Wednesday, 7 October 2009

ഇംഗ്ലണ്ടിലെ ചില ഓര്‍മ്മകള്‍ !!!!

ബര്‍മിന്‍ഹാമില്‍ 2 ദിവസമായി ചെറിയ മഴയാണ് . എപ്പോഴും ഒരു മൂടിക്കെട്ടിയ ആകാശം . അതുപോലെയാണ് ഇപ്പോള്‍ എന്‍റെ മനസ്സും .
ഒന്നിനും ഒരു "മൂഡ്‌ " തോന്നുന്നില്ല . വെറുതെ ഈ മഴ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നു .
മഴയത്ത് യുണിഫോം ഇട്ടു ആറുമാനൂര്‍ ഗവ . യു .പി സ്കൂളില്‍ പോയ , ആ കുട്ടിക്കാലമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ . മഴ നനഞ്ഞു , കുടയും ചൂടി വാഴത്തറയില്‍ ഹര്‍ഷന്‍ എന്ന എന്‍റെ ബാല്യകാല "സഖാവിനോടൊപ്പം" സ്കൂളിലേക്ക് നടന്നു തീര്‍ത്ത നിമിഷങ്ങള്‍ ഇന്നും ഒരു സുഖമുള്ള നനുത്ത ഓര്‍മയാണ്.
മഴ പെയ്ത വെള്ളത്തില്‍ ഓടി വന്നു , പൊങ്ങി ചാടി , ഇടതു കാല്‍ കുത്തി , അപ്പോള്‍ ഉയര്‍ന്നു തെറിക്കുന്ന വെള്ളത്തെ വലതു കാലിനടിച്ച്‌ " പടക്കം " പൊട്ടിക്കുകയും , അത് നീളന്‍ മുടിയും , കണ്ണെഴുതി "കുട്ടിക്കൂറ " പൌഡറും ഇട്ടു ചന്ദനം തൊട്ട് വരുന്ന , സൌമ്യ എസ് നായര്‍ എന്ന ക്ലാസ്സ്‌മേറ്റ് കാണുന്നുണ്ട് എന്നുറപ്പ് വരുത്തുന്നതും അക്കാലത്തെ ഒരു പ്രധാന " വിനോദമായിരുന്നു ".


മഴയുടെ ഇരുട്ടില്‍ ആറുമാനൂര്‍ സ്കൂളിലെ നാലാം ക്ലാസ്സില്‍ , പാലപ്പൂവിന്റെ ഭംഗിയുള്ള സൌമ്യ എസ് നായരേ എത്രയോ പ്രാവശ്യം ആരുമറിയാതെ നോക്കിയിരുന്നിരുന്നു . ഇടയ്ക്കു ആരും കാണാതെ അവള്‍ എന്നേ നോക്കി ചിരിച്ചിരുന്നോ ????
മഴ മേഖം അനുഗ്രഹിച്ചു തന്ന ഇരുട്ടില്‍ ,എന്നേ നോക്കി നിന്നിരുന്ന അവള്‍ക്കു എന്നോടെന്തോ പറയാനില്ലേ ??‌
എന്നും ഉച്ചക്ക്‌ വീട്ടില്‍ പോയി ചോറുണ്ടിട്ട് വരുമ്പോള്‍ ആരും കാണാതെ നായന്മാരുടെ സ്വന്തം പ്രോഡക്റ്റ് ആയ ജാതിക്കയും കല്ലുപ്പും എനിക്ക് മാത്രമെന്തിനാണ് അവള്‍ തന്നത് ???
എത്രയോ പ്രാവശ്യം അടുത്ത്‌ വന്നു നിന്നിട്ടും ഒരിക്കല്‍ പോലും ഒരു വാക്ക് പോലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല .
വല്യ അവധിക്ക് സ്കൂള്‍ അടച്ചപ്പോള്‍ മനസ്സ് നിറയെ സന്തോഷമായിരുന്നു . കുട്ടിക്കാലത്തെ ഏറ്റവും സന്തോഷമുള്ള നാളുകള്‍ !!!!!
വീണ്ടും ഒരു മഴക്കാലത്താണ് അഞ്ചാം ക്ലാസ്സിലെ പഠനത്തിനു സ്കൂളിന്റെ പടി കയറിയത് .
ഒരുങ്ങി ഇറങ്ങുമ്പോള്‍ മനസ്സില്‍ നിറയെ സന്തോഷമായിരുന്നു . ഇന്ന് അവള്‍ വരും . നനഞ്ഞ മുടി തുമ്പുകള്‍ മാടിയൊതുക്കി , മഴയുടെ ഇരുട്ടില്‍ എനിക്ക് മാത്രമുള്ള ആ ഏഴു തിരിയിട്ട നിലവിളക്കിന്റെ പ്രകാശം പരത്തുന്ന ചിരി അവള്‍ തരും . എനിക്ക് മാത്രമുള്ള ചിരി . ആരും കാണാതെ .


