എന്തൊക്കെയോ  പറഞ്ഞു . സോമന്‍ ഇടയ്ക്കു കയറിയാലും  "മൈക്ക്"  വിട്ടു കൊടുക്കില്ല എന്നുറപ്പിച്ചു തന്നെയാരുന്നു . പക്ഷേ സോമനാരാ  മോന്‍ ???അങ്ങനെ ഞാനും മുഴുമിച്ചില്ല .പിന്നെ  കൊച്ചുത്രേസ്സ്യയുടെ  ഊഴമായിരുന്നു . അവര്‍ വല്യ ബ്ലോഗ്ഗര്‍ ആണെന്നറിഞ്ഞതോടെ , നമ്മുടെ സോമേട്ടന് അപ്പോള്‍ തന്നെയത്  പുസ്തകമാക്കണം. പുസ്തകമാക്കിയാല്‍  വായനക്കാരുണ്ടാകുമോ  എന്നാരോ സംശയം ചോദിച്ചു .കത്തി വെക്കാന്‍ വേണ്ടി ബിര്‍മിന്‍ ഹാമില്‍ നിന്ന്  മൂന്നു മണിക്കൂര്‍  യാത്ര ചെയ്തു ,  സാഗര്‍ ഏലിയാസ് സോമന്‍റെ മുന്നില്‍ വായൊന്നു  തുറക്കാന്‍ പോലും  പറ്റാതെ നിന്ന ഞാന്‍ , ഏതായാലും   ഇന്നത്തെ ദിവസം "കത്തി"പ്പോയി  എന്നാല്‍ അളിച്ചങ്ങ്  വാരിയെക്കാമെന്ന് വെച്ച് അതേറ്റു പിടിച്ചു .  അങ്ങേരുമായി ഫയങ്കരം  ഡിബേററ് അങ്ങ് നടത്തി . ഏറ്റില്ല .സോമനാരാ മൊതല് !!!!!!!!  (എന്‍റെ ആവനാഴിയില്‍  വാക്കുകളില്ലഞ്ഞിട്ടല്ല , കല്യാണം ഒക്കെ കഴിക്കാറായില്ലേ  ഇനിയെങ്കിലും നാട്ടു കാരുടെ  മുന്‍പില്‍  " ഡീസന്റ് " ആവണം തോമാച്ചാ  എന്ന് അമ്മ പറഞ്ഞത് കൊണ്ട് വെറുതേ വിട്ടതാ .ഹും ) .അങ്ങനെ  പാറശ്ശാല  സോമന്‍ ഏലിയാസ് ജാക്കിയായപ്പോള്‍ ഞങ്ങള്‍  ശശിയായി . വെറും ശശിയല്ല പാലാരിവട്ടം ശശി .

ഏതോ ഒരു ബ്ലോഗ്ഗര്‍ പറഞ്ഞു  ഞാന്‍ കുറച്ചു കാലം ഗള്‍ഫില്‍ ഉണ്ടായിരുന്നു . ദാ  എത്തിപ്പോയി നമ്മുടെ സോമന്‍ . ഞാന്‍ പത്തു പതിനെട്ടു വര്‍ഷത്തോളം ഗള്‍ഫില്‍ ഉണ്ടായിരുന്നു . ആദ്യകാലത്ത്  സൗദിയിലിരുന്നു  ഒരു കഥയെഴുതി  "മണല്‍ത്തരികള്‍ എണ്ണിയപ്പോള്‍ ".   പിന്നെ ഏതാണ്ടൊക്കെ അങ്ങേരു പറഞ്ഞു കൊണ്ടേയിരുന്നു .   ഏതായാലും  അങ്ങേരു  "മണല്‍ത്തരികള്‍ എണ്ണിയപ്പോള്‍ "  പാവപ്പെട്ട ബ്ലോഗ്ഗര്‍മാര്‍  നക്ഷത്രം എണ്ണി.   അങ്ങനെ കമ്പ്ലീറ്റ്‌ലി  സോമന്‍  അളിച്ചു വാരിയ  ബ്ലോഗ്‌ മീറ്റ്‌ , മരിച്ച വീട്ടിലെ ഒപ്പീസ് കേള്‍ക്കുന്ന  പോലെ  ഞങ്ങള്‍ ബ്ലോഗ്ഗര്‍ മാര്‍ "ആസ്വദിച്ചു" കൊണ്ടേയിരുന്നു . അപ്പോള്‍  മുരളിച്ചേട്ടന്‍ എഴുതിയ  ഒരു കുറിപ്പ്  ഞങ്ങള്‍ക്കിടയില്‍ കൈമാറി കൈമാറി  കിട്ടി.
"അറിയാതെ പറ്റിയതാ, പാരയായിപ്പോയി, നീങ്ങ ക്ഷമീര് ..."ഹും , അത്രയെങ്കിലും  അങ്ങേരു പറഞ്ഞില്ലായിരുന്നെങ്കില്‍  ഞെക്കി ഞാന്‍ കൊന്നേനെ ആ പണ്ടാരത്തിനേ ....

മൊത്തത്തില്‍ , ബ്ലോഗ്‌ മീറ്റ്‌ എന്ന പേരില്‍ ശ്രീമാന്‍ സോമന്‍ സമ്മാനിച്ച   ആ  " മരിച്ചടക്ക്‌ " ചടങ്ങില്‍   അവസാനം മുരളിച്ചേട്ടന്‍ ഇറങ്ങി .  മുംബൈ ഇന്ത്യന്‍സിന്‍റെ പൊള്ളാര്‍ഡ്  ഇറങ്ങിയ പോലെ  .ഒരു കിടിലം മാജിക്‌ ഷോ നടത്തി . പത്തു മിനിറ്റ് കൊണ്ട് , ആ വേദി ഇളക്കി മറിച്ചു കളഞ്ഞു .  ആവേശം വാനോളം ഉയര്‍ന്നപ്പോള്‍ , പൊള്ളാര്‍ഡിന്  അടിക്കാന്‍ ഒവറില്ലാത്ത ഇല്ലാത്ത പോലെ സമയം കടന്നു പോയിരുന്നു . നേരെ ചൊവ്വേ  ഒന്ന് പരിചയപ്പെടാന്‍ പോലും കഴിയാതെ  ഭക്ഷണ മേശയിലേക്ക്‌  എല്ലാരും കൂടി നടന്നപ്പോള്‍ ( അപ്പോഴും മഴ പെയ്യുകയായിരുന്നു  എന്ന് സാഹിത്യകാരന്മാര്‍ "സാഹിത്യക്കുന്നത്" പോലെ )  അപ്പോഴും സോമന്‍ സാഹിത്യം പുലമ്പിക്കൊണ്ടിരിക്കുവാരുന്നു !!!!!!!!!!!!!!!!! എണീറ്റ്‌ വാടെ  കഞ്ഞി കുടിക്കാമെന്ന് പറഞ്ഞപ്പോളാണ്  അതൊന്നു നിര്‍ത്തിയത് .


അമ്മ പറഞ്ഞത് കൊണ്ട് ഞാന്‍ ഡീസന്റ് ആയിട്ട് "അഭിനയിക്കാന്‍" തുടങ്ങി . അത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല  സോമനോട് . ഇല്ലാരുന്നെങ്കില്‍   ഉരലിനകത്തിട്ടു  ഇടിച്ചു , വെടി മരുന്ന് കൂട്ടി  തിരുമ്മി , റഷ്യയില്‍ നിന്ന് ഒരു പഴയ കപ്പല് വെലക്ക്  മേടിച്ച്  പുറം കടലില്‍ കൊണ്ട് പോയി കത്തിച്ച് കളഞ്ഞേനെ , ആ നായിന്‍റെ മോനെ . എല്ലാവരും  പാഴായി പോയ ഒരു ദിവസത്തെ ഓര്‍ത്ത്‌ , ഒരേ  മനസ്സും  ചിന്തകളുമുള്ള ഈ ബൂലോകരുമായി ഒരു നല്ല കത്തി പോലും വെക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത്  തീന്‍ മേശയിലേക്ക്‌ നടക്കുമ്പോള്‍  ആകെ ആശ്വാസം നമ്മടെ  ആശാന്‍റെ മാജിക്‌ ആയിരുന്നു . തീന്‍ മേശയില്‍ കിട്ടിയ ഓരോ നിമിഷവും  ആവേശത്തോടെ  പരസ്പരം സംസാരിച്ച് ബ്ലോഗ്ഗര്‍മാര്‍  സൗഹൃദം പങ്കു വെച്ചു.  എനിക്കും വിഷ്ണുവിനും ഏറ്റവും ദൂരേക്ക്‌ പോരേണ്ടത് കൊണ്ട്   ഞങ്ങള്‍ക്ക് ആദ്യം ചോറ് വിളമ്പി തന്നു. ബാക്കിയെല്ലാവരും ക്യൂവില്‍.ഞങ്ങള്‍ മീന്‍ കറിയും മീന്‍ വറത്തതും  അവിയലും തോരനും പപ്പടവുമൊക്കെ  കൂട്ടി കുഴച്ച് , ആസ്വദിച്ചു  ഉണ്ടോണ്ടിരുന്നപ്പോള്‍  കൊച്ച്ത്രേസ്യയും സമദ് ഇക്കയും  അരികില്‍ വന്നു  നോക്കി ഇരുന്നു. ഞാന്‍ രണ്ടു ചോറ് എടുത്ത്,പാത്രത്തിനു ചുറ്റും മൂന്നു പ്രാവശ്യം ചുഴറ്റി  അവര്‍ക്ക് നേരെ ഇട്ടു.കൊതി കിട്ടാതിരിക്കാന്‍ വേണ്ടിയൊന്നുമല്ല ,ചുമ്മാ ഇട്ടന്നേയുള്ളൂ. (prevention is better than cure.)ചേട്ടാ ഇച്ചിരി അവിയല് കൂടി  എന്ന് വിളിച്ച്  പറഞ്ഞ് തിരിഞ്ഞു  പാത്രത്തില്‍ നോക്കിയപ്പോള്‍  പപ്പടം കാണാനില്ല . ആട് പ്ലാവില  തിന്നുന്നപോലെ  പപ്പടം തിന്നുന്ന  കൊച്ചുത്രേസ്യയേ  കണ്ടു പിടിക്കാന്‍  ലോക്കല്‍ പോലീസിന്‍റെ അന്വേഷണ നിലവാരം പോലും  വേണ്ടി വന്നില്ല . ദോഷം പറയരുതല്ലോ  ഇന്നാ ഇച്ചിരി കഴിച്ചോന്നു പറഞ്ഞ് , ഒരു  കുഞ്ഞു കഷണം ഒടിച്ചെനിക്ക് തന്നു കേട്ടോ . സ്നേഹമുള്ളവളാ  കൊച്ചുത്രേസ്യാ ......... എലിപ്പാതി ഞങ്ങള്‍ കോട്ടയം കാര്‍ക്ക് വേണ്ടാന്നു പറഞ്ഞ് തിരിച്ചു കൊടുത്തു. ഹും .ചേട്ടാ  ഇച്ചിരി  രസം തരാവോ എന്ന് ചോദിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍  പാത്രത്തില്‍ ഇരുന്ന മീന്‍ വറത്തത് കണ്ടില്ല .  എന്തും  ഞാന്‍ സഹിക്കും മീന്‍ ഫ്രൈ പോയാല്‍ കൊല്ലും ഞാന്‍ ... ഒരു സി ബി ഐ അന്വേഷണം വേണ്ടി വന്നു  പമ്മിയിരുന്നു മീന്‍  ഫ്രൈ തിന്നുന്ന സമദ് ഭായിയെ  കണ്ടു പിടിക്കാന്‍ .  കൊങ്ങായ്ക്ക് പിടിച്ചു ഞെക്കി  ബാക്കി  മീന്‍ ഫ്രൈ തിരിച്ചു പിടിക്കുമ്പോള്‍ , ഒരങ്കം ജയിച്ച സന്തോഷമായിരുന്നു  മനസ്സില്‍ . പിന്നെ ഒരു റിസ്ക്‌ എടുക്കാന്‍ നിന്നില്ല  അപ്പോള്‍  തന്നെ  മീന്‍ ഫ്രൈ ഫിനിഷ് ചെയ്തു . ഒരു പാത്രത്തില്‍ ഉരുട്ടി വാരി എല്ലാരും കൂടി തിന്നപ്പോള്‍  ജീവിതത്തില്‍  എന്തൊക്കെയോ ഓര്‍ത്ത്‌ പോയി ഞാന്‍ . ഒരിക്കലും തിരിച്ചു കിട്ടില്ലെന്നുറപ്പുള്ള  നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചു കിട്ടുന്ന പോലെ ...... ഒരു നിമിഷമെങ്കിലും  പഴയ  പല സന്തോഷങ്ങളും  എന്നേ ഓര്‍മ്മിപ്പിച്ച    കൊച്ചിനും സമദ് ഇക്കക്കും .... നന്ദിയല്ല .. അതില്‍ നിന്നു വ്യത്യസ്തമായ   എന്തോ ഒന്ന് ...........)

