ഈ ബ്രിട്ടീഷ് ജീവിതത്തിലെ ഒറ്റപ്പെടല്‍ ഒരു വല്ലാത്ത വീര്‍പ്പുമുട്ടലാണ് . ആകെ മടുപ്പ് . അത് മാറ്റാന്‍ പലതും ചെയ്തു . ചെയ്യുന്നു .. അതില്‍ ഏറ്റവും സന്തോഷം പകരുന്നത് ഈ ബ്ലോഗ് വായനയും എഴുത്തുമാണ് .ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥ മാറി വെയില്‍ വീണു തുടങ്ങി . അതിന്‍റെ സന്തോഷത്തില്‍ ഇരുന്നപ്പോളാണ് ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തിനു ഒരു മഹത് ആശയം കൈ വന്നത് . ഒരു ലണ്ടന്‍ ബ്ലോഗ് മീറ്റ് സങ്കടിപ്പിക്കുക . "ഹോ" വമ്പന്‍ ആശയം . ബിലാത്തി മലയാളി കൂട്ടായ്മ .അതും കവിതയെ സ്നേഹിക്കുന്ന , കഥയെ സ്നേഹിക്കുന്ന , സര്‍വോപരി മലയാളത്തെ എല്ലാ അര്‍ത്ഥത്തിലും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ . കേട്ടതും എനിക്ക് നൂറു വട്ടം സമ്മതം .ഈ നാട്ടില്‍ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു . അപ്പോളാണ് നാല് മലയാളികളെ " കത്തി " വെച്ചു കൊല്ലാന്‍ കിട്ടുന്ന ഒരു അവസരം .
ലണ്ടനില്‍ ഒരു ആശാന്‍ ഉണ്ട് . ഈസ്റ്റ് ഹാമില്‍ . ഏതെല്ലാം വഴിക്കൂടെ പിള്ളേരെ വഴി പിഴപ്പിക്കാം എന്നാണ് അങ്ങേരുടെ ഫുള്‍ ടൈം ആലോചന . ഒരു വെല്യ ബ്ലോഗ്ഗര്‍ ആണെന്നാ അങ്ങേരുടെ വിചാരവും . ആശയം അവതരിപ്പിച്ചതും , ആശാന്‍ " ലളിത് മോഡിയായി " എല്ലാം അങ്ങ് ഏറ്റെടുത്തു . മേയ് ഒന്‍പതു സണ്‍ ഡേയില്‍ ഈസ്റ്റ് ഹാമില്‍ മലയാളി ഹോട്ടലായ "ആശ ദോശയില്‍ " ഒത്തു കൂടാമെന്ന് എല്ലാരും കൂടി തീരുമാനിച്ചു. എല്ലാവരും ആകെ കൗതുകം നിറഞ്ഞ ഒരു സന്തോഷത്തില്‍. ബ്ലോഗ്ഗിലെ മലയാളി മങ്കകള്‍ അടക്കം ഒത്തു ചേരുന്ന ഒരു ചെറിയ അക്ഷരക്കൂട്ടായ്മ. ആരാണ്ടൊക്കെ അന്ന് തന്നെ പുതിയ face cream ഒക്കെ വാങ്ങിച്ചു . പുതിയ ജെല്‍ വാങ്ങിക്കുന്നു,കണ്ണടയുടെ ഗ്ലാസ് മാറ്റിയിടുന്നു . ഒന്നും വേണ്ട ഞാനിനിയൊന്നും പറയുന്നില്ല . ആരാണാവോ കണ്ണടയുള്ള ബ്ലാഗ്ഗര്‍ ?അങ്ങനെ കാത്തിരുന്നു മേയ് ഒന്‍പതു വന്നു .ഞാന്‍ തലേന്ന് തന്നെ, ഒരു പാക്കിസ്ഥാനി കടയില്‍ പോയി മുടി വെട്ടിച്ചു . അവനോടു ഞാന്‍ പ്രത്യേകം പറഞ്ഞു ലണ്ടന്‍ "ഹയാട്ട്" ഹോട്ടലില്‍ ഒരു പരിപാടിയുണ്ട് "കിടിലം" ആയിട്ട് വെട്ടണമെന്ന് . ഓക്കേ ബ്രദര്‍ എന്ന് പറഞ്ഞു അവന്‍ വെട്ടു തൊടങ്ങി . വെട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ശരിക്കും
"ഉള്‍ക്കിടിലം" ഉണ്ടായി. തലേലിരുന്നു ഓലപ്പടക്കം പൊട്ടിയ പോലെയുണ്ട്. ഇവനോടൊക്കെ എന്നാ പറയാനാ . ഏതു ഭാഷയില്‍ പറയാനാ ? പന്നീന്‍റെ മോനേന്നു മലയാളത്തില്‍ പറഞ്ഞിട്ട് പോന്നു .റൂമില്‍ വന്നു കുളിച്ചു തലേന്ന് തന്നെ കവേന്റ്രിയില്‍ വിഷ്ണുലോകത്തിന്റെ അടുത്തേക്ക് പോയി . അന്ന് അവിടെ തങ്ങി വെളുപ്പിന് ആറു മണിക്ക് എണീറ്റ് പോകാനാണ് പ്ലാന്‍ . അവിടെ ചെന്നപ്പം അയല്‍വക്കത്തുള്ള വീട്ടില്‍ താമസിക്കുന്നവന്മാരും ഈ വീട്ടില്‍ ഉണ്ട് ( മല്ലു സ്റ്റുഡന്‍സ്) . അവരുടെ വീട്ടില്‍ ആര്‍ക്കാണ്ട് ചിക്കന്‍ പോക്സ് പിടിച്ചത്രേ . ഏതായാലും ഞാന്‍ വലതു കാലെടുത്തു വെച്ച സ്ഥലം കൊള്ളാം..... ബെസ്റ്റ് കണ്ണാ ബെസ്റ്റ് ...( പാപി ചെല്ലുന്നിടം പാതാളം എന്നാരും " ഉറക്കെ " പറഞ്ഞു കേട്ടില്ല . ) .അവന്മാര് നല്ല കിടിലം കപ്പയും മീനുമൊക്കെ വെച്ചിട്ടുണ്ടായിരുന്നു .അവിടെ ഒരു താരമുണ്ടായിരുന്നു വിഷ്ണുവിന്‍റെ കസിന്‍ , കത്തിയുടെ കാര്യത്തില്‍ ഞാനൊക്കെ എത്ര ശിശുവാണെന്ന് തോന്നിപ്പോയി അവന്‍റെ മുന്നില്‍ . ഒരൈറ്റം "വെട്ടു കത്തി". ഒരു മാതിരി "കറന്റ് അഫയര്‍സ് " ഒക്കെ തീര്‍ന്നപ്പോള്‍ ആഫ്ടര്‍ ദ മീല്‍ , അവിടെ ഒരു " തറ " സീറ്റ് പിടിച്ച് ഞാന്‍ ഒരു മൂലക്ക് ചുരുണ്ടു.കണ്ടകശനി കൊണ്ടേ പോകുവെന്നു പറഞ്ഞ പോലെ "വെട്ടു കത്തിക്കും"ബെര്‍ത്ത് കിട്ടിയത് എന്‍റെ തൊട്ടടുത്തായിരുന്നു . പിന്നെ രാത്രി രണ്ടുമണി വരെ ഞങ്ങള്‍ ലോകവിശേഷം പറഞ്ഞു . ശുഭരാത്രി ........

