Sunday 15 November 2009

ഭാവി "ഫാര്യ" .....................

എന്‍റെ ജീവിതം ഇങ്ങനെ ഒഴുകി പോവുകയാണ് . മീനച്ചിലാറ് പോലെ. ശാന്തം സുന്ദരം . എങ്കിലും ഞാന്‍ സന്തോഷവാനല്ല . വെറുതെ ഇങ്ങനെ അങ്ങ് ജീവിച്ചു പോകുന്നു . ഇവിടെ മഞ്ഞു കാലം തുടങ്ങാന്‍ പോവുകയാണ് . ഇനി വെളിച്ചവും കുറയും . അതോടെ പിന്നെ മനുഷ്യരെല്ലാം " ഡിപ്രഷന്‍" അടിക്കാന്‍ തുടങ്ങും . സായിപ്പും മദാമ്മമാരും ഈ കാലാവസ്ഥ വരുമ്പോഴേ നാട് വിടും . അവര്‍ ഡിസംബറില്‍ " ഇയര്‍ എന്‍ഡ് " ആഘോഷം എന്ന് പറഞ്ഞു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകും . ജീവിക്കാന്‍ വേണ്ടി വന്നു കിടക്കുന്ന നമുക്ക് അങ്ങനെ പോകാന്‍ പറ്റു കേലല്ലോ . ഒറ്റക്കുള്ള ജീവിതം ഭയങ്കര മടുപ്പാണ് . സത്യം . ഈ തണുപ്പില്‍ , കൂട്ടിനൊരാളില്ലാതെയുള്ള ജീവിതം എന്നെ വല്ലാതെയാക്കുന്നു. ബൈബിളില്‍ ആദം ദൈവത്തോട് പ്രാര്‍ ഥിച്ചത് പോലെ , ഒരു കൂട്ട് എനിക്കും തരണേ എന്ന് പ്രാര്‍ഥിച്ചാലോ എന്ന് ഞാന്‍ ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ട് . കൂട്ടായ് ഹവ്വ മാഡത്തിനെ കിട്ടിയതോടെ ആദം അപ്പൂപ്പന്‍റെ ജീവിതം കട്ടപൊക യായത്‌ ഓര്‍ക്കുമ്പോള്‍ , ഒരു പെണ്ണിനെ തരണേ ദൈവമേ എന്നുള്ള പ്രാര്‍ത്ഥന വേണ്ടാന്ന് വെച്ചു. എങ്കിലും ഇവിടുത്തെ മലയാളം കുര്‍ബാനയുള്ള പള്ളികളിലും മലയാളി പ്രാത്ഥന സമ്മേളനത്തിനുമൊക്കെ പോകാറുണ്ട് . നേഴ്സ് മാരെ കാണാനൊന്നും അല്ല കേട്ടോ . വെറുതെ പോകുന്നുവെന്നേ ഉള്ളു . മമ്മി പറഞ്ഞിട്ടുണ്ട് പ്രാര്‍ഥനയില്‍ ഉറച്ചു വിശ്വസിക്കണമെന്ന് . വെറുതെ സമയം കളയുന്നതല്ലാതെ ഒരു മെച്ചവുമില്ല. തുലാമാസത്തിലെ വരാലും പാര്‍പ്പും വരുന്ന പോലെയാണ് ഇവിടുത്തെ നേഴ്സ് മാരും വരുന്നത് 
.കൂടെ കുഞ്ഞുങ്ങളും കെട്ടിയവന്മാരുമായി ഒരു പട തന്നെയുണ്ട്‌ .
പുതിയ പിള്ളേരൊന്നും വരുന്നില്ല എന്ന് തോന്നുന്നു .
പുതിയ വര്‍ക്ക്‌ പെര്‍മിറ്റൊന്നും ബ്രിട്ടന്‍ നേഴ്സ് മാര്‍ക്ക് കൊടുക്കുന്നില്ല . ഹും , എന്നെ പോലെയുള്ള യുവ മിഥ്‌നങ്ങളുടെ കട്ടേം പടോം മടക്കാനായിട്ടു ബ്രിട്ടന്റെ ഓരോ നിയമോം . 
