Thursday, 4 February 2010

എന്നതാ എഴുതിയത് .. വാ !!!!!!!!

എന്‍റെ ഇംഗ്ലീഷ് ജീവിതത്തിലെ  , ഇന്നത്തെ  ദിവസത്തിനു വലിയ പ്രത്യേകത ഒന്നുമില്ല . സാധാരണ പോലെ  അങ്ങ് കടന്നു പോയി . ഈ ഏകാന്തത  നിറഞ്ഞ പ്രവാസ  ജീവിതത്തില്  ഏറ്റവും വലിയ ആശ്വാസമാണ് കോട്ടയത്തെ  മാത്തുകുട്ടിച്ചായന്റെ   പത്രം . എന്നും രാവിലെ എണീറ്റ്‌  അതിന്‍റെ മുന്‍പില്‍ ഒന്ന് കുത്തിയിരുന്നില്ലെങ്കില്‍  ഒരു  സുഖവുമില്ല .  ഇന്നലത്തെ  പത്രത്തില്‍  കണ്ട  ആ പെണ്‍കുട്ടിയുടെ തല കുനിച്ചു നില്‍ക്കുന്ന  മുഖമാണ് എന്‍റെ  മനസ്  നിറയേ. ഇതുപോലെ  എത്ര പേരെ ദിവസവും കാണുന്നു . എങ്കിലും  കാരണവര്‍  വധകേസ്സിലെ പ്രതി ഷെറിന്‍റെ  മുഖം എന്‍റെ  മനസ്സില്‍ പതിഞ്ഞു നില്‍ക്കുന്നതിന്‍റെ  കാരണം അവര്‍ കാണാന്‍ " എബോവ്  ആവറേജ് " ആയതു  കൊണ്ട് മാത്രമല്ല .
 ആ  പെണ്‍കുട്ടി എന്തിനാണ് തെറ്റ് ചെയ്തതെന്ന്  ഞാന്‍  ആലോചിക്കാറുണ്ട് . നല്ല ആരോഗ്യമുള്ള ഒരു പെണ്‍കുട്ടി .... മാനസികവും ശാരീരികവുമായി  ആരോഗ്യമില്ലാത്ത  ഒരുത്തനെ  ജീവിക്കാന്‍ വേണ്ടി കെട്ടേണ്ടി വന്നതിന്‍റെ അനന്തരഫലമാണ്  ആ കൊലപാതകം .  പണത്തിന്‍റെ പേരില്‍   ആരോഗ്യമില്ലാത്ത ഒരുത്തനെ കെട്ടേണ്ടി വന്ന ആ പെണ്‍കുട്ടിക്ക് അവളുടേതായ  സ്വപ്‌നങ്ങള്‍ ഇല്ലേ ? അറ്റ്ലീസ്റ്റ്   അവരൊരു ജീവിയല്ലേ ??
ആ സ്ത്രീ അമേരിക്കയില്‍ വച്ചു , ഒരു കുഞ്ഞ് അവളുടെ  ഉദരത്തില്‍ രൂപം കൊണ്ടപ്പോള്‍ ,ഒരു സ്ത്രീ -ഒരു ഭാര്യ- ഏറ്റവും അധികം സന്തോഷിക്കുന്ന അവസരത്തില്‍  അവള്‍ക്കു കിട്ടിയത്, ഒരു രാവില്‍  ബന്ധുക്കളാല്‍  വീട്ടില്‍ നിന്ന് ഇറക്കി വിടപ്പെടുകയാണ്  ഉണ്ടായത്. അവളുടെ കെട്ടിയവന്  ഒരു കുഞ്ഞിന്‍റെ അപ്പനാകാനുള്ള  ആരോഗ്യമില്ല എന്നതായിരുന്നു  അവര്‍ പറഞ്ഞ ന്യായം . അത്രയ്ക്ക് ശേഷിയില്ലാത്ത  ആ  ^&&**(())&^ മകന്‍  എന്തിനാ പിന്നെ പെണ്ണ് കെട്ടാന്‍ പോയത് ?
ഒടുവില്‍ ഡി എന്‍ എ  പരിശോധന  വഴിയാണ് കുഞ്ഞിന്‍റെ  അപ്പന്‍ ആ മനോരോഗിയായ  ഭര്‍ത്താവ് തന്നെയാണ്  എന്ന് ബന്ധുക്കള്‍  സ്ഥിരീകരിച്ചത് .