  അവസാന നിമിഷം  ആ വട്ട മേശയില്‍  സ്നേഹം പൊട്ടി വിടരുന്നത്  ആത്മഹര്‍ഷത്തോടെ ഞാന്‍ കണ്ടു കൊണ്ടിരുന്നു . സമയക്കുറവു മൂലം  ഞാനും വിഷ്ണുവും മനസ്സില്ലാ മനസ്സോടെ   യാത്ര പറഞ്ഞു . ബാലമുരളിയോടും , ഭാഗവാനോടും , അരുണിനോടും  എല്ലാവരോടും യാത്ര പറഞ്ഞു , അടിച്ചു വീലായി  വലിയ താമസമില്ലാതെ ടിപ്പു സുല്‍ത്താന്‍ ആകാന്‍ പോകുന്ന  നമ്മടെ സ്വന്തം സോമേട്ടനോടും യാത്ര പറഞ്ഞു .  എല്ലാവരും  ബിര്‍മിന്‍ ഹാമില്‍  വരണമെന്നും  എന്റെ കൂടെ  ഒരു ദിവസമെങ്കിലും ചിലവഴിക്കണമെന്നും  പറഞ്ഞു. (  ഓഫ് ടോ . വരുന്ന ഡേറ്റ് ഒന്ന് മുന്നേ പറയണേ , സത്യായിട്ടും ഞാന്‍ ഓടൂല്ല  :):):) ).അവസാനം  എന്‍റെ കൊച്ചുത്രേസ്സ്യ  കൊച്ചിന്റ അടുത്തു വന്നു . വിടര്‍ന്ന മുഖത്തു കാര്‍മേഘങ്ങള്‍  നിറയുന്നത് ഞാന്‍ കണ്ടു .

കവി മുരുകന്‍ കാട്ടാക്കടയുടെ  രേണുക എന്ന ഒരു കവിതയിലെ വരികളാണ്   എന്‍റെ മനസ്സ്  മൂളിയത് .

"പിരിയുമ്പോഴേതോ  നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
................... നാം രണ്ടു മേഘ ശകലങ്ങളായി
 അകലേക്ക്‌ മറയുന്ന  ക്ഷണ ഭംഗികള്‍
 മഴ വില്ല്  താഴെ വീണുടയുന്ന മാനത്ത്
വിരഹ മേഖ ശ്യാമ ഘന ഭംഗികള്‍
പിരിയുന്നു  കൊച്ചുത്രേസ്യേ  നാം രണ്ടു പുഴകളായി ഒഴുകി അകലുന്നു ... "

ബാക്കി യു ട്യൂബില്‍ ഉണ്ട് . ( കിടിലം കവിതയാണ് . ഇച്ചിരി ഡിപ്രഷന്‍ ഉള്ളവരൊന്നും കേട്ടേക്കല്ലേ  ..... മുന്‍‌കൂര്‍ ജാമ്യം . പക്ഷെ കവിത നൂറു ശതമാനം  കിടിലം . പക്കാ).യാത്ര പറഞ്ഞപ്പോള്‍  ബിര്‍മിന്‍ ഹാമിന് ഞാന്‍ വരുന്നുണ്ടെന്നു  ഞാന്‍ ക്ഷണിക്കാതെ തന്നെ കൊച്ച് ഇങ്ങോട്ട് പറഞ്ഞു. വീണ്ടും ഗൂഗ്ലി .
കൈ പിടിച്ചു കുലുക്കി , കൊച്ചിന്റെ മുഖത്ത് നിറഞ്ഞ കാര്‍മേഖങ്ങള്‍   കരിമഷിയിടാത്ത കണ്ണിലൂടെ മഴത്തുള്ളിയായി  പെയ്യുന്നത് കാണാന്‍ നില്‍ക്കാതെ  തിരിഞ്ഞു നടന്നു .
നില്‍കുന്നവര്‍ ഇടതു നിന്ന്: മനോജ്‌ ശിവ, ഷിബു, അരുണ്‍, ഷിജിന്‍, ബാലമുരളി, പ്രദീപ്‌, ബിലത്തിപട്ടണം മുരളീ മുകുന്ദന്‍, വിഷ്ണു
ഇരിക്കുന്നവര്‍ ഇടതു നിന്ന്: സിയാ, സമദ് ഇരുമ്പുഴി(സമദിക്ക), കരൂര്‍ സോമന്‍, കൊച്ചുത്രേസ്യ(ദീപ്തി )

ഈ ചിത്രം എടുത്തത്‌ ഷമിന്‍. (അദ്ദേഹതെ ആദ്യ രണ്ടു ചിത്രങ്ങളില്‍ കാണാം )

 ബ്ലോഗ്ഗര്‍ മേരിക്കുട്ടിയെ കുറിച്ചു  ഒന്നും എഴുതിയില്ല അല്ലേ?  കൃത്യം  പത്തു മണിക്ക് തന്നെ  ആശൈ ദോശയില്‍ ഉണ്ടാകുമെന്ന്  വാക് പറഞ്ഞ  മേരിക്കുട്ടി , ഞങ്ങള്‍  പിരിയുന്നതിനു മുന്‍പ്   ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍   ഫോണില്‍ വിളിച്ചിരിക്കുന്നു . ഇപ്പോള്‍ വന്നോണ്ടിരിക്കുവാണെന്ന്.വരുന്നത് സ്കോട്ട് ലണ്ടില്‍ നിന്നാണെന്ന് വിചാരിക്കരുത് . വീട്ടില്‍  നിന്ന്  പത്തു മിനിറ്റ്  കാര്‍ യാത്ര മാത്രമേയുള്ളൂ  പുള്ളി കാരിക്ക് . അപ്പോള്‍  അവരേ കുറിച്ചു ഞാന്‍ വല്ലതും എഴുതിയാല്‍ , മറ്റേ   സാഗര്‍ ഏലിയാസ് സോമന്‍റെ അവസ്ഥ ഇച്ചിരി "ഭേദപ്പെടും". ആഗ്രഹ മുണ്ടായിട്ടും  ഈ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന  വിജയലക്ഷ്മിയമ്മക്ക്  ഈ മീറ്റ്‌ അവലോകന കുറിപ്പ് സമര്‍പ്പിക്കുന്നു .  സീമ മേനോന്‍ ചേച്ചിയേയും സിജോ ജോര്‍ജ് നേയും മനോജ്‌ സോമോന്‍ ചേട്ടനേയുമൊക്കെ  ഇവിടെ പ്രത്യേകം സ്മരിക്കുന്നു . പിന്നെ യൂകെയില്‍  പലയിടത്തും  ചിതറി കിടക്കുന്ന  പരസ്പരം അറിയാത്ത മറ്റു പല ബ്ലോഗ്ഗര്‍ മാരുമായും  നമുക്ക്  ഒന്നിച്ചു ചേരാന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു .
                            
 ഈ കുറിപ്പ് പൂര്‍ണമല്ല . പലതും വിട്ടു പോയിട്ടുണ്ട് . അത് മുഴുവന്‍ എഴുതണമെങ്കില്‍  ഒരു നാല് പോസ്റ്റ്‌ എങ്കിലും വേണം .ഈ കുറിപ്പ് എഴുതാന്‍ എന്നേ പ്രോത്സാഹിപ്പിച്ച  മുരളിയേട്ടന്‍  ബിലാത്തി പട്ടണം ചേട്ടന് നന്ദി . കൂടെ ഇത് വായിച്ചു പോരായ്മകള്‍ പറഞ്ഞു തന്ന വിഷ്ണു ലോകത്തിനും, ബ്ലോഗ്‌ മീറ്റ്‌ റിപ്പോര്‍ട്ട്‌  റെഡി ആയില്ലേ , ഇല്ലെങ്കില്‍ ഞാന്‍ എഴുതും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ  സിയാ  ചേച്ചിക്കും , തന്നേക്കുറിച്ചു എഴുതട്ടെ എന്ന് ചോദിച്ചപ്പോള്‍   എന്നാ വേണേലും എഴുതി വിട്, അളിയാ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ച   എന്‍റെ " കൊച്ചിനും " നന്ദി .ഇത് വരെ സഹിച്ചു വായിച്ച  നാട്ടുകാര്‍ക്ക്  ഡബിള്‍ സ്ട്രോങ്ങ്‌ നന്ദി .


Sunday, 25 April 2010

ഒരു കുത്തി കുറിപ്പ് .....

കഴിഞ്ഞ ആഴ്ചത്തെ  വാരഫലം എനിക്കനുകൂലമായിരുന്നെങ്കിലും  അനുഭവം തിരിച്ചായിരുന്നു.ഭയങ്കര ഡിപ്രഷന്‍ ഒന്നിനും ഒരു മൂഡ്‌ കിട്ടുന്നില്ല.ഒരുമാതിരി ഓളത്തിലെ  ഒതളങ്ങ പോലെ.ഒരു വക പഠിച്ചില്ല.ജോലിക്ക് പോകുക.തിരിച്ചു വന്നു  ഓര്‍മ്മകള്‍ അയവിറക്കുക ഇത് തന്നെ പണി. ക്രിയേടിവ് ആയി ഒന്നും ചെയ്തില്ല. ഒറ്റക്കിരുന്നു  വട്ടായി പോകുവോ എന്നോര്‍ത്തു ടെന്‍ഷന്‍ അടിച്ചിരുന്നപ്പോഴാ, ഇംഗ്ലണ്ട് ലെ  ഒരു വല്യ ബ്ലോഗ്ഗര്‍ വിളിക്കുന്നത്‌. അവനു പ്രൊജക്റ്റ്‌ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നില്ലത്രേ. സ്വയം ക്രിയേടിവ് ആകാന്‍ കഴിയുന്നില്ല,അവനേ ഒന്ന് ഉപദേശിക്കണമെന്നു. ഉരല്  ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞ പോലെയായി . 
ദോഷം പറയരുതല്ലോ  ഒരു ,ഒരു മണിക്കൂര്‍ അവനേ അങ്ങ് ഉപദേശിച്ചു കളഞ്ഞു .നന്നായി കാണും. സംശയമൊന്നും ഇല്ല. ആ മാതിരി അലക്കല്ലായിരുന്നോ.ബൈബിളും ഭഗവത് ഗീതയും  ഇന്ത്യന്‍ സൈകോളജിയും എല്ലാം എടുത്തലക്കി. ഇനിയും നന്നായില്ലെങ്കില്‍ ഒലക്കക്കടിച്ചു  കൊല്ലണം ആ പന്നിയേ.. സിഗ്മണ്ട്  ഫ്രോയിഡിന് പോലും ഇനിയവനെ നന്നാക്കാന്‍ പറ്റുകേല.