എന്തായാലും വെറുതെ ഇരിക്കുമ്പോള്‍ ഓരോ സ്വപ്‌നങ്ങള്‍ കാണാറുണ്ട് ഭാവി ഭാര്യയെ പറ്റി.  
വേണ്ട . സ്വപ്‌നങ്ങള്‍ ഒന്നും ഞാന്‍ എഴുതുന്നില്ല . എഴുതിയാല്‍ പിന്നെ ബൂലോകത്തുള്ളവന്‍ മാരെല്ലാം കൂടി ഓട്ടോ പിടിച്ചു ഇംഗ്ലണ്ടില്‍ വന്നു എന്നേ തല്ലും . അല്ലെങ്കില്‍ തന്നെ ഇന്ന് എനിക്കങ്ങനെ പ്രത്യേകിച്ച് സങ്കല്‍പ്പങ്ങള്‍ ഒന്നും ഇല്ല .എങ്കിലും ഒരു "മെയില്‍ ഷോവനിസ്റ്റ്‌ " ആയ ഞാന്‍ പലതും ഭാവി ഭാര്യയില്‍ നിന്ന് പ്രതീക്ഷിക്കാറുണ്ട് . 
ഭാവി ഭാര്യ , എനിക്ക് മട്ടണ്‍ ബിരിയാണി വെച്ചു തന്നില്ലെങ്കിലും കഞ്ഞിയും പാവയ്ക്ക തോരനും ഉണ്ടാക്കി തരണം . ജോലി കഴിഞ്ഞു ഞാന്‍ വരുമ്പോഴ് എന്‍റെ അടുത്ത്‌ വന്നിരുന്നു എന്നോട് വര്‍ത്തമാനം പറയണം . സ്നേഹത്തോടെ കഞ്ഞിയും പാവയ്ക്ക തോരനും എനിക്ക് വിളമ്പി തരണം . എല്ലാ വെള്ളിയാഴ്ച രാത്രികളിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട അമേരിക്കന്‍ ജെന്നസി വിസ്കി ജാക്ക് ഡാനിയല്‍സ് ഞാന്‍ കുടിക്കും .( ഇന്നല്ല , കല്യാണം കഴിഞ്ഞു ശരിക്കും ഒരു കോട്ടയം അച്ചായന്‍ ആയി കഴിഞ്ഞിട്ട് . ഇപ്പോള്‍ ഞാന്‍ കുടിക്കാറില്ല സത്യം . ഹ എന്നേ വിശ്വസിക്കെന്നു....) അപ്പോള്‍ അവള്‍ എന്‍റെ അടുത്ത്‌ വന്നിട്ട് എന്നോട് വഴക്കുണ്ടാക്കണം . രണ്ടു പെഗ്ഗ് എന്ന് കണക്കു വെച്ചു എനിക്കൊഴിച്ചു തരണം . പിന്നെ , പിന്നെ ...... ഈ ഇംഗ്ലണ്ടിലെ തണുപ്പില്‍, കമ്പിളിക്കുള്ളില്‍ എന്നേ കെട്ടിപിടിച്ചു കിടക്കണം . എന്‍റെ നെഞ്ചില്‍ തല വെച്ചു എന്നേ മുറുക്കെ കെട്ടി പിടിച്ചു കിടക്കണം . ഇനിയും എഴുതണം എന്നുണ്ട് ബൂലൊകത്തെ സെന്‍സര്‍ ബോര്‍ഡ്‌ കാരെ പേടിക്കുന്നു . സ്ത്രീ ബ്ലോഗ്ഗര്‍ മാരെ ബഹുമാനിക്കുകയും ചെയ്യുന്നു . കൂടാതെ ഞാന്‍ ഈ എഴുതുന്നത്‌ എന്‍റെ ഭാവി ഭാര്യയെ കുറിച്ചാണ് . ഈ കോട്ടയം കാരന്‍ അരങ്ങത്തു നടുത്തൊട്ടി തോമസ്‌ ജെയിംസിന്റെ ഭാവി പട്ടമഹിഷിയെ കുറിച്ചാണ് . ഞങ്ങളുടെ ജീവിതം ഞങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി . 


പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകും . എന്‍റെ പെണ്ണ് ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി എന്‍റെ അപ്പന് കൊടുക്കണം . പ്രായമായ എന്‍റെ അമ്മയുടെ അടുത്ത്‌ പോയിരുന്നു വര്‍ത്തമാനം പറയണം . മുറ്റമടിക്കാനും പാത്രം കഴുകാനും ഒന്നും എന്‍റെ ഭാര്യ പോകണ്ട . കൈയുടെ സോഫ്റ്റ്‌ നെസ്സ്‌ പോകും . അതിനൊക്കെ എന്‍റെ ചേടത്തി മാര് പൊയ്കോളും( എന്‍റെ രണ്ടു ചേട്ടന്മാരും ഈ ബ്ലോഗ്‌ വായിക്കും , ഇതിനുള്ള മറുപടി ഫോണില്‍ വരും ഹ ഹ ഹ ). പിന്നെ പിന്നെ ... ഇനിയെന്താ ഭാവി ഭാര്യയുടെ കടമകള്‍ .???
എന്‍റെ വെല്യപ്പച്ചന്‍ കഷ്ടപ്പെട്ട് പണിയെടുത്ത ഞങ്ങളുടെ പാടം ( കണ്ടം ) അവള് പോയി കാണണം . എന്നിട്ട് ചിന്തിക്കണം , അവളുടെ കുഞ്ഞുങ്ങളുടെ അപ്പനും ( ഞാന്‍ ) സഹോദരങ്ങളും അടക്കം എല്ലാവരും പട്ടിണിയില്ലാതെ കിടന്നത് ഈ പാടം കാരണമാണെന്ന് . ആഷസ് മൈതാനം കാണുമ്പോള്‍ ഉള്ളതിനേക്കാള്‍ ഒരു ഫീല്‍ അവള്‍ക്കുണ്ടാവണം ആ പാടം കാണുമ്പോള്‍ . പിന്നെ ഞങ്ങളുടെ കന്ന് കാലിക്കൂട് ...... ഞങ്ങളൊക്കെ വയറു നിറച്ചു എരുമപ്പാല് കുടിച്ചത് ............. തൈര് കൂട്ടി ചോറുണ്ടത്. ഓരോ പ്രാവശ്യം എരുമപ്പാല് കുടിപ്പിക്കുംപോഴും വെല്യമ്മച്ചി പറയുമായിരുന്നു , നീയൊക്കെ എവിടെ പോയാലും , എന്ത് ജോലി ചെയ്താലും ക്ഷീണിക്കത്തില്ലന്നു........ ആ കന്ന് കാലിക്കൂട് കാണുമ്പോള്‍ എന്‍റെ ഭാര്യക്ക് മനസിലാവണം അതിനു ബ്രിട്ടീഷ്‌ രാജ്ഞിയുടെ ബക്കിന്‍ഹാം പാലസിനെക്കാള്‍ മഹത്വമുണ്ടെന്നു .


ഞങ്ങളുടെ കുടുംബ പള്ളിയില് പോയി മുട്ട് കുത്തി പ്രാര്‍ഥിക്കുമ്പോള്‍ , അവള്‍ പ്രാര്‍ഥിക്കണം അവളെ ദൈവം ഏല്‍പിച്ച കുടുംബത്തിന്റെ സമാധാനത്തിനായിട്ടു , ആ കുടുംബത്തിന്റെ വിജയത്തിന് . .......................