വെളുപ്പിന് എണീറ്റ് കുളിച്ചൊരുങ്ങി ലണ്ടനിലേക്ക് വെച്ചു പിടിപ്പിച്ചു . ആരൊക്കെ വരുമെന്ന് ഒരു നിശ്ചയവുമില്ല . ബ്ലോഗ്ഗര്‍ സീമ മേനോന്‍ ചേച്ചി , ചേച്ചിക്ക് ഒരു " ലിറ്റില്‍ മാസ്റ്റര്‍ " ഉള്ളത് കൊണ്ട് വരാന്‍ കഴിയില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു . ആകെ ഇരുപതോളം ബ്ലോഗ്ഗര്‍ മാരാണ് ഇവിടെയുള്ളത് അതില്‍ പലര്‍ക്കും പരീക്ഷ . പലരും നാട്ടില്‍ പോയി . അങ്ങനെ പല കാര്യങ്ങള്‍ . നാഷണല്‍ എക്സ്പ്രസ്സ് ബസ് ഞങ്ങളെയും കൊണ്ട് ലണ്ടന്‍ വിക്ടോറിയ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു . നടക്കാന്‍ പോകുന്ന ബ്ലോഗ് മീറ്റിന്റെ ചിന്തകള്‍ എന്‍റെ മനസ്സിലും ....ലണ്ടന്‍ അടുക്കാറായപ്പോഴേ മുരളിച്ചേട്ടന്‍ വിളിച്ചു "ആശ ദോശ"യില്‍ അദ്ദേഹവും ബ്ലോഗ്ഗര്‍ സമദ് ഇക്കയും കാത്തിരിക്കുകയാണ് വേഗം വാ എന്ന്. ശരിക്കും ഒരാവേശം തന്നെയാണ് അപ്പോള്‍ എനിക്ക് തോന്നിയത് . വിക്ടോറിയായില്‍ ചാടിയിറങ്ങി ഓടി അണ്ടര്‍ ഗ്രൌണ്ട് ടൂബില്‍ ടിക്കറ്റ് എടുത്തു upminster ( via upton park) ലക്ഷ്യമാക്കി കുതിച്ചു . യാത്രയില്‍ ഞാന്‍ ആലോചിച്ചു , എല്ലാവര്‍ക്കും മെയില്‍ അയച്ചിട്ടുണ്ട് , ആരൊക്കെ വരും ? എന്തായാലും ബ്ലോഗ്ഗര്‍ കൊച്ചുത്രേസ്സ്യ വരും . മെയില്‍ അയച്ചു എല്ലാവരെയും ക്ഷണിക്കുന്ന "പണി" മുരളിയേട്ടന്‍ " സ്നേഹ പൂര്‍വ്വം " എനിക്ക് തന്നപ്പോള്‍ തന്നെ ഞാന്‍ എല്ലാവര്‍ക്കും മെയില്‍ അയച്ചിരുന്നു . അതില്‍ കൊച്ചുത്രേസ്സ്യക്ക് പലകുറി പല കാര്യങ്ങള്‍ വിശദീകരിച്ചു മെയില്‍ അയക്കേണ്ടി വന്നു . ഓരോ ദിവസം ഓരോ സംശയങ്ങള്‍ . ബ്ലോഗിലെ "ഫിലോമിനാ" ആയിപ്പോയില്ലേ അത് കൊണ്ട് ക്ഷമയോടെ എല്ലാത്തിനും മറുപടി അയച്ചു . ഇനി വന്നില്ലെങ്കില്‍ അതിനു പാഷാണം കലക്കി കൊടുക്കും .... ചിന്തകള്‍ കാടുകയറുംമ്പോഴും ഉറപ്പായിരുന്നു, വരും എന്‍റെ " കൊച്ച് " വരും . പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പ് ഒരു കോള്‍ വന്നു . പ്രദീപേ , ഇത് ദീപ്തിയാണ് . ആര് ?oh " sorry കൊച്ചുത്രേസ്സ്യയാണ് . ഞാന്‍ upton park ല്‍ ഉണ്ട് . ഹോട്ടലിലേക്ക് പോകുന്ന വഴിയൊന്നു പറഞ്ഞു തരാമോ .?ഹോ , സന്തോഷായി , താരം എത്തിയിട്ടുണ്ട് അവസാനം . ഞാന്‍ പറഞ്ഞു വെയിറ്റ് ചെയ്യൂ , ഞങ്ങള്‍ അഞ്ചു മിനുട്ടില്‍ അവിടെയെത്തും , ഒരുമിച്ചു പോകാം .

ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റിലിട്ടപ്പോള്‍ വളരെ സന്തോഷം തോന്നി . കൊച്ചുത്രേസ്സ്യ , എന്നോട് സംസാരിച്ചത് വലിയ കാര്യത്തോടെയാണ് . എന്‍റെ പഴയ പോസ്റ്റ് മുഴുവന്‍ കുത്തിയിരുന്നു വായിച്ചിട്ട് വരുവാണെന്ന് തോന്നുന്നു . "ഗൊച്ചു ഗള്ളി ".... ഞാന്‍ തിരിഞ്ഞു വിഷ്ണുവിനെ നോക്കിയപ്പോള്‍ അളിയന് ഒരു താല്പര്യവുമില്ല . അവന്‍റെ ഒരു കൊച്ചുത്രെസ്സ്യാന്നു ഒരു ഭാവം ...ട്രെയിനില്‍ നിന്നിറങ്ങി അവര് പറഞ്ഞ station te വാതില്‍ക്കല്‍ ചെന്നു. അകലേന്നെ കണ്ടു ഒരു മലയാളി പെണ്ണ് അവിടെ ഒട്ടിച്ചു വെച്ചേക്കുന്ന പോസ്റ്റര്‍ വായിച്ചോണ്ട് വായിനോക്കി നില്‍ക്കുന്നു . നിപ്പും മട്ടും കണ്ടപ്പോഴേ പിടി കിട്ടി നമ്മടെ കൊച്ച് ഇത് തന്നെയാണെന്ന് . പക്ഷെ നേരെ പോയി ഇടിച്ചാല്‍ അത് നാണക്കേടല്ലേ ? ഞങ്ങള്‍ അവരേ കടന്നു അപ്പുറം പോയി . അവരപ്പോഴും പോസ്റ്റര്‍ വായിച്ചോണ്ട് നില്‍പ്പുണ്ട് . പുറത്തു പോയി നോക്കി . അവിടെ ആരുമില്ല . വിഷ്ണു അപ്പോഴും പറയുന്നുണ്ട് ,അളിയാ നീ അവരോടു ചോദിക്ക് . ആ പെണ്ണാണ് . ചോദിക്കെന്ന് . ശരി . ഞാന്‍ മൊബൈല്‍ എടുത്തു റിംഗ് ചെയ്തു . അവര്‍ ഫോണ്‍ എടുത്തു . ഞാന്‍ അടുത്തേക്ക് ചെന്നു , കൊച്ചുത്രേസ്സ്യ അല്ലേന്ന് ചോദിച്ചു . അന്നേരം " കൊച്ചിന്റെ ഒരു മറുപടി . ഓ നിങ്ങള്‍ ആരുന്നോ നിങ്ങള്‍ പുറത്തേക്ക് പോകുന്നത് കണ്ടപ്പോള്‍ എനിക്ക് തോന്നിയിരുന്നുവെന്ന്.ഹും . ബെസ്റ്റ് . ദൈവത്തിന്‍റെ സൃഷ്ടിയില്‍ ഏറ്റവും complicated item ആണ് പെണ്ണ് എന്നുള്ളത് മനസ്സിലായി . എനിക്ക് പോസ്റ്റര്‍ വായിക്കുമ്പോള്‍ , അതില്‍ മാത്രം concentrate ചെയ്യാനുള്ള കഴിവേ ദൈവം തന്നിട്ടുള്ളൂ . ഞാന്‍ പ്രദീപ് , ഇത് വിഷ്ണു . ഓ വിഷ്ണുവിനെ എനിക്കറിയാം വിഷ്ണുവിന്‍റെ എല്ലാ യാത്രകളും വായിച്ചിട്ടുണ്ട് . നല്ല എഴുത്താണ് കേട്ടോ വിഷ്ണു .എന്‍റെ സമയം ആഗതമായി , എടുത്ത വായില്‍ ഞാന്‍ ചോദിച്ചു എന്‍റെ ബ്ലോഗ് എങ്ങനെയുണ്ട് ? ഓ ക്ഷമിക്കണം പ്രദീപ് , ഇത് വരെ അത് വായിച്ചിട്ടില്ല . പഴുത്ത കപ്പളങ്ങയ്ക്കിട്ടു കവള മടലിനു അടിച്ച പോലെയായി നമ്മ ന്‍റെ ഫേസ് കട്ട്. ഗൂഗ്ലി ഗൂഗ്ലി .
ഇതെല്ലാം സെക്കന്റ് കൊണ്ട് പറഞ്ഞു കഴിഞ്ഞു . കവേന്റ്രി മുതല്‍ ലണ്ടന്‍ വരെ എന്‍റെ നിഴല് പറ്റി, നനഞ്ഞ പൊരുന്നക്കോഴിയേപ്പോലെ നടന്ന വിഷ്ണു അളിയന്‍ , ആ ഒറ്റ നിമിഷം കൊണ്ട് ആറടി നാലിഞ്ചു പൊക്കവും തേങ്ങാടെ വലിപ്പമുള്ള രണ്ടു ചെസ്റ്റും ഒക്കെയായി ലണ്ടന്‍ അങ്ങാടിക്കൂടെ കവച്ചു കവച്ചു നടക്കാന്‍ തുടങ്ങി . അവനും കൊച്ചുത്രേസ്സ്യയും യാത്രകളെ പറ്റിയൊക്കെ സംസാരിച്ചു മുന്നേ നടന്നു . അത് വരെ പുലിയാരുന്ന ഞാന്‍ , എടാ എടാ എന്നേം കൂടി നിങ്ങടെ കൂടെ കൊണ്ട് പോകാവോട എന്ന് ചോദിച്ചു പൊറകേ............. നല്ല നേരത്ത് കത്തി പോസ്റ്റും എഴുതി ബൂലോകത്തുള്ള വന്മാരുടെ തെറിയും കേട്ട് ഇരിക്കുന്നതിനു പകരം ഏതെങ്കിലും ഒരു ക്യാമറയും തൂക്കി തെണ്ടിത്തിരിഞ്ഞു നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ക്കടെ മുന്നില്‍ ജാടയിറക്കാരുന്നു. അത് വരെ കണ്ട സ്വപ്നങ്ങളും , മൂന്നു പൌണ്ട് കൂടുതല്‍ കൊടുത്ത് വെട്ടിച്ച തലമുടിയും , തേച്ചു തീര്‍ത്ത ക്രീമും എല്ലാം ജലരേഖകള്‍ .................. ദില്‍ വാലെ ദുല്‍ ഹനിയാ ............ യോദ്ധായില്‍ ലാലേട്ടന്‍ എല്ലാം നഷ്ടപ്പെട്ടു , നേപ്പാളില്‍ ഇരുന്നു വിളിക്കുന്നില്ലേ , ശ്രീ ബുദ്ധാ ... എന്ന് . അത് പോലെ ലണ്ടന്‍ അങ്ങാടിയില്‍ ഇരുന്നു , ഞാനും വിളിച്ചു കൊച്ചുത്രേസ്സ്യെ....................വഴിയില്‍ "ആശ ദോശയുടെ" മുന്‍പില്‍ ഞങ്ങടെ ആശാന്‍ മുരളിച്ചേട്ടന്‍ നില്‍പ്പുണ്ടായിരുന്നു . ഒരു കള്ളച്ചിരിയൊക്കെയായിട്ട്.സ്വാഗതം പറഞ്ഞ് അകത്തേക്ക് കേറ്റി . അവിടെ നമ്മുടെ സമദ് ഇക്ക കഴിച്ച രണ്ടു ദോശയുടെയും ഒന്നര മണിക്കൂര്‍ നിര്‍ത്താതെയുള്ള മുരളിയേട്ടന്റെ "കൊലക്കത്തിയുടേയും " ക്ഷീണത്താല്‍ ഒരു മൂലക്ക് , വെള്ളം കിട്ടാതെ കിടക്കുന്ന ബ്രോയിലര്‍ കോഴിയേ പോലെ തളര്‍ന്നു കിടപ്പുണ്ടായിരുന്നു . പാവം. ഞങ്ങളേ കണ്ട് , അതാശ്വാസത്തോടെ തല പൊക്കി നാട്ടില്‍ പോലുസുകാരെ പഠിപ്പിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും വക്കീല്‍ ആയി ജീവിക്കുകയും ചെയ്ത നമ്മടെ ഇക്ക , ഇങ്ങനെ തളര്‍ന്നു പോകണമെങ്കില്‍ , ഹോ എന്‍റെ ബിലാത്തി പട്ടണം ചേട്ടാ ........... നമിച്ചു നിങ്ങളേ..