ഞാന്‍ താമസിക്കുന്ന  നാട്ടില്‍  വഴിയരികിലൂടെ നടക്കുമ്പോള്‍ ശരീരം വിറ്റു ജീവിക്കുന്ന  ധാരാളം പെണ്‍കുട്ടികളേ  കാണാറുണ്ട് .  അത് പോലെ ഒരു വേശ്യ പോലും ആ ഷെറിനേ  പോലെ  സഹിച്ചു നില്‍ക്കില്ല .  ചെരിപ്പൂരി കരണ കുറ്റിക്ക് അടിച്ചിട്ടു ഇറങ്ങി പോയേനെ .
നമ്മുടെ നാട്ടിലുള്ള ഒരു  സംസ്കാരമാണ്  പണക്കാര്‍ക്ക് എന്തും കാണിക്കാം . അതിന്‍റെ  തെളിവാണല്ലോ  കരിമീന്‍ പോലെയുള്ള ഗള്‍ഫുകാരു  ചെറുക്കന്മാര് വന്നു "സിലോഫിയ" പോലെയുള്ള  പെണ്‍പിള്ളേരെ  കെട്ടിക്കൊണ്ടു  പോകുന്നത് . സത്യമായിട്ടും ഞാന്‍ ഇങ്ങനെ പറഞ്ഞത് , ഞാന്‍ ബി കോമ്മിനു  പഠിക്കുമ്പോള്‍ എന്‍റെ കൂടെ പഠിച്ച  നന്ദന ആര്‍ കുറുപ്പിനെ  ഗള്‍ഫുകാരന്‍  വന്നു കെട്ടിക്കോണ്ട് പോയതിന്‍റെ കലിപ്പ് തീര്‍ക്കാനല്ല . സത്യം .  എങ്കിലും ഞാന്‍ ഓര്‍ത്ത്‌ പോകുവാണ്  ആ നന്ദന ആര്‍ കുറുപ്പിന് വേണ്ടി  എന്‍റെ  എത്ര കുട്ടിക്കൂറ  പൌഡര്‍ കുപ്പികളാണ് കാലിയായതെന്നു. ഒടുവില്‍ അവളെ ഏതോ ഒരു കാലമാടന്‍ ഗള്‍ഫുകാരന്‍ കൊണ്ട് പോയി . അത്രയും
കാലം   എന്തെല്ലാം "ഫാമിലി പ്ലാനിങ്ങു"മായി  നടന്ന നുമ്മ  "ശശി"യായി. ജീവിതമെന്ന് പറയുന്നത് എന്താണ് അല്ലേ?
പോട്ടെ  ക്ഷമിച്ചുകള.  നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് എന്താണ് പറ്റുന്നത് ?  എന്തിന്റെയും അടിസ്ഥാനം പണമാണ് .  അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്  ഞാന്‍  ജീവിക്കുന്ന ഈ സായിപ്പിന്‍റെ നാട് . ഇവിടെ  ഒരു മനുഷ്യര്‍ക്കും  ഒന്നിനോടും ആക്രാന്തമില്ല . ജോലി ചെയ്യുന്നു .  കള്ള് കുടിക്കുന്നു പിന്നെ  ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ  അക്ഷരത്തിന്‍റെ പുറകെ പോകുന്നു . ജീവിതം ഹാപ്പിയാണ് . ഒരു ടെന്‍ഷനും ഇല്ല .
സായിപ്പിന്  മക്കളെ പഠിപ്പിക്കാന്‍ ടെന്‍ഷന്‍ ഇല്ല . പെങ്ങമ്മാരുടെ  കല്യാണത്തെ കുറിച്ചു  ആകുലത വേണ്ട . വിദ്യാഭ്യാസ വായ്പ അടക്കണ്ട . ഓം പ്രകാശിനെയോ പുത്തന്‍ പാലം രാജേഷിനെയോ  പോലെയുള്ളവന്മാരെ പേടിക്കുകയും വേണ്ട .  ജോലി ചെയ്യുമ്പോള്‍  അവര്‍ അടക്കുന്ന  ഇന്‍ഷുറന്‍സ്  വഴി ജീവിത  അവസാനം  വരെ സര്‍ക്കാര്‍  സംരക്ഷണം. അങ്ങനെ  ഒരു പുഴ പോലെ ഒഴുകി പോകുന്നു  അവരുടെ ജീവിതം .
                                                                                   നമ്മുടെ  നാട്ടില്‍ ഒന്നും ചേരും പടിയല്ല .  ഗള്‍ഫുകാരന്റെ കല്യാണം പോലെയാണത്.  പണം കൊണ്ട് ഒരു കളി .
ആ ഷെറിന്‍റെ കല്യാണം പോലെ.....    മാനസികവും ശാരീരികവുമായ  തുല്യത   ഇന്ന് ആളുകള്‍ കാര്യമാക്കാതെ  വരുന്നു .  എന്‍റെ പല കൂട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട് . എടാ അവള്‍ എന്‍റെ  ആപ്ലികേഷന്‍ തള്ളി . അത് കൊണ്ട് കെട്ടുവാണെങ്കില്‍   അവളേക്കാളും  വലിയ ഒരു ചരക്കിനേ  കെട്ടുവൊള്ളന്നു . ഞാന്‍ ഒരു മറുപടിയും പറയാറില്ല .
പക്ഷേ ആലോചിച്ചു നോക്കാറുണ്ട് ,  എടുത്താല്‍ പൊങ്ങാത്ത  ചരക്കിനെ ഒക്കെ എടുത്തു തോളത്തു വെച്ചു  നമ്മടെ ലെയ്  ലാന്‍ഡ്‌   എന്തിനാ ഓവര്‍ ലോഡ് ആക്കുന്നതെന്ന്.  ജീവിതം എന്ന കുത്ത് കയറ്റത്തിന്റെ  മുന്‍പില്‍ , ഈ  ഓവര്‍ ലോഡ് വച്ചു കയറാന്‍ കഴിയാതെ വരും . ഇനി വരുന്നത് എന്‍റെ കല്യാണമാണ് . എവിടെ തിരിഞ്ഞു നോക്കിയാലും മെറ്റീരിയലിസ്റ്റ്  ലൈഫ് ആണ് ഞാന്‍ കാണുന്നത് . അതുകൊണ്ട് എനിക്കാകെ മരവിപ്പാണ് . മിക്കപ്പോഴും  നയന്‍ താര പറഞ്ഞ പോലെ  ഞാനും പറയും , " ഞാന്‍ വിവാഹം കഴിക്കില്ലാ" എന്ന് .