വേണ്ട ഇനിയെഴുതി വെറുതെ " ബൂലോകരുടെ" സമയം പാഴാക്കുന്നില്ല . ഒരു കാര്യം കൂടി . ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് " തപ്പി" നടന്ന ഒരു ദിവസം . .( രണ്ടു മാസം മുന്‍പ് ) . അവധി കിട്ടിയ ഒരു ഞായറാഴ്ച ഞാന്‍ ചേട്ടന്‍റെ വീട്ടില്‍ പോയി . കൊവെന്ട്രിയില്‍ . ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര . വൈകുന്നേരം ചേട്ടന്‍ പറഞ്ഞു ,എടാ മലയാളി കൂട്ടായ്മയുടെ പ്രാര്‍ഥനയുണ്ട് നീ വേണേ പോയ്കോ എന്ന് . പണ്ടേ " ഭക്തനായ " ഞാന്‍ ആവേശത്തോടെ എണീറ്റ്‌ പ്രാര്‍ഥനക്ക് പോയതില്‍ ചേട്ടന് വല്ല സംശയവും തോന്നിയോ വാ . എനിവേ , പോയ വഴിയില്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ . കര്‍ത്താവേ ഇത്തവണയെങ്കിലും നീ എന്നേ നിരശനാക്കല്ലേ എന്ന് . ചെന്നപ്പോള്‍ , ഒരു വീട്ടില്‍ ആകെ  നാലും മൂന്നും ഏഴു പേര് . പിന്നെ തടിക്കെടെല്‍ പൂള് വെക്കുന്ന മാതിരി ഇടയ്ക്കൂടെ പത്തു പതിനഞ്ച് കുഞ്ഞുങ്ങളും . ദൈവമേ അകത്ത് കേറിയും പോയി ഇനി ഇറങ്ങാനും പറ്റുകേല . എന്തായാലും വന്നതല്ലേ എന്ന് കരുതി അവരുടെ കൂടെ കൂടി . പോരാത്തതിന് പ്രാര്‍ഥനയുടെ അവസാന ഭാഗത്തുള്ള നന്ദി പറഞ്ഞു തുടങ്ങിയിരുന്നു . ഒരു ചേട്ടന്‍ ആണ് ലീഡര്‍ . അങ്ങേരു ചവിട്ടി പിടിക്കുകയാണ് . എട്ടു മണിക്ക് തൊടങ്ങിയ നന്ദി എട്ടേ കാലു , എട്ടര , എട്ടേ മുക്കാല് , ഒന്‍പതു ....... പോവുകയാണ് നന്ദി .......... ഞാന്‍ ആണെങ്കില്‍ കൊറേ കാലം കൂടിയാണ് തറയില്‍ ഇരിക്കുന്നത് . എന്‍റെ നടു ഒരു പരുവമായി . ബാകിയുള്ളവരെല്ലാം ഓരോരോ കാര്യങ്ങള്‍ക്കായി എണീറ്റ്‌ പോയി . കൊച്ചുങ്ങളെ നോക്കാനും . പ്രാര്‍ത്ഥന കഴിഞ്ഞുള്ള കാപ്പീടെ കാര്യത്തിനും . പറഞ്ഞു വരുമ്പോള്‍ . ഫുള്‍ ടൈം ഇരുന്നത് ഞാന്‍ മാത്രമാണ് . " സുവിശേഷി" കസേരയില്‍ ഇരുന്നാണ് കീറുന്നത് . ഒന്‍പതേകാല്‍ ആയപ്പോള്‍ ആശാന്‍ അങ്ങേര്‍ക്കു കിട്ടിയ അനുഗ്രഹങ്ങള്ക് നന്ദി പറയാന്‍ തുടങ്ങി . കര്‍ത്താവേ നീ എനിക്ക് തന്ന ജോലിക്ക് ...... കാറിനു ..........( ബി എം ഡബ്ലിയു) സത്യം അങ്ങേരു പേരടക്കം പറഞ്ഞു . വീടിനു ....... മക്കള്‍ക്ക്........... അവസാനം ഒരു സെക്ഷന്‍ ഭാര്യയുടെ ഗുണഗണങ്ങള്‍ !!!!!!! അതൊരു പതിനഞ്ച് മിനിറ്റ് ........... ഭാര്യയുടെ ആ സ്വഭാവത്തിന് , ഈ പെരുമാറ്റത്തിന് , അവളന്ന് അങ്ങനെ ചെയ്തതിനു കര്‍ത്താവേ നിനക്ക് ഞാന്‍ നന്ദി പറയുന്നു . .................. സത്യം എന്‍റെ കുരു പൊട്ടിയ പ്രാര്‍ത്ഥനയായിരുന്നു അത് . ചേട്ടന്‍ ഭാര്യയെ എടുത്ത്‌ നാട്ടു കാരുടെ മുന്‍പില്‍ സ്വര്‍ഗത്തിലേക്ക് പൊക്കിയപ്പോള്‍ ഭാര്യയുടെ മുഖത്തൊരു അഞ്ചു ബാറ്ററിയുടെ ടോര്‍ച്ചിന്റെ തെളിച്ചം ഉണ്ടായിരുന്നു . എന്തായാലും ദൈവം പ്രാര്‍ത്ഥന കേട്ടാലും ഇല്ലെങ്കിലും , അന്ന് രാത്രി ചേട്ടന് ഒരു അര മണിക്കൂര്‍ "എക്സ്ട്രാ ടൈം" കിട്ടി കാണും . ഒരു ഒന്പതെ മുക്കാലോട് കൂടി ആശാന്‍ പണി നിര്‍ത്തിയപ്പോള്‍ , ഞാന്‍ വിട്ട നെടു വീര്‍പ്പുകള്‍ക്ക് ഒരു അന്ത്യ ശ്വാസത്തിന്റെ എഫക്റ്റ് ഉണ്ടായിരുന്നു .