 അതവന്‍റെ കാര്യം . നമ്മള്‍ ഇച്ചിരി കൂടി റേഞ്ച്  കൂടിയ "ഐറ്റം". എന്‍റെ മനസ്സിനെ പിടിച്ചു കെട്ടാന്‍  പറ്റാതെ വന്നപ്പോള്‍  നേരെ  "ലാപ്‌ " എടുത്ത്  കുറേ ഇടിവെട്ട് പാട്ടുകള്‍ ഇട്ടു.മറ്റേ ആ "കറമ്പന്‍ ചെക്കന്‍റെ " akon" ഒക്കെ ഒരു നാല് ചാല് കീറി. എന്നിട്ടും രക്ഷയില്ല . യു ടൂബില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍  ഒരിക്കലും  ഒരു ഒഴുക്കുള്ള പാട്ട് വരരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു . പക്ഷെ ഒരു പാട്ട് അറിയാതെ വന്നു  കേറി . മനസ്സ് മുഴുവന്‍ ഇപ്പോള്‍ ആ പാട്ടാണ് . ഒരു അമ്പതു പ്രാവശ്യം ഇപ്പോള്‍  അത് കേട്ട് കാണും.
                                                      അതിലെ വൃദ്ധന്‍ നായകന്‍ എന്നേ വല്ലാതെ ചിന്തിപ്പിക്കുന്നു . അയാളുടെ ഓര്‍മകളാണ്  ഈ പാട്ടില്‍ കാണിക്കുന്നത് .  അതിലെ യുവാവും ആ നായികയും  എന്‍റെ മനസ്സീന്നു  അങ്ങ്  പറിഞ്ഞു പോകുന്നില്ല . ജീവിതത്തില്‍ കണ്ട "പലരേയും" പോലെ .  ഇന്ന് ആ നായകന്‍ ചെക്കനെ  ഹൃതിക്കിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു . ഒരു വില്ലേജ് ഹീറോ .
എന്‍റെ നാട്ടിലെ പുഴയുടെ തീരത്തുള്ള  ഹിന്ദു കുടുംബങ്ങളിലെ ,കാച്ചെണ്ണ തേച്ചു കുളിച്ചു മുടി ചീകിയൊതുക്കി, ഒരു പറ്റ്  താടിയൊക്കെ പിടിപ്പിച്ചു  ചെറിയ ചിരിയുമായി വരുന്ന എന്‍റെ കൂട്ടുകാരെപ്പോലെ  ഇരിക്കുന്നു ആ നായകന്‍. 
തമിഴ് സിനിമകളില്‍ ഒക്കെ നായകന്മാര്‍ അലറുന്നില്ലേ " ണാന്‍ ആമ്പുള സിങ്കം " എന്നൊക്കെ.
ഇതിലെ വൃദ്ധന്‍ അലറാതെ  വെറുതെ നിന്ന് കാണിച്ചു തരുന്നു, എന്താണ് ആമ്പുള സിങ്കം എന്ന് .
ഒരു പക്ഷെ ഒരു വില്ലേജില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ടാവാം ഇതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടത്.നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ലേല്‍ ക്ഷമിക്കുക .
അതിലെ അവസാനത്തെ വരി എഴുതി നിര്‍ത്തുന്നു .
അന്നും ഉറ്റവള്‍ നീ  തന്നെയാവാം .......
അന്നും   മുറ്റത്ത് പൂമഴയാവാം  അന്നും മുറ്റത്ത് പൂമഴയാവാം ...
( അന്നും ഉറ്റവള്‍ നീ തന്നെയാവാം  എന്ന വരി പാടുമ്പോള്‍ ആ പെണ്‍കുട്ടിയുടെ  മുഖം കണ്ടോ ?)
 ഇതിലെ ഓരോ ഭാഗവും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ).
നിങ്ങള്‍ക്കായി ഞാന്‍ അത് ഡെഡിക്കേറ്റ് ചെയ്യുന്നു .

Thursday, 25 March 2010

ആ മദാമ്മ കൊച്ചും പിന്നെ ഞാനും .....
ഞാനൊരിക്കല്‍ എഴുതിയില്ലേ ഈ പ്രവാസ ജീവിതത്തിലെ മടുപ്പ് കാരണം ഒരു കോഴ്സ് പഠിക്കാന്‍ പോകുന്നുവെന്ന്.ആ ക്ലാസ് തുടങ്ങി. ഒരു ഇടിവെട്ട് കോഴ്സ് ഞാന്‍ ബികോമിന് പഠിച്ചത് മുഴുവന്‍ ഇതിന്‍റെ ഒരു ചാപ്റ്റര്‍ മാത്രമേ ആകുന്നുള്ളൂ.പഠിക്കാന്‍ വേണ്ടി അതിനു മുന്‍പില്‍ ഇരുന്നിട്ട് ആകപ്പാടെ ഒരു "പൊകമയം".
കടലുപോലെയുണ്ട് പഠിക്കാന്‍.ഞാനാണെങ്കില്‍,കവള മടലുകൊണ്ട് കെട്ടുവള്ളം തുഴയുന്നത് പോലെ അതിനു മുന്നില്‍ കിടന്നു തിത്തൈ വെക്കുവാണ്.ഒരു പിടിയും കിട്ടുന്നില്ല. ഈ തണുത്ത ഇംഗ്ലണ്ടിലെ ഏകാന്തത എന്ന മനസമാധാനക്കേട്‌ തീര്‍ക്കാന്‍ വേണ്ടി തുടങ്ങിയ പഠിത്തമാണ്.അതിപ്പോള്‍ മനസമാധാനക്കേടിനു പുതിയ ഒരു കാരണം കൂടിയായി.
ക്ലാസില്‍ പോകുന്നതിനു മുന്‍പ് വീട്ടില്‍ വിളിച്ചു എല്ലാവരോടും പറയുവേം ചെയ്തു.പഠിക്കാന്‍ പോകുവാന്ന്‍.ഇല്ലാരുന്നെങ്കില്‍ ഫസ്റ്റ് ഇന്‍സ്ടാള്‍മെന്റില്‍ അടച്ച ഫീസ്‌ പോട്ടെന്നു വെച്ചു മുങ്ങാരുന്നു.പിന്നെ ഈ കോഴ്സ് പഠിക്കാനുള്ള ഏക പ്രചോദനം, ജയിച്ചാല്‍ നാട്ടില്‍ പോയി നമ്മടെ എവെര്‍ഗ്രീന്‍ ഡ്രീം ആയ "പത്തു ലക്ഷോം മാരുതിക്കാറും" മേടിക്കാം എന്നുള്ളത് മാത്രമാണ്.നാട്ടിലുള്ള കൊള്ളാവുന്ന പെണ്‍പിള്ളേര് മുഴുവന്‍ ഇപ്പോള്‍ പത്താം ക്ലാസുമുതലേ എന്‍ഗേജ്ഡ് ആണെന്നാണ്‌ ഒരു കൂട്ടുകാരന്‍ വക്കീല്‍ പറഞ്ഞത്.ദൈവമേ,നമ്മള് ഈ ഇടിവെട്ട് കോഴ്സ് ഒക്കെ പഠിച്ചു (ഒറക്കളച്ച്) ജയിച്ചു വരുമ്പോള്‍ മരുന്നിനെങ്കിലും ഒരു "പെടക്കൊഴിയേ" അവിടെ നിര്‍ത്തിയേക്കണേ !!!!!!!!!!!!!!!!!!!!!!!! (പത്തു ലക്ഷത്തിലും മാരുതി കാറിലും ഒക്കെ ഇച്ചിരി വിട്ടു വീഴ്ച ചെയ്തേക്കാം- മാരുതിക്കാറില്ലെങ്കിലും കുഴപ്പമില്ല.)