.

പിന്നെ ചെന്നു കയറിയ പാടെ ഞങ്ങളും "കാര്യ പരിപാടിയിലേക്ക് " കടന്നു . കൊച്ച് രണ്ടു ദോശയും ഒരു ഇഡ്ഡലി സെറ്റും, വിഷ്ണു രണ്ടു ദോശയും ഞാന്‍ "ഒരു" ദോശയും കഴിച്ചു. തീറ്റ കണ്ട മുരളിയേട്ടന്‍, ഇത് ബ്ലോഗ് മീറ്റാണ് അല്ലാതെ ബ്ലോഗ് "ഈറ്റ്" അല്ല എന്നവരെ ഓര്‍പ്പിച്ചു. എന്നോടല്ല -(note the point).ഒള്ള കാര്യം പറയാലോ നല്ല ആസ്വദിച്ചു കഴിച്ചു.നല്ല കിടിലം ദോശ. അത് സ്നേഹപൂര്‍വ്വം ഞങ്ങള്‍ക്ക് വിളമ്പിയ " ആശ ദോശയുടെ " എല്ലാമെല്ലാമായ കൊല്ലം കാരന്‍ മോഹന്‍ ചേട്ടന് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി . കുറേ മലയാളി പിള്ളേര്‍ക്ക് ഒരുമിച്ചു വെച്ചു വിളമ്പുകയല്ല അദേഹം ചെയ്തത് . അവിടെയിരിക്കുന്ന സകല കടകളുടേയും ബ്ലോഗ് മീറ്റ് നടത്തിയ ബോളിയെന്‍ തിയറ്ററി ന്‍റെയും എല്ലാം ആത്മാവായ അദേഹത്തിന്, ഞങ്ങള്‍ക്ക് സാമ്പാര്‍ വിളമ്പി തരേണ്ട ഒരാവശ്യവുമില്ലായിരുന്നു. അവിടെ ഞങ്ങളെ കാണാന്‍ വരികയും ഞങ്ങള്‍ക്ക് വിളമ്പി തരികയും ചെയ്തപ്പോള്‍ അദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന ആ സന്തോഷം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു . വെറുമൊരു നന്ദി വാക്ക് പറഞ്ഞു അദേഹത്തെ അപമാനിച്ചതില്‍ ക്ഷമിക്കുക . ദോശ നല്ല ആസ്വദിച്ചു കഴിച്ചോണ്ടിരുന്നപ്പോലാണ് നമ്മുടെ "അളിയന്മാരുടെ" വരവ് .ബ്ലോഗിലെ ഇംഗ്ലീഷ് എഴുത്തുകാരന്‍ അരുണ്‍, ഭഗവാന്‍ , ബാലമുരളി , പുഞ്ചിരിയിലൊതുക്കിയ ആദ്യ പരിചയപ്പെടലിനു ശേഷം അവന്മാരും "ബിസിയായി" . എന്തായാലും അവന്മാര് വന്നിരുന്നു പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ മോഹന്‍ ചേട്ടന്‍ സാമ്പാറ് പാത്രം ചൈനക്കാരി അസിസ്റ്റന്റിനു കൈമാറി, പട്ടി കടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടവനെ പോലെ ഒരു മൂലയ്ക്ക് പോയിരുന്നു ശ്വാസം വലിക്കാന്‍ തൊടങ്ങി . പാവം ഓരോരോ പണി കിട്ടുന്ന വഴികളേ ..........അവന്മാരുടെ "ഇന്ത്യാ ചൈന യുദ്ധം" ഒരു കരക്കടുത്തപ്പോള്‍ ഞങ്ങള്‍ മുകളിലത്തെ ഓടിറ്റോറിയത്തിലേക്ക് ...........
ഈ സംഭവ സ്ഥലം അത്ര നിസ്സാര സ്ഥലമല്ല . ഒരു മാതിരിപ്പെട്ട എല്ലാ ബോളിവുഡ് സ്റ്റാര്‍സും വന്ന് മീറ്റിങ്ങിനു ഇരുന്നിട്ടുള്ള സ്ഥലമാണ് ഈ ഓടിറ്റോറിയം .അമിര്‍ഖാന്‍ , അമിതാബ് ബച്ചന്‍ , ഷാരുഖ് , ഹൃതിക് , റാണിക്കുട്ടി ( മുഖര്‍ജി ) അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാവരും .അങ്ങനെ എല്ലാവരും വട്ടത്തില്‍ കസേരയിട്ട് ഇരുന്നു. എനിക്ക് കിട്ടിയത് നമ്മന്റെ റാണിക്കുട്ടി പണ്ട് ഇരുന്ന കസേരയാണ്.പത്തയ്യായിരം കസേരക്കകത്ത് നിന്ന് നിനക്ക് അത് തന്നെ എങ്ങനെ കൃത്യം കിട്ടിയെന്നു ചോദിക്കരുത്. ഹോ, പുവര്‍ മല്ലൂസിന്‍റെ ചീപ് ക്വസ്റ്റ്യന്സ് .അങ്ങനെ ബ്ലോഗ് മീറ്റ് ആധികാരികമായി തുടങ്ങി . (ഞങ്ങളെ കിട്ടിയപ്പോള്‍ മുതല്‍ മുരളിച്ചേ ട്ടന്‍റെ കത്തി ഞങ്ങടെ നേര്‍ക്കാരുന്നല്ലോ, ആ സമയത്ത് വലിച്ചെടുത്ത ഓക്സിജന്‍റെ ബലത്തില്‍) സമദ് ഇക്ക സംസാരിച്ചു തുടങ്ങി . ക്രിമിനോളജി പഠിച്ച കാര്യവും വടക്കന്‍ നാട്ടിലെ ബ്രിട്ടീഷ് ഭരണ കാലവും , അവിടെ ജനിച്ചു വളര്‍ന്ന സായിപ്പിനെ യൂകെയില്‍ പോയി കണ്ടപ്പോള്‍ സായിപ്പ് കഞ്ഞി കൊടുത്ത കാര്യവും ഒക്കെ രസകരമായി ഇക്ക പറഞ്ഞു കൊണ്ടേയിരുന്നു . ബ്ലോഗ് മീറ്റ് ഉദ്ഖാടനം ചെയ്തു ഒരു അഞ്ചു മിനിറ്റ് സംസാരിക്കണം എന്ന് പറഞ്ഞു, ഒരു പ്രവാസി എഴുത്ത് കാരനെ മുരളിയേട്ടന്‍ "ഏര്‍പ്പാടാ"ക്കിയിരുന്നു. ശ്രീ പാറശ്ശാല സോമന്‍. അദേഹം അര മണിക്കൂര്‍ വൈകിയാണ് എത്തിയത്.അര മണിക്കൂര്‍ വൈകിയാലും അദേഹം കാര്യങ്ങളെല്ലാം ഉഷാറായി നടത്തി .ബ്ലോഗ് മീറ്റ് ഉദ്ഖാടനം ചെയ്തു സംസാരിച്ചു.പ്രവാസി കാര്യ അവാര്‍ഡ് , ഈസ്റ്റ് ഹാം മലയാളി അവാര്‍ഡ് , ലണ്ടന്‍ അങ്ങാടി മലയാളി അവാര്‍ഡ് ... അങ്ങനെ ഒത്തിരി അവാര്‍ഡുകള്‍ അദേഹം നേടിയിട്ടുണ്ട് എന്ന് പറഞ്ഞു . അദേഹം പറഞ്ഞ പോലെ അഞ്ച് മിനുട്ട് കൊണ്ട് വാക്കുകള്‍ അവസാനിപ്പിച്ചു. എനിക്കൊത്തിരി സന്തോഷം തോന്നി . ഉദ്ഖാടനം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം .

പിന്നീട് ബ്ലോഗ്ഗര്‍ അരുണ്‍ സംസാരിക്കാന്‍ തുടങ്ങി. ആംഗലേയ ഭാഷയിലാണ് എഴുതുന്നത് എന്ന് പറഞ്ഞാണ് തുടങ്ങിയത്. ആംഗലേയ സാഹിത്യം എന്ന് കേട്ടതും നമ്മുടെ "ബുജി" പാറശ്ശാല സോമന്‍ ഉണര്‍ന്നു . ആംഗലേയ സാഹിത്യത്തിന്റെ പോരായ്മകളേക്കുറിച്ചും ഷേക്ക്‌സ്പിയര്‍ എഴുതിയതിലെ ഗ്രാമ്മര്‍ മിസ്റ്റേക്കിനേ കുറിച്ചും അര മണിക്കൂര്‍ " വിലപ്പെട്ട അറിവ്" പകര്‍ന്നു തന്നു. അങ്ങനെ അരുണിന് മൊത്തം സംസാരിക്കാന്‍ പോലും പറ്റിയില്ല . ഇതിനിടയില്‍ ആണ് നമ്മുടെ ബ്ലോഗ്ഗര്‍ ഷിയാ ചേച്ചിയും ഹസ് ഷമീം ചേട്ടനും വന്നത്. ചേച്ചി പറഞ്ഞിരുന്നു , കസിന്‍റെ " holy communion " നടക്കുന്നുണ്ട് ഈസ്റ്റ് ഹാമില്‍ വെച്ച് . അതിനിടയില്‍ ഓടി വന്നിട്ട് പോകത്തേയുള്ളൂ .ആരും പരാതി ഒന്നും പറയരുത് എന്ന് . പറഞ്ഞ പോലെ തന്നെ ചേച്ചി വന്നു. പക്ഷേ വരവ് കണ്ടപ്പോള്‍ ഒരു സംശയം തോന്നി , വരുന്നത് " holy communion " പാര്‍ട്ടിയില്‍ നിന്നാണോ അതോ ഭരത നാട്യത്തിന്റെ സെറ്റില്‍ നിന്നാണോ ? എന്‍റെ ചേച്ചി........ ക്രീമിന് ഒക്കെ ഒരു പരിധിയില്ലേ ? ലിപ്സ്റ്റിക്കിനും ഇല്ലേ അപ്പനും ആങ്ങളമാരും ?എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു . അപ്പോഴേക്കും നമ്മുടെ " സോമേട്ടന്‍ " അടുത്ത " വലിയ " കാര്യങ്ങളിലേക്ക് കടന്നു. കാശ് മുടക്കി ആളുകള്‍ അവാര്‍ഡ് മേടിക്കുന്ന കാര്യവും , ( പുള്ളി ആ ടൈപ്പ് അല്ല കേട്ടോ ) പണം കൊടുത്ത് മറ്റുള്ളവരെ കൊണ്ട് എഴുതിക്കുന്ന കാര്യവും ഒക്കെ ഞങ്ങള്‍ ചോദിക്കാതെ തന്നെ അദേഹം പറഞ്ഞു കൊണ്ടേയിരുന്നു .
അപ്പോഴാണ് മനോജ് ശിവ എന്ന് പറയുന്ന ഒരു ബ്ലോഗ്ഗര്‍ കേറി വന്നത് . എന്താണ് ഞാന്‍ ആ മനുഷ്യനേ പറ്റി പറയേണ്ടത്.സംഗീതം സിരകളില്‍ ഒഴുകുന്ന ഒരു മനുഷ്യന്‍ . അദേഹം തന്നെ പറയുന്നു , സംഗീതത്തിന്റെ മുന്‍പില്‍ ഞാന്‍ എല്ലാം മറക്കുന്നു.വല്ലപ്പോഴുമേ എഴുതാറുള്ളൂ . എഴുതുമ്പോള്‍, എന്‍റെ മനസ്സില്‍ വരുന്നതൊക്കെ അങ്ങ് എഴുതി വക്കുന്നു . അത് ഏതോ ഒരു അദൃശ്യ ശക്തിയാല്‍ എഴുതി പോകുന്നതാണ്. ഭ്രാന്തമായ സ്നേഹത്തിലാണ് ഞാന്‍ എഴുതുന്നത് . കേട്ടിരിക്കാന്‍ വശ്യമായ ഒരു സൗന്ദര്യമുണ്ടായിരുന്നു അദേഹത്തിന്റെ വാക്കുകള്‍ക്ക്. ഞാന്‍ ആ സംസാരത്തിന്റെ മായാ ലോകത്തിലേക്ക് ലയിച്ചു ചേരാന്‍ തുടങ്ങിയപ്പോള്‍ ഒരു അശരീരി കേട്ടു. മാലാഖമാരൊന്നുമല്ല, നമ്മടെ സോമന്‍ , പാറശ്ശാല സോമന്‍!!!!!!!!!അങ്ങേരു എന്തോ പറഞ്ഞു . അത് ഞാന്‍ ഇവിടെ എഴുതുന്നില്ല .എനിക്കുമില്ലേ മാനാഭിമാനം...?