"പണി" കഴിഞ്ഞപ്പോള്‍ സോറി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആശ്വാസത്തിനായി നല്ല ഒന്നാംതരം ചായ ലിജോ ചേച്ചി ( പ്രാര്‍ത്ഥന നടന്ന കുടുംബത്തിലെ കുടുംബിനി ) തന്നു . പിന്നെ നാട്ടില്‍ നിന്ന് കൊണ്ട് വന്ന വട്ടയപ്പം . മുറുക്ക് ..... അന്ന് കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സുവിശേഷിയും അങ്ങേരുടെ ഭാര്യയും എന്നേ പരിചയപെട്ടു . ഒത്തിരി നേരം വര്‍ത്താനം പറഞ്ഞു . ഞാന്‍ പറഞ്ഞു ബര്‍മിംഗ്ഹാമിലാണ് . കല്യാണം കഴിച്ചിട്ടില്ല ..... അങ്ങനെ ഓരോന്ന് .
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ സുവിശേഷിയുടെ ഭാര്യ അടുക്കളയിലേക്കു പോയി . പെട്ടെന്ന് സുവിശേഷിയുടെ വക ഒരു ഡയലോഗ് , മോനെ തോമാച്ച , ഡാ കഴിവുണ്ടെങ്കില്‍ പെണ്ണ് കെട്ടിയേക്കരുത്. കെട്ടിയാല്‍ തീര്‍ന്നു ജീവിതം!!!!!!!!!! . പിന്നെ ഇവളുമാരുടെ ഒക്കെ വാലേല്‍ തൂങ്ങി മനുഷ്യന്റെ ജീവിതം തൊലഞ്ഞു പോകും . പുറത്തൂന്നു നോക്കുമ്പോള്‍ നല്ല രസമാണ് . പുള്ളി തുടര്‍ന്ന് കൊണ്ടേയിരുന്നു . ശര്‍ക്കര പാനി കണ്ട ഈച്ചയെ പോലെയാണ് കല്യാണം . ആദ്യമൊക്കെ നല്ല മധുരമാണ് . ഈച്ച പോയി ശര്‍ക്കര കുടിക്കും . പിന്നീട് മധുരം കഴിച്ചു തിരിച്ചു പറക്കാന്‍ തുടങ്ങുമ്പോഴാണ് , കാലു ശര്‍ക്കരയില്‍ ഉറച്ചു പോയ കാര്യം മനസിലാകുന്നത് . അതോടെ ജീവിതം തൊലയും . ഇത് പോലെയാണ് കല്യാണവും , പോരാത്തതിന് ഇപ്പഴത്തെ പെണ്ണുങ്ങളുടെ അഹങ്കാരവും . എന്‍റെ ഭാര്യക്ക് എന്നേക്കാള്‍ കൂടുതല്‍ സാലറി ഉണ്ട് . അവളെ ഒന്ന് മെരുക്കി നിര്‍ത്താന്‍ പെടുന്ന പാട് എനിക്ക് മാത്രേ അറിയത്തോള്ള്. തമാശ പറഞ്ഞു തിരിഞ്ഞു നോക്കിയ ചേട്ടന്‍ കണ്ടത് ഇത് കേട്ട് കൊണ്ട് നില്‍ക്കുന്ന അങ്ങേരുടെ ഭാര്യയെയാണ് . 