അന്ന് സ്കൂളില്‍ ആദ്യം എത്തിയത് ഞാനാണ് . പിന്നാലെ പലരും വന്നു . അവള്‍ മാത്രം വന്നില്ല . ആരോടും ചോദിക്കാനും പറ്റില്ല . കാത്തിരുന്നു . അഞ്ചാം ക്ലാസ്സില്‍ പ്രവേശനം കിട്ടിയവരുടെ പേരുകള്‍ ടീച്ചര്‍ വായിച്ചു .
അവളുടെ പേരില്ല .
?????
??????
???????
അവള്‍ പോയി . അവളുടെ അച്ഛന്‍ വന്നു അവളെ ഗള്‍ഫിന് കൊണ്ട് പോയി .
അഞ്ചാം ക്ലാസ്സില്‍ അവസാനത്തെ ബെഞ്ചില്‍ ഇരുന്നപ്പോള്‍ മഴയുടെ ഇരുട്ടില്‍ എന്‍റെ കണ്ണ് നിറഞ്ഞോ ??? ആരും കാണാതെ !!!!!


ഇല്ല കരഞ്ഞില്ല . ഒന്നാം ക്ലാസ്സില്‍ ജാസ്മിന്‍ ജോസ് പോയപ്പോഴും , രണ്ടാം ക്ലാസ്സില്‍ ജ്യോതി സി നായര് പോയപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല പിന്നെയാ , ലവള് !!!!!!!!
എങ്കിലും അവരേ പോലെയായിരുന്നോ ഇവള്‍ ? ഇവളെ ഞാന്‍ രണ്ടു കൊല്ലം അടുപ്പിച്ചു സ്നേഹിച്ചതല്ലേ. മൂന്നിലും നാലിലും.

അന്നത്തെ കര്‍ക്കിട മഴയേ സാക്ഷി നിര്‍ത്തി ഞാന്‍ ഒരു പുതിയ പാഠം പഠിച്ചു . " ഒരിക്കലും ഒരാളെ മാത്രമായി സ്നേഹിക്കരുത് ." സ്നേഹിക്കുമ്പോള്‍ , മീനച്ചിലാറ്റില്‍ വാളച്ചൂണ്ട കുത്തിയിടുന്ന പോലെ വേണം . പത്തു ചൂണ്ട കുത്തിയിട്ടല്‍ ഒരു മീന്‍ ഉറപ്പ്.

സത്യം !!!!!!!!!!!! ജീവിതത്തിന്‍റെ അനുഭവങ്ങളില്‍ ചാലിച്ചെടുത്ത സത്യം !!!!


ഇന്ന് ഞാന്‍ താമസിക്കുന്ന നാട്ടില്‍ സായിപ്പ് പറയാറുണ്ട് ,
ബസും ട്രെയിനും പെണ്ണും പോയാല്‍ വിഷമിക്കരുത് . ഒന്ന് പോയാല്‍ അടുത്തത് വരും !!!!! ഹഹഹ .
എന്തായാലും അവള്‍ വീണ്ടും അവിടെ പഠിച്ചിരുന്നു എങ്കില്‍ ബൂലോകത്തിലെ സകല നായന്മാര്‍ക്കും എന്നേ അളിയാ എന്ന് വിളിക്കാനുള്ള മഹാഭാഗ്യം ഉണ്ടായേനെ . (അവളുടെ അപ്പനും ആങ്ങളമാരും എന്നേ മീനച്ചിലാറെ ഒഴുക്കി വിട്ടില്ലായെങ്കില്‍).

ഓഫ് ടോ: ഓരോരോ "പഞ്ചാര" ഓര്‍മ്മകള്‍ .