അങ്ങനെ മനോജ് ശിവയുടെ സംസാരം സോമന്‍ നിര്‍ത്തിച്ചു.പിന്നീട് എന്‍റെ ഊഴമായിരുന്നു . ഞാനും എന്തൊക്കെയോ പറഞ്ഞു . സോമന്‍ ഇടയ്ക്കു കയറിയാലും "മൈക്ക്" വിട്ടു കൊടുക്കില്ല എന്നുറപ്പിച്ചു തന്നെയാരുന്നു . പക്ഷേ സോമനാരാ മോന്‍ ???അങ്ങനെ ഞാനും മുഴുമിച്ചില്ല .പിന്നെ കൊച്ചുത്രേസ്സ്യയുടെ ഊഴമായിരുന്നു . അവര്‍ വല്യ ബ്ലോഗ്ഗര്‍ ആണെന്നറിഞ്ഞതോടെ , നമ്മുടെ സോമേട്ടന് അപ്പോള്‍ തന്നെയത് പുസ്തകമാക്കണം. പുസ്തകമാക്കിയാല്‍ വായനക്കാരുണ്ടാകുമോ എന്നാരോ സംശയം ചോദിച്ചു .കത്തി വെക്കാന്‍ വേണ്ടി ബിര്‍മിന്‍ ഹാമില്‍ നിന്ന് മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു , സാഗര്‍ ഏലിയാസ് സോമന്‍റെ മുന്നില്‍ വായൊന്നു തുറക്കാന്‍ പോലും പറ്റാതെ നിന്ന ഞാന്‍ , ഏതായാലും ഇന്നത്തെ ദിവസം "കത്തി"പ്പോയി എന്നാല്‍ അളിച്ചങ്ങ് വാരിയെക്കാമെന്ന് വെച്ച് അതേറ്റു പിടിച്ചു . അങ്ങേരുമായി ഫയങ്കരം ഡിബേററ് അങ്ങ് നടത്തി . ഏറ്റില്ല .സോമനാരാ മൊതല് !!!!!!!! (എന്‍റെ ആവനാഴിയില്‍ വാക്കുകളില്ലഞ്ഞിട്ടല്ല , കല്യാണം ഒക്കെ കഴിക്കാറായില്ലേ ഇനിയെങ്കിലും നാട്ടു കാരുടെ മുന്‍പില്‍ " ഡീസന്റ് " ആവണം തോമാച്ചാ എന്ന് അമ്മ പറഞ്ഞത് കൊണ്ട് വെറുതേ വിട്ടതാ .ഹും ) .അങ്ങനെ പാറശ്ശാല സോമന്‍ ഏലിയാസ് ജാക്കിയായപ്പോള്‍ ഞങ്ങള്‍ ശശിയായി . വെറും ശശിയല്ല പാലാരിവട്ടം ശശി .
ഏതോ ഒരു ബ്ലോഗ്ഗര്‍ പറഞ്ഞു ഞാന്‍ കുറച്ചു കാലം ഗള്‍ഫില്‍ ഉണ്ടായിരുന്നു . ദാ എത്തിപ്പോയി നമ്മുടെ സോമന്‍ . ഞാന്‍ പത്തു പതിനെട്ടു വര്‍ഷത്തോളം ഗള്‍ഫില്‍ ഉണ്ടായിരുന്നു . ആദ്യകാലത്ത് സൗദിയിലിരുന്നു ഒരു കഥയെഴുതി "മണല്‍ത്തരികള്‍ എണ്ണിയപ്പോള്‍ ". പിന്നെ ഏതാണ്ടൊക്കെ അങ്ങേരു പറഞ്ഞു കൊണ്ടേയിരുന്നു . ഏതായാലും അങ്ങേരു "മണല്‍ത്തരികള്‍ എണ്ണിയപ്പോള്‍ " പാവപ്പെട്ട ബ്ലോഗ്ഗര്‍മാര്‍ നക്ഷത്രം എണ്ണി. അങ്ങനെ കമ്പ്ലീറ്റ്‌ലി സോമന്‍ അളിച്ചു വാരിയ ബ്ലോഗ് മീറ്റ് , മരിച്ച വീട്ടിലെ ഒപ്പീസ് കേള്‍ക്കുന്ന പോലെ ഞങ്ങള്‍ ബ്ലോഗ്ഗര്‍ മാര്‍ "ആസ്വദിച്ചു" കൊണ്ടേയിരുന്നു . അപ്പോള്‍ മുരളിച്ചേട്ടന്‍ എഴുതിയ ഒരു കുറിപ്പ് ഞങ്ങള്‍ക്കിടയില്‍ കൈമാറി കൈമാറി കിട്ടി.
"അറിയാതെ പറ്റിയതാ, പാരയായിപ്പോയി, നീങ്ങ ക്ഷമീര് ..."ഹും , അത്രയെങ്കിലും അങ്ങേരു പറഞ്ഞില്ലായിരുന്നെങ്കില്‍ ഞെക്കി ഞാന്‍ കൊന്നേനെ ആ പണ്ടാരത്തിനേ ....
മൊത്തത്തില്‍ , ബ്ലോഗ് മീറ്റ് എന്ന പേരില്‍ ശ്രീമാന്‍ സോമന്‍ സമ്മാനിച്ച ആ " മരിച്ചടക്ക് " ചടങ്ങില്‍ അവസാനം മുരളിച്ചേട്ടന്‍ ഇറങ്ങി . മുംബൈ ഇന്ത്യന്‍സിന്‍റെ പൊള്ളാര്‍ഡ് ഇറങ്ങിയ പോലെ .ഒരു കിടിലം മാജിക് ഷോ നടത്തി . പത്തു മിനിറ്റ് കൊണ്ട് , ആ വേദി ഇളക്കി മറിച്ചു കളഞ്ഞു . ആവേശം വാനോളം ഉയര്‍ന്നപ്പോള്‍ , പൊള്ളാര്‍ഡിന് അടിക്കാന്‍ ഒവറില്ലാത്ത ഇല്ലാത്ത പോലെ സമയം കടന്നു പോയിരുന്നു . നേരെ ചൊവ്വേ ഒന്ന് പരിചയപ്പെടാന്‍ പോലും കഴിയാതെ ഭക്ഷണ മേശയിലേക്ക് എല്ലാരും കൂടി നടന്നപ്പോള്‍ ( അപ്പോഴും മഴ പെയ്യുകയായിരുന്നു എന്ന് സാഹിത്യകാരന്മാര്‍ "സാഹിത്യക്കുന്നത്" പോലെ ) അപ്പോഴും സോമന്‍ സാഹിത്യം പുലമ്പിക്കൊണ്ടിരിക്കുവാരുന്നു !!!!!!!!!!!!!!!!! എണീറ്റ് വാടെ കഞ്ഞി കുടിക്കാമെന്ന് പറഞ്ഞപ്പോളാണ് അതൊന്നു നിര്‍ത്തിയത് .