ഈ ഇംഗ്ലീഷ് ജീവിതം എന്നേ ഒത്തിരി ചിന്തിപ്പിക്കുന്നുണ്ട്‌.എങ്ങനെയാണ് ഈ നാട്ടില്‍ വന്നതെന്നും,എങ്ങനെയാണ് ഈ കോഴ്സിനു അഡ്മിഷന്‍ കിട്ടിയതെന്നുമൊക്കെ എനിക്കറിയാന്‍ വയ്യ. പഠിക്കാന്‍ പോകണമെന്ന് പറഞ്ഞപ്പോഴേ ജി.എം സമ്മതിക്കുകയും ചെയ്തു. ഈ കുരിശു എങ്ങനേലും ഇവിടുന്നൊന്ന് പോയാ മതീന്നേ ഉള്ളോ വാ കമ്പനിക്ക്‌. എനിവേ, അഞ്ചു ദിവസം ജോലി ഒരു ദിവസം പഠനം. എങ്ങനെയിതൊക്കെ നടക്കുന്നു എന്ന് ചോദിച്ചു കഴിഞ്ഞാല്‍, നമ്മടെ പഴയ ഇന്ത്യന്‍ തിയോളജിയിലേക്ക് പോകേണ്ടി വരും.
എല്ലാം കാലമാണ് പുത്രാ. കാലാകാലങ്ങളില്‍ ഇതെല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും.
ഇനിയെന്‍റെ ക്ലാസിനെ കുറിച്ചു പറഞ്ഞാല്‍ ,ഒറ്റവാക്കില്‍ - ഒരു സംഭവം തന്നെ.
ഇരുപത്തേഴു വെള്ളക്കാരോടൊപ്പമിരുന്നാണ് പഠിക്കുന്നത്.ഒരു കറമ്പന്‍.ഒരു ബിര്‍മിന്‍ഹാം ബോണ്‍ ഇന്ത്യന്‍ വംശജന്‍.പിന്നെ ഞാനും.
ഇവിടെ പഠിക്കുന്ന ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തിന്‍റെ ക്ലാസിലും എന്റെ കസിന്‍റെ ക്ലാസ്സിലും ഒറ്റ വെള്ളക്കാര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.
ക്ലാസില്‍ ചെന്നതും ഏറ്റവും പുറകില്‍ അവസാനത്തെ മൂലയില്‍ പോയി "ഒളിക്കാന്‍" വേണ്ടി ചെന്നതും അവിടെ ഒരു വെള്ളക്കാരി ഇരിപ്പുണ്ട്.ഇപ്പറത്തെ വശത്തെ മൂലയില്‍ ആ കറമ്പന്‍ പണ്ടേ സീറ്റ് പിടിച്ചു. പിന്നെ ആ വെള്ളക്കാരിയുടെ അടുത്ത സീറ്റില്‍ ഇരുന്നു. മൂലയില്‍ പോയി ഇരിക്കാന്‍ ശ്രമിച്ചത്,മിസ്സിന്‍റെ ഏതെങ്കിലും തരത്തിലുള്ള ചോദ്യത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാരുന്നു. വന്നിട്ട് ഒന്നര കൊല്ലമായെങ്കിലും എന്‍റെ ഇംഗ്ലീഷ് ഇപ്പോഴും അക്കരക്കാഴ്ചയിലെ ജോര്‍ജ് കുട്ടിച്ചായന്റെ നിലവാരമേ ഉള്ളു. ക്ലാസ് തുടങ്ങാന്‍ ഇനിയും അര മണിക്കൂര്‍ ഉണ്ട്. വലിയ കോഴ്സ് ആണ്. സമയം ഫലപ്രദമായി ഉപയോഗിക്കണമല്ലോ.ആദ്യത്തെ ആ അങ്കലാപ്പ് കഴിഞ്ഞതും നുമ്മ "വര്‍ക്ക്‌" തുടങ്ങി.ആദ്യം അടുത്തിരുന്ന മദാമ്മ കൊച്ചിന് ഒരു "സ്മൈല്‍" കൊടുത്തു. ആശ്വാസമായി , തിരിച്ചും കിട്ടി. പിന്നെ നമ്മള്‍ കാര്യത്തിലേക്ക് കടന്നു. കാര്യമായി പരിചയപ്പെടാന്‍ തുടങ്ങി. ആദ്യം പേര് ചോദിച്ചു.അവള്‍ എന്തോ പറഞ്ഞു. മനസ്സിലായില്ല എങ്കില്‍ നമ്മള്‍ സോറി എന്ന് പറയുമല്ലോ. അപ്പോള്‍ അവര്‍ വീണ്ടും പറയും. ഞാന്‍ അങ്ങനെ ഒരു മൂന്നു പ്രാവശ്യം പറഞ്ഞു. എന്നിട്ടും മനസിലായില്ല. ഞാന്‍ പറഞ്ഞു ഓ,ഓക്കേ ഒകെ. ഇല്ലെങ്കില്‍ അവള് വിചാരിക്കും ഞാന്‍ പൊട്ടനാണെന്നു. പിന്നെ ലഞ്ച് ബ്രേക്കില്‍ അവളുടെ ബുക്കില്‍ നോക്കി. പേര് ,ജൂഡിത്ത്.
അവള് ഫ്രഞ്ച് കാരിയാണ്.എന്നേ പോലെ തന്നെ "സ്റ്റൈലന്‍" ഇംഗ്ലീഷ് ആയതു കൊണ്ടാണ് മൂലയില്‍ വന്നിരുന്നത്. എന്തായാലും അവളെ കണ്ടത് ഒരു ആശ്വാസമായി. അന്നത്തെ ദിവസം പെന്‍സില്‍,മാര്‍ക്കര്‍,കാല്‍കുലേറ്റര്‍ ആദിയായവയെല്ലാം  അവളുടെ കയില്‍ നിന്ന് വാങ്ങി,ഞാനൊരു ശരിയായ ഇന്ത്യക്കാരനാണെന്ന് തെളിയിച്ചു.
  എന്തായാലും ഇന്നവളാണ് ഇംഗ്ലണ്ടിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട്.
ഈ നിമിഷം ഞാനോര്‍ക്കുന്നു എന്‍റെ ബാല്യ യൌവന കാലം. വെനുസ്വലന്‍ പ്രസിഡണ്ട് ഷാവേസിനെ ആരാധിച്ചിരുന്ന കാലം. കോട്ടയം അങ്ങാടീക്കൂടെ തെണ്ടി തിരിഞ്ഞു നടന്ന കാലം.ചന്തക്കവലയിലെ മതിലേല്‍ ഒട്ടിച്ചു വെച്ച കിന്നാരത്തുമ്പികളുടെ പോസ്ടറിന്റെ ചുവട്ടില്‍ പോയി നിന്ന് മുകളിലേക്ക് നോക്കി, അറിവില്ലാ കുഞ്ഞുങ്ങളേ രാഗം,താളം,പല്ലവി പഠിപ്പിച്ച, കുഞ്ഞുങ്ങളുടെ സ്വന്തം " കുഞ്ഞാന്റിക്കാണോ" ടാറ്റാ സുമോയ്ക്കാണോ "വീല്‍ബേസ്" കൂടുതല്‍ എന്ന് ചിന്തിച്ചിരുന്ന കാലം. ആഫ്ടെര്‍ എഫെക്റ്റ്, ഇറാന്‍ പ്രസിഡന്റ്‌ അഹമ്മനിജ്ജാദിനേക്കുറിച്ചും ഓന്‍റെ "ഭൂഖണ്ടാന്തര ബാലിസ്ടിക് മിസൈലുകളെ" കുറിച്ചും ഗവേഷണം നടത്തി നടന്ന കാലം.
എല്ലാം കാലമാണ്. !!!!!!!!
ഒരാള്‍ മാത്രം സിനിമയില്‍ ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ പറയുന്നപോലെ തെണ്ടി തിരിഞ്ഞു നടന്ന ഞാന്‍ ഇംഗ്ലണ്ടില്‍ വന്നു. കൂട്ടുകാരിയായി ഒരു ഫ്രഞ്ച് പെണ്ണിനേയും കിട്ടി. അവള്‍ ഇവിടെ പഠിക്കാന്‍ വേണ്ടി വന്നതാണ്. എനിക്ക് അവധിയുള്ളപ്പോഴോക്കെ അവളുടെ കൂടെ കറങ്ങാന്‍ പോകും. അവളെന്നോട് മുറി ഇംഗ്ലീഷില്‍ കലപിലാന്നു വര്‍ത്താനം പറയും. കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവള്‍ നല്ലവളുമാണ്. പണ്ട് പഠിച്ച ഇന്ത്യന്‍ തിയോളജിയുടെ ബലത്തില്‍ അവളില്‍ നിന്നും ഒരു അകലം പാലിച്ചാണ് ഞാന്‍ കൂട്ട് കൂടുന്നത്.ചട്ടിയും കലവുമൊക്കെയല്ലേ???
ഇനിയൊരു അങ്കത്തിനുള്ള ബാല്യം എന്നിലില്ല.ആരെയും സ്നേഹിച്ചു മണ്ടനാകാന്‍ ഞാന്‍ തയാറുമല്ല. അതുകൊണ്ട് മാത്രമല്ല നാട്ടില്‍ അമ്മ എനിക്ക് വേണ്ടി കല്യാണമാലോചിക്കുന്നുണ്ട്.ഇനിയെങ്കിലും നാട്ടുകാരെ കാണിക്കാന്‍ വേണ്ടി കപട സദാചാര വാദിയാകണ്ടേ? ഹ ഹ ഹ .
കല്യാണത്തെ കുറിച്ചു പറഞ്ഞപ്പോഴാ എന്നേ പഠിപ്പിച്ച സാറ് പറഞ്ഞ ഒരു കഥയോര്‍ത്തത്.കല്യാണം കഴിക്കുന്നതിനു വേണ്ടി കല്യാണ പരസ്യങ്ങള്‍ അരിച്ചു പെറുക്കുന്നതിനിടയിലാണ് അദ്ദേഹം ആ പരസ്യം കണ്ടത്.
കുവൈറ്റിലുള്ള നേഴ്സ്.ഇരുപത്തി നാല് വയസ്.സുന്ദരി.ഡിമാണ്ട് ഒന്നുമില്ല.
അച്ചടി പിശക് കാരണം "കുവൈറ്റിലുള്ള നേഴ്സ് ന്‍റെ "കു" മാഞ്ഞു പോയി.
അവസാനം നമ്മടെ വിധിയും ഇതുപോലെയൊക്കെ ആകുമോ വാ ആര്‍ക്കറിയാം.
ഇന്ന് ഈ ഇംഗ്ലീഷ് ജീവിതം അത്ര ബോറടിയല്ല. ഇതുമായി പൊരുത്തപ്പെട്ടു വരുന്നു.ജൂഡിത്തുമായുള്ള കറക്കമാണ് ഏറ്റവും രസകരം.എന്‍റെ കത്തി കേള്‍ക്കാന്‍ ഒരാളെ കിട്ടിയതില്‍ ഞാന്‍ സന്തോഷവാനാണ്.എന്‍റെ നാടിനേ കുറിച്ചും വീടിനേ കുറിച്ചും കൂട്ടുകാരെ കുറിച്ചുമൊക്കെ ഞാന്‍ അവളോട്‌ പറയാറുണ്ട്‌.വെറുതെ അതെല്ലാം അവള്‍ കേട്ടിരിക്കും. എന്‍റെ കഥകളില്‍ മാത്രം അവള്‍ കേട്ടിട്ടുള്ള പുഴയുടെ തീരത്തുള്ള എന്‍റെ ഗ്രാമം ആറുമാനൂര്‍, ഫ്രാന്‍സിലെ ഏതോ ഗ്രാമം പോലെ അവള്‍ക്കു സുപരിചിതമാണിപ്പോള്‍.
എന്‍റെ കഥകളില്‍ പലപ്പോഴും പഴയ കഥാനായിക "ജര്‍മന്‍കാരി" (ഇംഗ്ലണ്ടിലെ അപ്പൂപ്പന്‍ താടികള്‍ എന്ന എന്‍റെ പഴയ പോസ്റ്റിലെ നായിക) വരുമ്പോള്‍ അവള്‍ ഇഷ്ടക്കേടോട് കൂടി മുഖം കറുപ്പിക്കും. അത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരിക.
ഒരിക്കല്‍ അവളെന്നോട് ചോദിച്ചു ഞാന്‍ വരട്ടേ നിന്‍റെ നാട്ടിലേക്ക്??? നിന്‍റെ കൂടെ .....
ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ വയസ് കാലത്ത് അപ്പനേം അമ്മയേയും "സ്പോക്കണ്‍ ഫ്രഞ്ച്" പഠിപ്പിക്കാന്‍ പറ്റുവോ ?
കോട്ടയത്താണെങ്കില്‍  അതിനൊള്ള ക്ലാസ്സുകളുമില്ല.

ഇന്നലെ പാതിരാവില്‍ ഈ ബിര്‍മിന്‍ഹാമിലെ എഡ്ജ്ബാസ്റ്റന്‍ തടാകക്കരയിലെ ചാര് ബെഞ്ചില്‍ അവളുടെ മടിയില്‍ തലവെച്ചു, ചിമ്മിത്തെളിയുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു,എന്‍റെ നാട്ടിലേക്ക്, പറന്നു പോകുന്ന വിമാനങ്ങളെ നോക്കി കിടന്നപ്പോള്‍, അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു പോയി.
james , you are strange.totally strange ...........
എന്തിനാടാ കഴു"&&"(")")) മോനെ കരയുന്നേ ??????

കഥയറിയാതാടുന്ന കുമ്മാട്ടിക്കളികളുടെ ഈ രാപ്പകലുകളില്‍ കഴിഞ്ഞതൊന്നും എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ഒന്നും. നടന്നു വന്ന വഴികളിലെ തെറ്റും ശരികളുമൊക്കെ എന്നേ വല്ലാതെ ചിന്തിപ്പിക്കുന്നു.
മനസ് കൈവിടാന്‍ തുടങ്ങിയപ്പോള്‍ അവളോട്‌ ശുഭ രാത്രി പറഞ്ഞു ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു. മനസ്സ് മുഴുവന്‍ പഴയ കാര്യങ്ങളാണ്. ഭയങ്കര ദൈവ വിശ്വാസിയായി നടന്ന കൗമാര കാലവും, അക്കാലത്ത് സ്നേഹിച്ച പഴയ ജര്‍മന്‍കാരി പെണ്‍കുട്ടിയുമൊക്കെ. ഈ ഭൂമിയില്‍ ആരോടും കള്ളം പറയില്ല എന്ന് ഉറച്ചു നടന്നിരുന്ന കാലം. സത്യസന്ധനായാല്‍ സ്വര്‍ഗരാജ്യം കിട്ടും എന്നൊക്കെ വിശ്വസിച്ചിരുന്ന കാലം. ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് ദൈവത്തെയാണ്. ആ ദൈവത്തിന്‍റെ സന്നിധിയില്‍ വെച്ചാണ് അവളെ അവസാനമായി ഞാന്‍ കണ്ടതും. മനസ്സില്‍ മറച്ചു പിടിച്ചിരിക്കുന്ന ഇഷ്ടം, ഇനിയും കൂട്ടുകാരിയോട് പറഞ്ഞില്ലെങ്കില്‍ ദൈവത്തിനു മുന്‍പില്‍ തെറ്റ് കാരനാവും എന്ന് വിചാരിച്ച നിമിഷങ്ങള്‍.എന്തൊക്കെ സംഭവിച്ചാലും സ്വര്‍ഗരാജ്യത്തിന്‍റെ വാതില്‍ എനിക്ക് നേരെ അടക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന ഉറച്ച തീരുമാനം!!!!!!!!!!!!!!!. ദൈവത്തിന്‍റെ മുന്നില്‍,പള്ളിമുറ്റത്ത് വെച്ചു ഉറ്റകൂട്ടുകാരിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞ നിമിഷം .............. മറുപടിയായി അവള്‍ പറഞ്ഞ "തിരുവചനങ്ങള്‍", കോട്ടയത്തെ "സ്ട്രീറ്റ്" മോട്ടര്‍ മറിയയുടെ നിലവാരത്തില്‍, കതിനാ പോട്ടുന്നപോലെയാണ് ചെവിയില്‍ മുഴങ്ങുന്നത്.(ഇപ്പോഴും).
കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ വയനാട്ടില്‍ തോറ്റ മുരളീധരന്റെ ഫോടോ പിറ്റേ ദിവസം മാത്തുക്കുട്ടിച്ചായന്റെ പത്രം പ്രസിദ്ധീകരിച്ചത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? താടിക്ക് കായും കൊടുത്ത്, അയ്യോ ദേ പോയേ !!! എന്ന ഭാവത്തില്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന ഒരു ഫോടോ. അന്ന് തന്നെ, തോറ്റ റാം വിലാസ് പാസ്വന്റെയും ഫോടോ കൊടുത്തിരുന്നു. ചൂട്  ഉണ്ട  വിഴുങ്ങിയ പോലെ നില്‍ക്കുന്ന ഒരു ഭാവം. അത് പോലെ ഏതാണ്ട് ഒരു ഭാവവുമായാണ് അന്ന് ഞാന്‍ വീട്ടില്‍ വന്നു കയറിയത്.
ദൈവമേ സത്യസന്തനായിട്ടും എവിടെയാണ് ഞാന്‍ തോറ്റത്???
മുറിയടച്ചു, ധ്യാനിച്ചു നിന്ന നിമിഷങ്ങള്‍.... ദൈവമേ എനിക്കുത്തരം തരൂ എന്ന് വേദനയോടെ പ്രാര്‍ഥിച്ച  നിമിഷങ്ങള്‍ ..... ഉത്തരത്തിനായി എന്നും ചെയ്യുന്ന പോലെ പ്രാര്‍ഥിച്ച് കൊണ്ട് ബൈബിള്‍ തുറന്നു. മത്തായിയുടെ സുവിശേഷം പത്തൊന്‍പതാം അദ്ധ്യായം പന്ത്രണ്ടാം വാക്യമാണ് ദൈവമെനിക്ക് തന്നത്.