  എന്‍റെ  ജീവിതത്തില്‍ ഒരു പാട്  വ്യക്തികളെ  ഞാന്‍ കണ്ടിട്ടുണ്ട് . ഏറെ കുറെ  എല്ലാവരെയും തന്നെ ഓര്‍ത്തിരിപ്പുണ്ട് .   ജീവിതത്തില്‍ ഒരിക്കല്‍ ഞാനൊരു പെണ്‍കുട്ടിയെ കണ്ടു . എന്‍റെ ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവത്തിന്  .  ഏഴോ എട്ടോ വയസ്സുള്ള ഒരു പെണ്‍കുട്ടി . ചിന്തിക്കടയുടെ  മുന്‍പിലെ  മരത്തിന്‍റെ അരികില്‍ ,  ഒരു ചെരുപ്പ് പോലുമില്ലാത്ത  അമ്മയുടെ  കൈ പിടിച്ച്  ആശയുണ്ടായിട്ടും   അമ്മയുടെ അവസ്ഥ അറിയാവുന്നതിനാല്‍  നിരാശയില്ലാത്ത  പക്വതയോടെ,  റാന്തല്‍ വെളിച്ചത്തില്‍  കളിപ്പാട്ടങ്ങളിലേക്ക് നോക്കിയിരിക്കുന്ന  ആ പെണ്‍കുട്ടിയുടെ മുഖം ...... മറക്കില്ല ... തോമസ്‌ .
ഞാന്‍ ഒരിക്കലും അത്താഴ പട്ടിണി  കിടന്നിട്ടില്ല .  എന്‍റെ  അമ്മ  എനിക്ക് ചോറ് വിളമ്പി തരുമ്പോള്‍  താഴെ പോകുന്ന ചോറ് പെറുക്കിയെടുത്തു  കഴിപ്പിക്കുമായിരുന്നു . ഞാന്‍ അത് അനുസരിച്ചിട്ടുണ്ട് . കാരണം  ആ പെണ്‍കുട്ടിയുടെ  മുഖമായിരിക്കാം . .ഇന്ന് എനിക്ക് ജീവിക്കാനുള്ള  പണമുണ്ട് .
പക്ഷേ ഞാന്‍ ജീന്‍സും ഷര്‍ട്ടും ഒന്നും വാങ്ങിക്കാറില്ല . കൂട്ടുകാര് പറയുന്നു പിശുക്കനാണെന്നു . അല്ല ഒരിക്കലും അല്ല .  ആ പെണ്‍കുട്ടിയുടെ മുഖം ഓര്‍മയില്‍ ഉള്ളത് കൊണ്ടാവാം 
 .
                       എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്  ഒരു പെണ്‍കുഞ്ഞി ന്‍റെ അപ്പനാവുക എന്നുള്ളത് . എന്താണെന്നറിയില്ല  ഒരു മകള്‍ എന്‍റെ സ്വപ്നമാണ് .    എന്‍റെ     കൂട്ടുകാരെല്ലാം,   ഉണ്ടാവുന്നത്  ആണ്‍കുട്ടി കളാകണേ എന്ന് പത്താം  ക്ലാസുമുതല്‍ പ്രാര്‍ഥിക്കുന്നവരാണ്.
 ജീവിതത്തില്‍ ഒരു പ്രാര്‍ത്ഥനയേ   ഉള്ളൂ , എന്‍റെ മകള്‍ക്ക്  ഒരിക്കലും ആ  പെണ്‍കുട്ടി കളിപ്പാട്ടത്തിന്റെ മുന്‍പില്‍ നിസ്സഹായതയോടെ  നിന്ന പോലെ  നില്‍ക്കേണ്ടി വരരുത് .   അവള്‍ക്കു ഞാന്‍ വില കൂടിയ ചുരിദാറും സ്വര്‍ണവും ഒന്നും വാങ്ങി കൊടുക്കില്ല . പക്ഷേ പൊട്ടും കണ്മഷിയും കരിവളയും വാങ്ങി കൊടുക്കും .  അവള്‍ ജനിച്ചു വീഴുന്ന  കാലം മുതല്‍ , അത് വരെ എന്‍റെ മൂത്ത മകളായിരുന്ന  എന്‍റെ കുഞ്ഞിന്‍റെ  അമ്മയേ കട്ടിലേന്നു ചവിട്ടി താഴെയിട്ടു , എന്‍റെ  കുഞ്ഞിന്‍റെ  കുഞ്ഞികയില്‍ തല ചേര്‍ത്തു വച്ചു കിടക്കണം .