അമ്മ പറഞ്ഞത് കൊണ്ട് ഞാന്‍ ഡീസന്റ് ആയിട്ട് "അഭിനയിക്കാന്‍" തുടങ്ങി . അത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല സോമനോട് . ഇല്ലാരുന്നെങ്കില്‍ ഉരലിനകത്തിട്ടു ഇടിച്ചു , വെടി മരുന്ന് കൂട്ടി തിരുമ്മി , റഷ്യയില്‍ നിന്ന് ഒരു പഴയ കപ്പല് വെലക്ക് മേടിച്ച് പുറം കടലില്‍ കൊണ്ട് പോയി കത്തിച്ച് കളഞ്ഞേനെ , ആ നായിന്‍റെ മോനെ . എല്ലാവരും പാഴായി പോയ ഒരു ദിവസത്തെ ഓര്‍ത്ത് , ഒരേ മനസ്സും ചിന്തകളുമുള്ള ഈ ബൂലോകരുമായി ഒരു നല്ല കത്തി പോലും വെക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് തീന്‍ മേശയിലേക്ക് നടക്കുമ്പോള്‍ ആകെ ആശ്വാസം നമ്മടെ ആശാന്‍റെ മാജിക് ആയിരുന്നു . തീന്‍ മേശയില്‍ കിട്ടിയ ഓരോ നിമിഷവും ആവേശത്തോടെ പരസ്പരം സംസാരിച്ച് ബ്ലോഗ്ഗര്‍മാര്‍ സൗഹൃദം പങ്കു വെച്ചു. എനിക്കും വിഷ്ണുവിനും ഏറ്റവും ദൂരേക്ക് പോരേണ്ടത് കൊണ്ട് ഞങ്ങള്‍ക്ക് ആദ്യം ചോറ് വിളമ്പി തന്നു. ബാക്കിയെല്ലാവരും ക്യൂവില്‍.ഞങ്ങള്‍ മീന്‍ കറിയും മീന്‍ വറത്തതും അവിയലും തോരനും പപ്പടവുമൊക്കെ കൂട്ടി കുഴച്ച് , ആസ്വദിച്ചു ഉണ്ടോണ്ടിരുന്നപ്പോള്‍ കൊച്ച്ത്രേസ്യയും സമദ് ഇക്കയും അരികില്‍ വന്നു നോക്കി ഇരുന്നു. ഞാന്‍ രണ്ടു ചോറ് എടുത്ത്,പാത്രത്തിനു ചുറ്റും മൂന്നു പ്രാവശ്യം ചുഴറ്റി അവര്‍ക്ക് നേരെ ഇട്ടു.കൊതി കിട്ടാതിരിക്കാന്‍ വേണ്ടിയൊന്നുമല്ല ,ചുമ്മാ ഇട്ടന്നേയുള്ളൂ. (prevention is better than cure.)ചേട്ടാ ഇച്ചിരി അവിയല് കൂടി എന്ന് വിളിച്ച് പറഞ്ഞ് തിരിഞ്ഞു പാത്രത്തില്‍ നോക്കിയപ്പോള്‍ പപ്പടം കാണാനില്ല . ആട് പ്ലാവില തിന്നുന്നപോലെ പപ്പടം തിന്നുന്ന കൊച്ചുത്രേസ്യയേ കണ്ടു പിടിക്കാന്‍ ലോക്കല്‍ പോലീസിന്‍റെ അന്വേഷണ നിലവാരം പോലും വേണ്ടി വന്നില്ല . ദോഷം പറയരുതല്ലോ ഇന്നാ ഇച്ചിരി കഴിച്ചോന്നു പറഞ്ഞ് , ഒരു കുഞ്ഞു കഷണം ഒടിച്ചെനിക്ക് തന്നു കേട്ടോ . സ്നേഹമുള്ളവളാ കൊച്ചുത്രേസ്യാ ......... എലിപ്പാതി ഞങ്ങള്‍ കോട്ടയം കാര്‍ക്ക് വേണ്ടാന്നു പറഞ്ഞ് തിരിച്ചു കൊടുത്തു. ഹും .ചേട്ടാ ഇച്ചിരി രസം തരാവോ എന്ന് ചോദിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ പാത്രത്തില്‍ ഇരുന്ന മീന്‍ വറത്തത് കണ്ടില്ല . എന്തും ഞാന്‍ സഹിക്കും മീന്‍ ഫ്രൈ പോയാല്‍ കൊല്ലും ഞാന്‍ ... ഒരു സി ബി ഐ അന്വേഷണം വേണ്ടി വന്നു പമ്മിയിരുന്നു മീന്‍ ഫ്രൈ തിന്നുന്ന സമദ് ഭായിയെ കണ്ടു പിടിക്കാന്‍ . കൊങ്ങായ്ക്ക് പിടിച്ചു ഞെക്കി ബാക്കി മീന്‍ ഫ്രൈ തിരിച്ചു പിടിക്കുമ്പോള്‍ , ഒരങ്കം ജയിച്ച സന്തോഷമായിരുന്നു മനസ്സില്‍ . പിന്നെ ഒരു റിസ്ക് എടുക്കാന്‍ നിന്നില്ല അപ്പോള്‍ തന്നെ മീന്‍ ഫ്രൈ ഫിനിഷ് ചെയ്തു . ഒരു പാത്രത്തില്‍ ഉരുട്ടി വാരി എല്ലാരും കൂടി തിന്നപ്പോള്‍ ജീവിതത്തില്‍ എന്തൊക്കെയോ ഓര്‍ത്ത് പോയി ഞാന്‍ . ഒരിക്കലും തിരിച്ചു കിട്ടില്ലെന്നുറപ്പുള്ള നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചു കിട്ടുന്ന പോലെ ...... ഒരു നിമിഷമെങ്കിലും പഴയ പല സന്തോഷങ്ങളും എന്നേ ഓര്‍മ്മിപ്പിച്ച കൊച്ചിനും സമദ് ഇക്കക്കും .... നന്ദിയല്ല .. അതില്‍ നിന്നു വ്യത്യസ്തമായ എന്തോ ഒന്ന് ...........)
അവസാന നിമിഷം ആ വട്ട മേശയില്‍ സ്നേഹം പൊട്ടി വിടരുന്നത് ആത്മഹര്‍ഷത്തോടെ ഞാന്‍ കണ്ടു കൊണ്ടിരുന്നു . സമയക്കുറവു മൂലം ഞാനും വിഷ്ണുവും മനസ്സില്ലാ മനസ്സോടെ യാത്ര പറഞ്ഞു . ബാലമുരളിയോടും , ഭാഗവാനോടും , അരുണിനോടും എല്ലാവരോടും യാത്ര പറഞ്ഞു , അടിച്ചു വീലായി വലിയ താമസമില്ലാതെ ടിപ്പു സുല്‍ത്താന്‍ ആകാന്‍ പോകുന്ന നമ്മടെ സ്വന്തം സോമേട്ടനോടും യാത്ര പറഞ്ഞു . എല്ലാവരും ബിര്‍മിന്‍ ഹാമില്‍ വരണമെന്നും എന്റെ കൂടെ ഒരു ദിവസമെങ്കിലും ചിലവഴിക്കണമെന്നും പറഞ്ഞു. ( ഓഫ് ടോ . വരുന്ന ഡേറ്റ് ഒന്ന് മുന്നേ പറയണേ , സത്യായിട്ടും ഞാന്‍ ഓടൂല്ല :):):) ).അവസാനം എന്‍റെ കൊച്ചുത്രേസ്സ്യ കൊച്ചിന്റ അടുത്തു വന്നു . വിടര്‍ന്ന മുഖത്തു കാര്‍മേഘങ്ങള്‍ നിറയുന്നത് ഞാന്‍ കണ്ടു .