"സ്വര്‍ഗരാജ്യത്തിന്റെ പേരില്‍ ഷണ്‍ഡനാകരുത്" പുത്രാ എന്ന്.
സത്യം ശരിക്കും ഉണ്ട വിഴുങ്ങിയ പോലെയായി പോയി എന്‍റെ മുഖം.
ആദ്യത്തെ ആ നിരാശയ്ക്ക് ശേഷം, മുറിയിലെ കണ്ണാടിയില്‍ പോയി ഞാന്‍ മൊത്തത്തില്‍ എന്നേ ഒന്ന് നോക്കി.
എന്നിട്ട് ഞാന്‍ എന്‍റെ ആത്മാവിനോട് പറഞ്ഞു, "മാമ്പട  ഉയിരേ". അല്ല പിന്നെ. (അര്‍ത്ഥം അറിയില്ലായെങ്കില്‍ പറയാം,പോയി പണി നോക്കടാ എന്ന്.).
എഴുതി മടുത്തു. നിര്‍ത്തുന്നു. അവസാനം ഒരു കാര്യം കൂടി.
ഇനി ബാക്കിയുള്ള ഈ കുഞ്ഞു ജീവിതം എനിക്ക് സമാധാനമായി ജീവിച്ചു തീര്‍ക്കണം.എന്നെങ്കിലും ദൈവം എനിക്ക് തരുന്ന മകളെ വയറത്ത് കേറ്റിയിരുത്തി ബാലരമയിലെ രണ്ടു കഥയൊക്കെ പറഞ്ഞു കൊടുത്ത്,അവളുടെ കുട്ടി കളികള്‍ക്ക് കൂട്ട് കൂടി വെറുതെ അങ്ങനെ ജീവിച്ചു പോകണം........... വെറുതേ .......
ഇത് വെറും കഥയാണ്.ജൂഡിത്ത് ഒരു ഭാവന മാത്രമാണ്. മീന്‍ കറിക്കാത്തു കുടം പുളി പോലെ. ഈ കഥയില്‍ അവളുണ്ടെങ്കിലേ പോസ്റ്റിനു ഒരു രുചിയൊള്ള്. നിങ്ങള്‍ എന്നേയൊന്നു വിശ്വസിക്ക്. നിങ്ങടെ തോമാച്ചനല്ലേ ഞാന്‍.???? ഞാന്‍ അങ്ങനെയൊക്കെ മദാമ്മ കൊച്ചിന്റെ കൂടെ കറങ്ങി നടക്കുമോ ???
ദൈവമേ നാട്ടില്‍ അമ്മ കല്യാണം ആലോചിക്കുന്നുണ്ട്, ഈ പോസ്റ്റൊന്നും പെണ്ണിന്‍റെ വീട്ടുകാര് കാണരുതേ ............................................................


Thursday, 4 February 2010

എന്നതാ എഴുതിയത് .. വാ !!!!!!!!

എന്‍റെ ഇംഗ്ലീഷ് ജീവിതത്തിലെ  , ഇന്നത്തെ  ദിവസത്തിനു വലിയ പ്രത്യേകത ഒന്നുമില്ല . സാധാരണ പോലെ  അങ്ങ് കടന്നു പോയി . ഈ ഏകാന്തത  നിറഞ്ഞ പ്രവാസ  ജീവിതത്തില്  ഏറ്റവും വലിയ ആശ്വാസമാണ് കോട്ടയത്തെ  മാത്തുകുട്ടിച്ചായന്റെ   പത്രം . എന്നും രാവിലെ എണീറ്റ്‌  അതിന്‍റെ മുന്‍പില്‍ ഒന്ന് കുത്തിയിരുന്നില്ലെങ്കില്‍  ഒരു  സുഖവുമില്ല .  ഇന്നലത്തെ  പത്രത്തില്‍  കണ്ട  ആ പെണ്‍കുട്ടിയുടെ തല കുനിച്ചു നില്‍ക്കുന്ന  മുഖമാണ് എന്‍റെ  മനസ്  നിറയേ. ഇതുപോലെ  എത്ര പേരെ ദിവസവും കാണുന്നു . എങ്കിലും  കാരണവര്‍  വധകേസ്സിലെ പ്രതി ഷെറിന്‍റെ  മുഖം എന്‍റെ  മനസ്സില്‍ പതിഞ്ഞു നില്‍ക്കുന്നതിന്‍റെ  കാരണം അവര്‍ കാണാന്‍ " എബോവ്  ആവറേജ് " ആയതു  കൊണ്ട് മാത്രമല്ല .
 ആ  പെണ്‍കുട്ടി എന്തിനാണ് തെറ്റ് ചെയ്തതെന്ന്  ഞാന്‍  ആലോചിക്കാറുണ്ട് . നല്ല ആരോഗ്യമുള്ള ഒരു പെണ്‍കുട്ടി .... മാനസികവും ശാരീരികവുമായി  ആരോഗ്യമില്ലാത്ത  ഒരുത്തനെ  ജീവിക്കാന്‍ വേണ്ടി കെട്ടേണ്ടി വന്നതിന്‍റെ അനന്തരഫലമാണ്  ആ കൊലപാതകം .  പണത്തിന്‍റെ പേരില്‍   ആരോഗ്യമില്ലാത്ത ഒരുത്തനെ കെട്ടേണ്ടി വന്ന ആ പെണ്‍കുട്ടിക്ക് അവളുടേതായ  സ്വപ്‌നങ്ങള്‍ ഇല്ലേ ? അറ്റ്ലീസ്റ്റ്   അവരൊരു ജീവിയല്ലേ ??
ആ സ്ത്രീ അമേരിക്കയില്‍ വച്ചു , ഒരു കുഞ്ഞ് അവളുടെ  ഉദരത്തില്‍ രൂപം കൊണ്ടപ്പോള്‍ ,ഒരു സ്ത്രീ -ഒരു ഭാര്യ- ഏറ്റവും അധികം സന്തോഷിക്കുന്ന അവസരത്തില്‍  അവള്‍ക്കു കിട്ടിയത്, ഒരു രാവില്‍  ബന്ധുക്കളാല്‍  വീട്ടില്‍ നിന്ന് ഇറക്കി വിടപ്പെടുകയാണ്  ഉണ്ടായത്. അവളുടെ കെട്ടിയവന്  ഒരു കുഞ്ഞിന്‍റെ അപ്പനാകാനുള്ള  ആരോഗ്യമില്ല എന്നതായിരുന്നു  അവര്‍ പറഞ്ഞ ന്യായം . അത്രയ്ക്ക് ശേഷിയില്ലാത്ത  ആ  ^&&**(())&^ മകന്‍  എന്തിനാ പിന്നെ പെണ്ണ് കെട്ടാന്‍ പോയത് ?
ഒടുവില്‍ ഡി എന്‍ എ  പരിശോധന  വഴിയാണ് കുഞ്ഞിന്‍റെ  അപ്പന്‍ ആ മനോരോഗിയായ  ഭര്‍ത്താവ് തന്നെയാണ്  എന്ന് ബന്ധുക്കള്‍  സ്ഥിരീകരിച്ചത് .