എന്താണ് ജീവിതം എന്ന് എനിക്ക് തന്നെ അറിയില്ല .  ഇതൊക്കെ നടക്കുമോ  അതോ ഈ നാട്ടിലെ മദാമ്മ  .......... ഇല്ല  അലവലാതിത്തരം  ഇനി എഴുതുന്നില്ല .

നല്ല ഒറക്ക പിച്ചിലാണ്  ഇതെഴുതിയത് . എന്നതാണെന്ന്  എനിക്ക് തന്നെ അറിയില്ല .  വെറുതേ പോസ്റ്റ്‌ .  പല പല കാര്യങ്ങള്‍ കൂടി കുഴഞ്ഞു പോയി . ക്ഷമിക്കുക . പറയാന്‍ ഉദേശിച്ച  പല കാര്യങ്ങളും  പറയാന്‍ കഴിഞ്ഞില്ല .  തുടങ്ങിയത് ഷെറിനില്‍  ആണ്  തീര്‍ന്നത് വേറെ എങ്ങാണ്ടും.

ഒറ്റ കാര്യത്തില്‍ നിര്‍ത്തുന്നു , ക്രിസ്തു മഗ്ദലന മറിയത്തോടു  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . 
ആരും നിന്നേ വിധിച്ചില്ലേ ......    ഞാനും നിന്നേ വിധിക്കുന്നില്ല .
ഷെറിനെ  ഞാനും  വിധിക്കുന്നില്ല. 
നിങ്ങളുടെ സമയം മിനക്കെടുത്തിയതിനു  , കമന്റ്‌ തന്നില്ലെങ്കിലും " വേറൊന്നും " പറയരുതേ  !!!!!!!!!