കവി മുരുകന്‍ കാട്ടാക്കടയുടെ രേണുക എന്ന ഒരു കവിതയിലെ വരികളാണ് എന്‍റെ മനസ്സ് മൂളിയത് .
"പിരിയുമ്പോഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
................... നാം രണ്ടു മേഘ ശകലങ്ങളായി
അകലേക്ക് മറയുന്ന ക്ഷണ ഭംഗികള്‍
മഴ വില്ല് താഴെ വീണുടയുന്ന മാനത്ത്
വിരഹ മേഖ ശ്യാമ ഘന ഭംഗികള്‍
പിരിയുന്നു കൊച്ചുത്രേസ്യേ നാം രണ്ടു പുഴകളായി ഒഴുകി അകലുന്നു ... "
ബാക്കി യു ട്യൂബില്‍ ഉണ്ട് . ( കിടിലം കവിതയാണ് . ഇച്ചിരി ഡിപ്രഷന്‍ ഉള്ളവരൊന്നും കേട്ടേക്കല്ലേ ..... മുന്‍കൂര്‍ ജാമ്യം . പക്ഷെ കവിത നൂറു ശതമാനം കിടിലം . പക്കാ).യാത്ര പറഞ്ഞപ്പോള്‍ ബിര്‍മിന്‍ ഹാമിന് ഞാന്‍ വരുന്നുണ്ടെന്നു ഞാന്‍ ക്ഷണിക്കാതെ തന്നെ കൊച്ച് ഇങ്ങോട്ട് പറഞ്ഞു. വീണ്ടും ഗൂഗ്ലി .
കൈ പിടിച്ചു കുലുക്കി , കൊച്ചിന്റെ മുഖത്ത് നിറഞ്ഞ കാര്‍മേഖങ്ങള്‍ കരിമഷിയിടാത്ത കണ്ണിലൂടെ മഴത്തുള്ളിയായി പെയ്യുന്നത് കാണാന്‍ നില്‍ക്കാതെ തിരിഞ്ഞു നടന്നു .

നില്‍കുന്നവര്‍ ഇടതു നിന്ന്: മനോജ് ശിവ, ഷിബു, അരുണ്‍, ഷിജിന്‍, ബാലമുരളി, പ്രദീപ്, ബിലത്തിപട്ടണം മുരളീ മുകുന്ദന്‍, വിഷ്ണു
ഇരിക്കുന്നവര്‍ ഇടതു നിന്ന്: സിയാ, സമദ് ഇരുമ്പുഴി(സമദിക്ക), കരൂര്‍ സോമന്‍, കൊച്ചുത്രേസ്യ(ദീപ്തി )
ഈ ചിത്രം എടുത്തത് ഷമിന്‍. (അദ്ദേഹതെ ആദ്യ രണ്ടു ചിത്രങ്ങളില്‍ കാണാം )
ബ്ലോഗ്ഗര്‍ മേരിക്കുട്ടിയെ കുറിച്ചു ഒന്നും എഴുതിയില്ല അല്ലേ? കൃത്യം പത്തു മണിക്ക് തന്നെ ആശൈ ദോശയില്‍ ഉണ്ടാകുമെന്ന് വാക് പറഞ്ഞ മേരിക്കുട്ടി , ഞങ്ങള്‍ പിരിയുന്നതിനു മുന്‍പ് ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ ഫോണില്‍ വിളിച്ചിരിക്കുന്നു . ഇപ്പോള്‍ വന്നോണ്ടിരിക്കുവാണെന്ന്.വരുന്നത് സ്കോട്ട് ലണ്ടില്‍ നിന്നാണെന്ന് വിചാരിക്കരുത് . വീട്ടില്‍ നിന്ന് പത്തു മിനിറ്റ് കാര്‍ യാത്ര മാത്രമേയുള്ളൂ പുള്ളി കാരിക്ക് . അപ്പോള്‍ അവരേ കുറിച്ചു ഞാന്‍ വല്ലതും എഴുതിയാല്‍ , മറ്റേ സാഗര്‍ ഏലിയാസ് സോമന്‍റെ അവസ്ഥ ഇച്ചിരി "ഭേദപ്പെടും". ആഗ്രഹ മുണ്ടായിട്ടും ഈ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വിജയലക്ഷ്മിയമ്മക്ക് ഈ മീറ്റ് അവലോകന കുറിപ്പ് സമര്‍പ്പിക്കുന്നു . സീമ മേനോന്‍ ചേച്ചിയേയും സിജോ ജോര്‍ജ് നേയും മനോജ് സോമോന്‍ ചേട്ടനേയുമൊക്കെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു . പിന്നെ യൂകെയില്‍ പലയിടത്തും ചിതറി കിടക്കുന്ന പരസ്പരം അറിയാത്ത മറ്റു പല ബ്ലോഗ്ഗര്‍ മാരുമായും നമുക്ക് ഒന്നിച്ചു ചേരാന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു .
ഈ കുറിപ്പ് പൂര്‍ണമല്ല . പലതും വിട്ടു പോയിട്ടുണ്ട് . അത് മുഴുവന്‍ എഴുതണമെങ്കില്‍ ഒരു നാല് പോസ്റ്റ് എങ്കിലും വേണം .ഈ കുറിപ്പ് എഴുതാന്‍ എന്നേ പ്രോത്സാഹിപ്പിച്ച മുരളിയേട്ടന്‍ ബിലാത്തി പട്ടണം ചേട്ടന് നന്ദി . കൂടെ ഇത് വായിച്ചു പോരായ്മകള്‍ പറഞ്ഞു തന്ന വിഷ്ണു ലോകത്തിനും, ബ്ലോഗ് മീറ്റ് റിപ്പോര്‍ട്ട് റെഡി ആയില്ലേ , ഇല്ലെങ്കില്‍ ഞാന്‍ എഴുതും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ സിയാ ചേച്ചിക്കും , തന്നേക്കുറിച്ചു എഴുതട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്നാ വേണേലും എഴുതി വിട്, അളിയാ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ച എന്‍റെ " കൊച്ചിനും " നന്ദി .ഇത് വരെ സഹിച്ചു വായിച്ച നാട്ടുകാര്‍ക്ക് ഡബിള്‍ സ്ട്രോങ്ങ് നന്ദി .