ഞാന്‍ താമസിക്കുന്ന  നാട്ടില്‍  വഴിയരികിലൂടെ നടക്കുമ്പോള്‍ ശരീരം വിറ്റു ജീവിക്കുന്ന  ധാരാളം പെണ്‍കുട്ടികളേ  കാണാറുണ്ട് .  അത് പോലെ ഒരു വേശ്യ പോലും ആ ഷെറിനേ  പോലെ  സഹിച്ചു നില്‍ക്കില്ല .  ചെരിപ്പൂരി കരണ കുറ്റിക്ക് അടിച്ചിട്ടു ഇറങ്ങി പോയേനെ .
നമ്മുടെ നാട്ടിലുള്ള ഒരു  സംസ്കാരമാണ്  പണക്കാര്‍ക്ക് എന്തും കാണിക്കാം . അതിന്‍റെ  തെളിവാണല്ലോ  കരിമീന്‍ പോലെയുള്ള ഗള്‍ഫുകാരു  ചെറുക്കന്മാര് വന്നു "സിലോഫിയ" പോലെയുള്ള  പെണ്‍പിള്ളേരെ  കെട്ടിക്കൊണ്ടു  പോകുന്നത് . സത്യമായിട്ടും ഞാന്‍ ഇങ്ങനെ പറഞ്ഞത് , ഞാന്‍ ബി കോമ്മിനു  പഠിക്കുമ്പോള്‍ എന്‍റെ കൂടെ പഠിച്ച  നന്ദന ആര്‍ കുറുപ്പിനെ  ഗള്‍ഫുകാരന്‍  വന്നു കെട്ടിക്കോണ്ട് പോയതിന്‍റെ കലിപ്പ് തീര്‍ക്കാനല്ല . സത്യം .  എങ്കിലും ഞാന്‍ ഓര്‍ത്ത്‌ പോകുവാണ്  ആ നന്ദന ആര്‍ കുറുപ്പിന് വേണ്ടി  എന്‍റെ  എത്ര കുട്ടിക്കൂറ  പൌഡര്‍ കുപ്പികളാണ് കാലിയായതെന്നു. ഒടുവില്‍ അവളെ ഏതോ ഒരു കാലമാടന്‍ ഗള്‍ഫുകാരന്‍ കൊണ്ട് പോയി . അത്രയും
കാലം   എന്തെല്ലാം "ഫാമിലി പ്ലാനിങ്ങു"മായി  നടന്ന നുമ്മ  "ശശി"യായി. ജീവിതമെന്ന് പറയുന്നത് എന്താണ് അല്ലേ?
പോട്ടെ  ക്ഷമിച്ചുകള.  നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് എന്താണ് പറ്റുന്നത് ?  എന്തിന്റെയും അടിസ്ഥാനം പണമാണ് .  അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്  ഞാന്‍  ജീവിക്കുന്ന ഈ സായിപ്പിന്‍റെ നാട് . ഇവിടെ  ഒരു മനുഷ്യര്‍ക്കും  ഒന്നിനോടും ആക്രാന്തമില്ല . ജോലി ചെയ്യുന്നു .  കള്ള് കുടിക്കുന്നു പിന്നെ  ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ  അക്ഷരത്തിന്‍റെ പുറകെ പോകുന്നു . ജീവിതം ഹാപ്പിയാണ് . ഒരു ടെന്‍ഷനും ഇല്ല .
സായിപ്പിന്  മക്കളെ പഠിപ്പിക്കാന്‍ ടെന്‍ഷന്‍ ഇല്ല . പെങ്ങമ്മാരുടെ  കല്യാണത്തെ കുറിച്ചു  ആകുലത വേണ്ട . വിദ്യാഭ്യാസ വായ്പ അടക്കണ്ട . ഓം പ്രകാശിനെയോ പുത്തന്‍ പാലം രാജേഷിനെയോ  പോലെയുള്ളവന്മാരെ പേടിക്കുകയും വേണ്ട .  ജോലി ചെയ്യുമ്പോള്‍  അവര്‍ അടക്കുന്ന  ഇന്‍ഷുറന്‍സ്  വഴി ജീവിത  അവസാനം  വരെ സര്‍ക്കാര്‍  സംരക്ഷണം. അങ്ങനെ  ഒരു പുഴ പോലെ ഒഴുകി പോകുന്നു  അവരുടെ ജീവിതം .
                                                                                   നമ്മുടെ  നാട്ടില്‍ ഒന്നും ചേരും പടിയല്ല .  ഗള്‍ഫുകാരന്റെ കല്യാണം പോലെയാണത്.  പണം കൊണ്ട് ഒരു കളി .
ആ ഷെറിന്‍റെ കല്യാണം പോലെ.....    മാനസികവും ശാരീരികവുമായ  തുല്യത   ഇന്ന് ആളുകള്‍ കാര്യമാക്കാതെ  വരുന്നു .  എന്‍റെ പല കൂട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട് . എടാ അവള്‍ എന്‍റെ  ആപ്ലികേഷന്‍ തള്ളി . അത് കൊണ്ട് കെട്ടുവാണെങ്കില്‍   അവളേക്കാളും  വലിയ ഒരു ചരക്കിനേ  കെട്ടുവൊള്ളന്നു . ഞാന്‍ ഒരു മറുപടിയും പറയാറില്ല .
പക്ഷേ ആലോചിച്ചു നോക്കാറുണ്ട് ,  എടുത്താല്‍ പൊങ്ങാത്ത  ചരക്കിനെ ഒക്കെ എടുത്തു തോളത്തു വെച്ചു  നമ്മടെ ലെയ്  ലാന്‍ഡ്‌   എന്തിനാ ഓവര്‍ ലോഡ് ആക്കുന്നതെന്ന്.  ജീവിതം എന്ന കുത്ത് കയറ്റത്തിന്റെ  മുന്‍പില്‍ , ഈ  ഓവര്‍ ലോഡ് വച്ചു കയറാന്‍ കഴിയാതെ വരും . ഇനി വരുന്നത് എന്‍റെ കല്യാണമാണ് . എവിടെ തിരിഞ്ഞു നോക്കിയാലും മെറ്റീരിയലിസ്റ്റ്  ലൈഫ് ആണ് ഞാന്‍ കാണുന്നത് . അതുകൊണ്ട് എനിക്കാകെ മരവിപ്പാണ് . മിക്കപ്പോഴും  നയന്‍ താര പറഞ്ഞ പോലെ  ഞാനും പറയും , " ഞാന്‍ വിവാഹം കഴിക്കില്ലാ" എന്ന് .

  എന്‍റെ  ജീവിതത്തില്‍ ഒരു പാട്  വ്യക്തികളെ  ഞാന്‍ കണ്ടിട്ടുണ്ട് . ഏറെ കുറെ  എല്ലാവരെയും തന്നെ ഓര്‍ത്തിരിപ്പുണ്ട് .   ജീവിതത്തില്‍ ഒരിക്കല്‍ ഞാനൊരു പെണ്‍കുട്ടിയെ കണ്ടു . എന്‍റെ ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവത്തിന്  .  ഏഴോ എട്ടോ വയസ്സുള്ള ഒരു പെണ്‍കുട്ടി . ചിന്തിക്കടയുടെ  മുന്‍പിലെ  മരത്തിന്‍റെ അരികില്‍ ,  ഒരു ചെരുപ്പ് പോലുമില്ലാത്ത  അമ്മയുടെ  കൈ പിടിച്ച്  ആശയുണ്ടായിട്ടും   അമ്മയുടെ അവസ്ഥ അറിയാവുന്നതിനാല്‍  നിരാശയില്ലാത്ത  പക്വതയോടെ,  റാന്തല്‍ വെളിച്ചത്തില്‍  കളിപ്പാട്ടങ്ങളിലേക്ക് നോക്കിയിരിക്കുന്ന  ആ പെണ്‍കുട്ടിയുടെ മുഖം ...... മറക്കില്ല ... തോമസ്‌ .
ഞാന്‍ ഒരിക്കലും അത്താഴ പട്ടിണി  കിടന്നിട്ടില്ല .  എന്‍റെ  അമ്മ  എനിക്ക് ചോറ് വിളമ്പി തരുമ്പോള്‍  താഴെ പോകുന്ന ചോറ് പെറുക്കിയെടുത്തു  കഴിപ്പിക്കുമായിരുന്നു . ഞാന്‍ അത് അനുസരിച്ചിട്ടുണ്ട് . കാരണം  ആ പെണ്‍കുട്ടിയുടെ  മുഖമായിരിക്കാം . .ഇന്ന് എനിക്ക് ജീവിക്കാനുള്ള  പണമുണ്ട് .
പക്ഷേ ഞാന്‍ ജീന്‍സും ഷര്‍ട്ടും ഒന്നും വാങ്ങിക്കാറില്ല . കൂട്ടുകാര് പറയുന്നു പിശുക്കനാണെന്നു . അല്ല ഒരിക്കലും അല്ല .  ആ പെണ്‍കുട്ടിയുടെ മുഖം ഓര്‍മയില്‍ ഉള്ളത് കൊണ്ടാവാം 
 .
                       എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്  ഒരു പെണ്‍കുഞ്ഞി ന്‍റെ അപ്പനാവുക എന്നുള്ളത് . എന്താണെന്നറിയില്ല  ഒരു മകള്‍ എന്‍റെ സ്വപ്നമാണ് .    എന്‍റെ     കൂട്ടുകാരെല്ലാം,   ഉണ്ടാവുന്നത്  ആണ്‍കുട്ടി കളാകണേ എന്ന് പത്താം  ക്ലാസുമുതല്‍ പ്രാര്‍ഥിക്കുന്നവരാണ്.
 ജീവിതത്തില്‍ ഒരു പ്രാര്‍ത്ഥനയേ   ഉള്ളൂ , എന്‍റെ മകള്‍ക്ക്  ഒരിക്കലും ആ  പെണ്‍കുട്ടി കളിപ്പാട്ടത്തിന്റെ മുന്‍പില്‍ നിസ്സഹായതയോടെ  നിന്ന പോലെ  നില്‍ക്കേണ്ടി വരരുത് .   അവള്‍ക്കു ഞാന്‍ വില കൂടിയ ചുരിദാറും സ്വര്‍ണവും ഒന്നും വാങ്ങി കൊടുക്കില്ല . പക്ഷേ പൊട്ടും കണ്മഷിയും കരിവളയും വാങ്ങി കൊടുക്കും .  അവള്‍ ജനിച്ചു വീഴുന്ന  കാലം മുതല്‍ , അത് വരെ എന്‍റെ മൂത്ത മകളായിരുന്ന  എന്‍റെ കുഞ്ഞിന്‍റെ  അമ്മയേ കട്ടിലേന്നു ചവിട്ടി താഴെയിട്ടു , എന്‍റെ  കുഞ്ഞിന്‍റെ  കുഞ്ഞികയില്‍ തല ചേര്‍ത്തു വച്ചു കിടക്കണം .

എന്താണ് ജീവിതം എന്ന് എനിക്ക് തന്നെ അറിയില്ല .  ഇതൊക്കെ നടക്കുമോ  അതോ ഈ നാട്ടിലെ മദാമ്മ  .......... ഇല്ല  അലവലാതിത്തരം  ഇനി എഴുതുന്നില്ല .

നല്ല ഒറക്ക പിച്ചിലാണ്  ഇതെഴുതിയത് . എന്നതാണെന്ന്  എനിക്ക് തന്നെ അറിയില്ല .  വെറുതേ പോസ്റ്റ്‌ .  പല പല കാര്യങ്ങള്‍ കൂടി കുഴഞ്ഞു പോയി . ക്ഷമിക്കുക . പറയാന്‍ ഉദേശിച്ച  പല കാര്യങ്ങളും  പറയാന്‍ കഴിഞ്ഞില്ല .  തുടങ്ങിയത് ഷെറിനില്‍  ആണ്  തീര്‍ന്നത് വേറെ എങ്ങാണ്ടും.

ഒറ്റ കാര്യത്തില്‍ നിര്‍ത്തുന്നു , ക്രിസ്തു മഗ്ദലന മറിയത്തോടു  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . 
ആരും നിന്നേ വിധിച്ചില്ലേ ......    ഞാനും നിന്നേ വിധിക്കുന്നില്ല .
ഷെറിനെ  ഞാനും  വിധിക്കുന്നില്ല. 
നിങ്ങളുടെ സമയം മിനക്കെടുത്തിയതിനു  , കമന്റ്‌ തന്നില്ലെങ്കിലും " വേറൊന്നും " പറയരുതേ  !!!!!!!!!

Thursday, 7 January 2010

ഇംഗ്ലണ്ടിലെ അപ്പൂപ്പന്‍ താടികള്‍
ഇംഗ്ലണ്ടിലെ  തണുപ്പത്തിരുന്നു ഞാന്‍ ഈ  പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുമ്പോള്‍ സമയം  വെളുപ്പിന് ഒരു മണി.(2010 ജനുവരി ഒന്ന് ). ലോകം മുഴുവന്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നു. ബിര്‍മിംഗ് ഹാമിലെ  സര്‍ക്കാര്‍ വക പടക്ക പ്രദര്‍ശനം  പൊട്ടി തകര്‍ത്ത്  കൊണ്ടിരിക്കുന്നു .   ലോകം മുഴുവന്‍  സന്തോഷിക്കുമ്പോഴും, വല്ലാത്ത  ഒരു മരവിപ്പ് എന്‍റെ  മനസ്സിന് .എന്‍റെ  ഗ്രാമത്തിലൂടെ വെറുതെ നടന്ന കാലത്ത്  ഞാന്‍ അനുഭവിച്ച സന്തോഷം ഇവിടെ എനിക്ക് കിട്ടുന്നില്ല. കഴിഞ്ഞ രണ്ടു ദിവസം  കവേന്റ്രിയില്‍ ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തോടൊപ്പമായിരുന്നു . ഒരു ബിരിയാണി  ഒക്കെ വെച്ചു ഞങ്ങള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ലാവിഷായി ആഘോഷിച്ചു.
 ഇന്ന് ബിര്‍മിംഗ്ഹാമില്‍  തിരിച്ചു വന്നു  പാലാക്കാരന്‍ അജയുടെ കൂടെ  പബ്ബില്‍  പോയി . ഈ രാത്രിയില്‍  ഇങ്ങനെ കാള കളിച്ചു ഒരു ഉത്തര വാദിത്തവുമില്ലാതെ , മദാമ്മ മാരുടെ  വാഴപ്പിണ്ടിയെ  നിക്കറിടീപ്പിച്ചത്  പോലത്തെ കാലൊക്കെ കണ്ടു  "നിര്‍വൃതി"യടഞ്ഞു നടക്കുമ്പോഴും  എന്തോ ഒരു സങ്കടം മനസ്സ് മുഴുവന്‍ .പഴയ പോലെ ആസ്വദിക്കാന്‍  കഴിയുന്നില്ല   ഈ "മധുര" കാഴ്ചകള്‍,അതോ എന്‍റെ ആസ്വാദന നിലവാരം കൂടിയതാണോ വാ.

എന്റെ പ്രിയപ്പെട്ട അമേരിക്കന്‍ ജെന്നസി വിസ്കി ജാക്ക് ഡാനിയല്‍സ് കുടിക്കാന്‍ തോന്നിയില്ല . ഒരു  സ്മാളില്‍ ഒതുക്കി.ബിര്‍മിംഗ് ഹാമില്‍ നിന്ന്  എന്‍റെ ഹോട്ടെലിലേക്ക്  നടന്നപ്പോള്‍   നല്ല സ്നോ ഫോള്‍സ് !!!!! . ആകാശത്തു നിന്നും അപ്പൂപ്പന്‍  താടി പോലെ ഇങ്ങനെ പറന്നു  പറന്നു മഞ്ഞിന്‍ കണങ്ങള്‍ .  നിയോണ്‍ ലൈറ്റുകളുടെ  വെളിച്ചത്തില്‍ നല്ല ഭംഗി തോന്നി . മഞ്ഞിലൂടെ നടന്നു വന്നപ്പോള്‍ ഞാന്‍ അജയോടു ചോദിച്ചു, നീ ഒരു പെണ്ണായിരുന്നെങ്കില്‍  ............. എന്ത് ഭംഗിയായിരുന്നേനെ.  കയ്യോടു കയി കോര്‍ത്തു  ഈ മഞ്ഞിലൂടെ  വര്‍ത്തമാനമൊക്കെ  പറഞ്ഞു ഇങ്ങനെ .......... ഇങ്ങനെ .......മറുപടിക്ക്  ഒരു " കൊടുങ്ങല്ലൂര്‍ " ടച്ച്‌  ഉണ്ടായിരുന്നു .അണ്‍ എജ്യുക്കേറ്റഡ കണ്‍ട്രി ഫെല്ലോ .. " ഭാവന ലെസ്സ് " മാന്‍.


കൂട്ടുകാരനെ  യാത്രയാക്കി  എന്‍റെ മുറിയില്‍ വന്നിരുന്നപ്പോള്‍ ഒരു വല്ലാത്ത വീര്‍പ്പുമുട്ടല്‍.  വല്ലാതെ ഒറ്റക്കായ പോലെ ഒരു തോന്നല്‍ . ഇംഗ്ലണ്ടില്‍  ആണെങ്കിലും മനസ് മുഴുവന്‍  എന്‍റെ ആറുമാനൂരാണ്  പിന്നെ അവളും .!!!!!!!!!!! എന്‍റെ ബാല്യ കാലസഖി . അവളുടെ കലപിലകള്‍  കേട്ട്  അവളോടൊപ്പം  നടന്നു ഞാന്‍ കണ്ട സ്വപ്നാടനങ്ങളാണ് ,  ഞാന്‍ ഈ ഭൂമിയില്‍ അനുഭവിച്ച  ഏറ്റവും  നിര്‍വൃതിയുള്ള  വികാരം .
  അവളും ഒരു സ്നോ ഫോള്‍സ് പോലെയായിരുന്നു . മനോഹരമായി പെട്ടെന്ന് പെയ്തിറങ്ങി ഉരുകി തീര്‍ന്നു പോയി .മുറിയിലെ ഏകാന്തതയില്‍ , ചില്ല് ജാലകത്തിലൂടെ  മഞ്ഞു പെയ്യുന്നത്  വെറുതെ നോക്കിയിരുന്നപ്പോള്‍  മനസ്സ് വല്ലാതെയായി . അവള്‍  !!!!!!!!!!! ഇന്നെനിക്കു  ഈ ഭൂമിയില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ നീയാണ് എന്ന് പറഞ്ഞവള്‍  .......... ഇന്നവള്‍ എവിടെയാണെന്ന് പോലും  എനിക്ക് വ്യക്തമായി  അറിയില്ല .
അതിനെയാണല്ലോ  ഇന്ത്യയിലെ ഹിന്ദുക്കള്‍  " കാലം " എന്ന് വിളിക്കുന്നത്‌ .  കാലാകാലത്തില്‍ എല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും പുത്രാ . ആകുലനാവാതെ  ശാന്തനാവൂ .........
 എന്‍റെ ഓര്‍മ്മകള്‍ വളരെ ശക്തമാണ് . ഒന്നും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണ്  എന്‍റെ  വിജയവും പരാജയവും . ഈ തണുപ്പില്‍ എന്‍റെ ഓര്‍മ്മകള്‍  ആറുമാനൂരിലേക്ക്  ചേക്കേറുകയാണ് .
 ആറുമാനൂര്‍!!!!!!!!!!!


ആറുമാനൂരിലെ ഒരു ക്രിസ്ത്യന്‍ ജെന്മി കുടുംബത്താണ് എന്‍റെ ജനനം . ജെന്മി എന്ന് പറഞ്ഞാല്‍ അസ്സല്  ജന്മി . ആറുമാനൂരില്‍ മാത്രം അറുനൂറ്റിയമ്പത് എക്കറാണ്  കൃഷി.
അതില്‍ ഇരുപത്തിയഞ്ച്  സെന്റ്‌ ഞങ്ങടെ  ബാക്കിയൊക്കെ നാട്ടുകാരുടെ .
" നുമ്മ" യിങ്ങനെ  പ്ലസ്‌ ടു ഒക്കെ കഴിഞ്ഞു ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ  " സല്‍മാന്‍ ഖാന്‍ " കളിച്ചു നടക്കുന്ന സമയം. മഹാഭാരതത്തിലെ  കര്‍ണന്‍ ആയിരുന്നു  റോള്‍ മോഡല്‍ . സത്യം മാത്രമേ പറയൂ .  ധര്‍മിഷ്ടനായിരിക്കുക പുത്രാ എന്ന് ഹിന്ദു തിയോളജി  അക്ഷരം പ്രതി പാലിക്കുന്ന  ഒരു   "ജന്മം".(പടു). പിന്നെ എന്‍റെ പപ്പയും  പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്  തോമാച്ച  എപ്പോഴും സത്യം പറയണം .  അങ്ങനെ ഒരു ഗ്രാമീണ മനുഷ്യന്‍റെ എല്ലാ വ്യക്തിത്തങ്ങളും  ഉള്ള ഒരു ചെക്കന്‍ .
അപ്പനോട് പാട്ടത്തിനെടുത്ത സ്ഥലത്ത് എത്തവാഴകൃഷി   ചെയ്യുന്നതായിരുന്നു  എന്‍റെ പേര്‍സണല്‍ ഇന്‍കം . എന്തായാലും  ജീവിതം ഞാന്‍ ആസ്വദിച്ചിരുന്നു   അന്നൊക്കെ .


കോളേജില്‍ പോകുന്ന വഴിയില്‍ വെച്ചാണ് അവളെ ഞാന്‍ ആദ്യം  കണ്ടത് . പിന്നെ എങ്ങനെയൊക്കെയോ വലിയ സുഹൃത്തുക്കള്‍ ആയി .  അവള്‍ വളരെ നല്ലവള്‍ ആയിരുന്നു .  എന്നോട് കലപില കലപിലാന്നു വര്‍ത്തമാനം പറയുമായിരുന്നു .  എന്‍റെ ഏരിയയിലെ  ആസ്ഥാന " കത്തി" യായിരുന്ന   എന്നെ കറിവെപ്പിലയാക്കുന്ന   പെര്‍ഫോമന്‍സ് ആയിരുന്നു അവളുടേത്‌ . അവളോട്‌ എനിക്ക് തോന്നിയ ഏറ്റവും വലിയ ബഹുമാനം , ഒരിക്കല്‍ പോലും അവളെന്‍റെ  നൂറ്റമ്പതു രൂപയുടെ  ഷര്‍ട്ടിനേയോ  പാരഗണ്‍ റബ്ബര്‍ ചെരുപ്പിനെയോ അപമാനിച്ചിട്ടില്ല  എന്നതായിരുന്നു . എന്‍റെ സാമിപ്യം അവള്‍ ഇഷ്ടപ്പെട്ടിരുന്നു .
ഒരിക്കല്‍ അവള്‍ എന്നെ അവളുടെ വല്യപ്പച്ചന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയപ്പോള്‍ , എന്നേ കൂട്ടി കൊണ്ട് പോയി .  തൊണ്ണൂറു വയസു കഴിഞ്ഞ  ഒരു മാതിരി എല്ലാ അസുഖങ്ങളുമുള്ള വല്യപ്പച്ചനെ കാണുന്നത്  ,പുണ്യമാണ് എന്ന "ഭാവത്തില്‍"   ഞാനും   പോയി.  മേലാതെ കിടന്ന അപ്പച്ചനോട് അവള്‍ പറഞ്ഞു, അപ്പച്ചാ , ഇത് പ്രദീപ്‌. അപ്പച്ചനെ കാണാന്‍ വന്നതാ. തൊണ്ണൂറു വയസു കഴിഞ്ഞ  , അനങ്ങാന്‍ വയ്യാതെ തളര്‍ന്നു കിടന്ന  അപ്പച്ചന്‍  തല പൊക്കി  എന്നേ ഒന്ന് നോക്കി  എന്നിട്ട് ഒരു ഡയലോഗ്,
 നീ എന്നേ കാണാന്‍ തന്നെ വന്നതാണോ ????  !!!!!!!!!!!
എന്‍റെ  വല്യപ്പച്ചോ !!!!!!!
നീങ്ങ ഒരു "എക്സ്പീരിയന്‍സ്ഡ് " വല്യപ്പച്ചന്‍ തന്നെ .
അന്നവള്‍ വല്യപ്പച്ചനു കഞ്ഞി കോരി കൊടുക്കുന്നത് ഞാന്‍ കണ്ടു . സ്നേഹപൂര്‍വ്വം  കവിള്‍ തുടച്ചു കൊടുക്കുന്നത് ഞാന്‍ കണ്ടു .  ആശുപത്രി തറയില്‍ പോയ  ചോറ്  അവള്‍  കയി കൊണ്ട്   പെറുക്കിയെടുത്ത്  കളയുന്നത് ഞാന്‍ കണ്ടു .
ജീവിതത്തില്‍ അന്നാദ്യമായി തോമസ്‌ ഒരു പെണ്ണിനെ സ്നേഹിച്ചു തുടങ്ങിയെന്നു  ആരോ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു !!!!!
അവളോട്‌ പറയാനുള്ള   ധൈര്യക്കൂടുതല്‍ കൊണ്ട് പറഞ്ഞില്ല   .


തുളുമ്പിയൊഴുകിയ  കണ്ണുകളുമായി ഒരിക്കല്‍ എന്‍റെ അടുത്തു വന്ന അവളെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു . ( അല്ല, മറക്കാന്‍ കഴിയുന്നില്ല ).ഒരു നാല് മണി മഴയത്ത്  !!!   അന്ന്   അവള്‍ എന്നോട് ചോദിച്ചു , ഞാന്‍ ഇവിടെ വരുന്നത് നിന്നേ കാണാന്‍ വേണ്ടിയാണ് എന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു  , നിനക്കങ്ങനെ തോന്നിയോ ?? പറഞ്ഞു തീര്‍ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല  , വിതുമ്പി പോയി .
 കരയുന്ന ഒരു സ്ത്രീയുടെ മുന്‍പില്‍ പുരുഷ ഹൃദയം ആര്‍ദ്രമാകും എന്ന് " ഭാരതീയ മന്ശാസ്ത്രത്തിനു  ആമുഖം " എന്ന പുസ്തകത്തില്‍ ഭാരതീയ തത്വ ചിന്തകനും psychologist  മായ  ഗുരു നിത്യചൈതന്യയതി പറയുന്നുണ്ട് .എന്നിലെ കര്‍ണന്‍ ഉണര്‍ന്നു . കരഞ്ഞു കൊണ്ട് നിന്ന അവളോട്‌ സുരഷ് ഗോപി  സ്റ്റൈലില്‍  മൂന്നാല് ഡയലോഗ്  . നിന്‍റെ കാര്യം അങ്ങനെയാണോ എന്നെനിക്കറിയില്ല  ,പക്ഷെ ഞാന്‍ വരുന്നത് നിന്നേ കാണാന്‍ ആണ് .   പുലിവാല്‍ കല്യാണം സിനിമയില്‍ സലിം കുമാര്‍ പറയുന്നത് പോലെ  , കേരളമറിയാത്ത സത്യം ഇന്ത്യയറിയാത്ത  സത്യം  -  അങ്ങനെ ആ സത്യം   വിളിച്ചു കൂവി .
മറുപടിക്ക് അധികം  കാത്തു നില്‍ക്കേണ്ടി വന്നില്ല . ഇനി നമ്മള്‍ തമ്മില്‍ കാണില്ല  എന്ന് പറഞ്ഞവള്‍ പോയി    .........


പിന്നീടാണ് ഞാന്‍ അറിഞ്ഞത്  അവള്‍ ജര്‍മനിയില്‍ ജനിച്ചു വളര്‍ന്ന  കുട്ടിയാരുന്നു . ഇന്ത്യയില്‍ ഗ്രാജുവേഷന്‍ എടുത്തിട്ടു  , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്‌മന്റ്‌  `ഇല്‍  പഠിക്കാന്‍ ലക്ഷ്യമിട്ട് വന്ന  " ഒരു സാദാരണ "  പെണ്‍കുട്ടിയായിരുന്നു  എന്നൊക്കെ. സത്യമായിട്ടും  അവള്‍ ഇതൊക്കെ എന്നോട് മറച്ചു വെച്ചത്എന്തിനാണെന്ന്  പോലും എനിക്കറിയില്ല . പറഞ്ഞിരുന്നുവെങ്കില്‍   ഞാന്‍ അവള്‍ക്ക് "ആപ്ലിക്കേഷന്‍"  കൊടുക്കില്ലായിരുന്നുവെന്നല്ല  ഇച്ചിരി കൂടി  "പ്ലാന്ട്" ആയി കൊടുത്തേനെ .അധികം താമസിക്കാതെ തന്നെ , അവള്‍ ഇവിടുത്തെ പഠിത്തം നിര്‍ത്തി  ജര്‍മനിക്ക് തിരിച്ചു പോകുന്നുവെന്ന  സന്തോഷ വാര്‍ത്ത  കേട്ടു.
"സന്തോഷം" സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കല്‍ കൂടി അവളെ പോയി കണ്ടു . എന്‍റെ ഹൃദയം  പറിച്ചെടുത്തു   അവളുടെ കൈക്കുമ്പിളില്‍ വെച്ചു കൊടുത്തു. (കിടക്കട്ടെ  ഒരു എം .ടി വാസുദേവന്‍ നായര്‍ സ്റ്റൈല്‍ ) .
അന്നാദ്യമായി  അവളുടെ   കറുത്തു നീണ്ട കണ്ണുകള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു .  അവള്‍ എന്‍റെ  പിടക്കുന്ന ഹൃദയം നോക്കി പറഞ്ഞു ,  hii I know this flower  but i forgot the name ,
ഇതല്ലേ  ഈ നാട്ടിലെ  ഹിന്ദൂസി ന്‍റെ  ടെംപിളിലെ  priest ഒക്കെ ചെവിയില്‍ വെക്കുന്ന ഫ്ലവര്‍ . എന്താ ഇതിന്‍റെ പേര് . ohh got it ,  ചെമ്പ"റ"ത്തി  പൂവ് .
എന്‍റെ മുന്നില്‍ നിന്ന്  അമ്മ പടിപ്പിച്ചതാണെന്ന് പറഞ്ഞു നല്ല ശുദ്ധ മലയാളത്തില്‍ കവിത ചൊല്ലിയവള്‍ , ആദ്യമായി  "മദാമ്മ"യായി .
സന്ധ്യക്ക്‌ , ഉറ്റസുഹൃത്തിന്‍റെ  മുന്‍പില്‍   കര്‍ണന്റെ  പിതാവായ  സൂര്യനെ  സാക്ഷി നിര്‍ത്തി  തല കുനിച്ചിരുന്നപ്പോള്‍  അയാള്‍ എന്‍റെ തോളില്‍ തൊട്ടു കൊണ്ട് ചോദിച്ചു , എടാ പ്രദീ പ്‌  കുട്ടി  നീ  കേട്ടിട്ടുണ്ടോ  പിച്ചക്കാരന്‍  രാജകുമാരിയെ പ്രണയിച്ച കഥ .  ??


പോടാ തെണ്ടീന്നു നീട്ടി വിളിക്കണം എന്നുണ്ടായിരുന്നു  പക്ഷെ വിളിച്ചില്ല .  (കാരണം  ജീവിതത്തില്‍ എന്നേ "നടക്കാന്‍ " പഠിപ്പിച്ചത് അയാളാണ് ).
കര്‍ണന്റെ ആരാധകനായിരുന്ന ഞാന്‍ , കര്‍ണന്റെ  കവച കുണ്ഡലങ്ങള്‍ പോലെ ഞാന്‍ ധരിച്ചിരുന്ന  പാരഗണ്‍ ചെരുപ്പിനെയും  നൂറ്റമ്പതു രൂപയുടെ  ഷര്‍ട്ടിനെയും ആദ്യമായി പുച്ഛത്തോടെ നോക്കി . ഇന്‍ഫീരിയോരിറ്റി  "കോമ്പ്ലാന്‍"  വയറു നിറച്ചു കുടിച്ച ഒരു കാലം .ആ പോട്ട്,  പോയത് പോയി , കുണുക്കിട്ടവള്‍ പോയാല്‍  കൊലുസിട്ടവള്‍ വരും എന്നാണല്ലോ പഴഞ്ചൊല്ല് .
     എങ്കിലും  ചന്ദ്രോത്സവം സിനിമയില്‍   വില്ലനായ  കളത്തില്‍ രാമനുണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,
മറക്കാന്‍ എനിക്ക് കഴിയുന്നില്ല കരുണേട്ടാ  !!!!!!!!! അതു പോലെ ഓര്‍മയുടെ  അസ്കിതകള്‍  എന്നേ അലോസരപ്പെടുത്തുന്നു .

സ്ഫടികം സിനിമയില്‍  ആട് തോമ പറയുന്നില്ലേ , എന്നെങ്കിലും തിരിച്ചു വരുമ്പോള്‍  ബാലുവിന്‍റെ കയില്‍ കൊടുക്കാന്‍ ഒരു മുത്തം കരുതി വെച്ചിരുന്നുവെന്നു.
അതു പോലെ എനിക്കും ഒന്ന്  മാപ്പ് പറയണം എന്നുണ്ട്  അവളോട്‌ . ഒരു നിമിഷമെങ്കിലും എന്നേ ഓര്‍ത്ത്‌ അവള്‍  വേദനിച്ചത്‌ കൊണ്ട് .
ഒരിക്കല്‍ ഞാന്‍ അതു ചെയ്യും . വേണ്ടി വന്നാല്‍ ഇവിടെ നിന്ന് ജര്‍മനിക്ക് പോകാനും ഞാന്‍ തയാറാണ് .
ചെന്നിട്ടു  കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി പറയുന്ന പോലെ ,
 ഫാ ! ചൂലേ !!!!!!!!!!!!!
 നീ ആരാന്നാ നിന്‍റെ വിചാരം ?? എടീ , ഞാന്‍ കര്‍ണന്‍ കളിച്ചു ഒരു മണ്ടനായി  പോയി. അര്‍ജുനന്‍ ആരുന്നെങ്കില്‍ ഒണ്ടല്ലോ  , നീയെന്‍റെ കയീ കെടന്നു പെടച്ചേനെ !! പെട പെടച്ചേനെ !!!!!!!!!!!!
എന്ത് കണ്ടിട്ടാടീ  ഞാന്‍ നിന്നെ മോഹിച്ചെന്ന് പറയുന്നത് ?? . നിനക്ക് എന്ത് ഒലക്കയാ  അന്നുണ്ടായിരുന്നത്‌ ?  നീ ജര്‍മനീന്നു  എഴുന്നള്ളിയ മദാമ്മയാണെന്നതു  പോലും നീ മറച്ചു വെച്ചിരുന്നു .......... ആകെ പാടെ  കോലേല്‍ തുണി ചുറ്റിയ പോലെ ഒരു രൂപം .  നിന്നേ മോഹിക്കാന്‍  അറ്റ്ലീസ്റ്റ്   കൊള്ളാവുന്ന രണ്ടു "മില്‍മ" എങ്കിലും നിനക്കൊണ്ടായിരുന്നോ ?? .......  മീനമാസത്തില്‍ തമിഴ് നാട്ടില്‍ നിന്ന് വരുന്ന പാണ്ടി നെല്ലിക്കയ്ക്ക്  പോലും അതിനേക്കാള്‍ വലുപ്പം  ഒണ്ടാരുന്നു..  ..ചൂലേ !!!!!!!
 തള്ളേ!!!!! കലിപ്പ് തീരണില്ലല്ലാ.


വേണ്ട ഞാന്‍ അധികം എഴുതുന്നില്ല . ആട് തോമ പറയുന്ന പോലെ  , തോമാ ഇന്ന് മുതല്‍ ക്ഷമിക്കാന്‍  പഠിക്കുവാ ....
ഇന്ന് ഈ ഇംഗ്ലണ്ട് ഇല്‍  വന്നിറങ്ങിയിട്ട്‌  ഏകദേശം ഒന്നര കൊല്ലം കഴിഞ്ഞു .   ഇത് എന്‍റെ ലോകമാണ് , എന്‍റെ മാത്രം ലോകം !!!!! കൈയില്‍ ഇഷ്ടം പോലെ പണം, സ്വാതന്ത്ര്യം . എന്തിനും എനിക്ക് ഈ നാട്ടില്‍ സ്വാതന്ത്ര്യം ഉണ്ട് .  പണ്ട് , ഈ നാട്ടില്‍ താമസിച്ചിരുന്ന  എന്‍റെ  അച്ചാച്ചന്‍ അദ്ദേഹത്തിന്‍റെ  സുഹൃത്തുക്കള്‍ വഴി എനിക്ക് നേരെ നീട്ടി പിടിച്ചിരിക്കുന്ന സദാചാരത്തിന്‍റെ  " റഡാറുകള്‍ " വളരെ ദുര്‍ബലമാണ് . എനിക്ക് നിസ്സാരമായി  അതിന്‍റെ പരിധിയില്‍ നിന്ന്  രക്ഷപെടാം ...


പക്ഷെ  എന്നും ഞാന്‍ അതിന്‍റെ പരിധിക്കുള്ളില്‍ തന്നെ നില്‍ക്കും , അതിനു കാരണം എന്‍റെ ഉള്ളില്‍ ഉറച്ചു പോയ  ആ കര്‍ണന്‍ ആണ് . പിന്നെ ഇന്ത്യയിലെ ഹിന്ദു തത്വ ശാസ്ത്രം കം തിയോളജി  ചോദിക്കുന്നത് പോലെ  " പുഴുവെടുത്തു പോകുന്ന സ്ത്രീ ശരീരത്തോട്  നിനക്കെന്താണ് പുത്രാ ഇത്ര ആര്‍ത്തി ??"കോപ്പിലെ ഈ പുസ്തകം വായിച്ചത്  ഈ മദാമ്മ മാരുടെ നാട്ടിലേക്ക് വരുന്നതിനു തൊട്ടു മുന്‍പാണ് .  ആ പുസ്തകം വായിച്ചില്ലായിരുന്നു വെങ്കില്‍ ..... ഹും  വായിച്ചു പോയില്ലേ  ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ .വായിച്ചില്ലായിരുന്നെങ്കില്‍  , കാലങ്ങള്‍ക്ക് ശേഷം , എന്‍റെ ഇംഗ്ലീഷ് ജീവിതത്തെ  അടിസ്ഥാനമാക്കി  ഞാന്‍ ഒരു ആത്മകഥയെഴുതിയേനെ  " വെടിപ്പുരക്ക് തീ പിടിച്ചപ്പോള്‍ .........."