അപ്പോള്‍ മിസ്സിസ് സുവിശേഷിയുടെ മുഖം , വെള്ളിടി വെട്ടി അടിച്ചു പോയ ബള്‍ബ്‌ പോലെയായിരുന്നു . ചേച്ചീടെ മുഖം കണ്ടിട്ട് ചേട്ടനന്നു " എക്സ്ട്രാ ടൈം" പോയിട്ട് റെഗുലര്‍ ടൈം പോലും കിട്ടികാണത്തില്ല .
.

Thursday 5 November 2009

ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല!!!!

ഈ ഇംഗ്ലണ്ടിലെ ഒറ്റക്കുള്ള ജീവിതം എന്നേ വല്ലാതെ മടുപ്പിക്കുന്നു . ജോലി കഴിഞ്ഞു വന്നാല്‍ ഒന്നിനും ഒരു ഉഷാറില്ല . ജോലി കഴിഞ്ഞു മുറിയില്‍ വരിക ഹീടെര്‍ ഇട്ടു കമ്പിളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടക്കുക . ഇതാണ് ഇപ്പോഴത്തെ എന്‍റെ ജീവിതം . അലസമായി ജീവിക്കുന്നത് കൊണ്ടാകാം മനസാകെ അസ്വസ്തമാകുന്നത് . ഒരു ടെന്‍ഷനും "ഇല്ലാത്തതിന്‍റെ" ഒരു ടെന്‍ഷന്‍ . നാളെകളില്‍ എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ .ആകെപ്പാടെ ഒരു അസ്വസ്ഥത . രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ല . നാളെകളെ കുറിച്ചു ആശങ്ക .  
ചിന്തിച്ചപ്പോള്‍ ഒരു പരിഹാരം കിട്ടി .  
പഠിക്കുക . അക്കൌണ്ടിങ്ങില്‍ യു കെ ഡിഗ്രി എടുക്കുക . ഇവിടെ നിന്ന് പോകേണ്ടി വന്നാലും നല്ലൊരു ജോലി കിട്ടാന്‍ അത് സഹായകമാകും . ഇവിടെ എഞ്ചിനീയര്‍ ആയി വന്ന പാലാക്കാരന്‍ കൂട്ടുകാരന്‍ അജയുടെ നിര്‍ബന്ധം കൂടി ആയപ്പോള്‍ തീരുമാനിച്ചു .  
ശരി പഠിച്ചേക്കാം . യൂനിവേര്സിടിയില്‍ പോയി അന്വേഷിച്ചു .  
ഇവിടെ കിട്ടുന്ന ശമ്പളം മുഴുവന്‍ കൊടുക്കണം ഒരു കോഴ്സ് ചെയ്യണമെങ്കില്‍ . നന്നായി ആലോചിച്ചു . വേണ്ട എന്ന തീരുമാനം എടുക്കാന്‍ വൈകിയില്ല . പണ്ട് നമ്മുടെ ഭാരതം ആയിരുന്നു വിദ്യാഭ്യാസത്തിന്റെ കേന്ദ്രം .നളന്ദയും തക്ഷശിലയും . ഇന്ന് അത് ഇംഗ്ലണ്ട് പിടിച്ചെടുത്തു . വിദ്യഭ്യാസ കച്ചവട വല്‍കരണം ഇവര്‍ ഭംഗിയായി നടത്തുന്നു . 
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നിന്ന എന്‍റെ മുന്‍പില്‍ ഒരു ചൈനീസ് പെണ്‍കുട്ടി വന്ന് ഒരുത്തരം തന്നു . ( വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. എന്‍റെ കൂട്ടുകാരന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുട്ടിയാണ് ).
താങ്കള്‍ക്ക് പറ്റുമെങ്കില്‍ പോയി ബ്രിട്ടീഷ്‌ സി എ പഠിക്കൂ എന്ന് .
എക്സാം ഫീസ്‌ മാത്രം അടച്ചാല്‍ മതി .പിന്നെ ട്യൂഷന്‍ ആവശ്യമുള്ള വിഷയത്തിന് വേറെ ഫീസ് കൊടുക്കണം . കേട്ടപ്പോള്‍ സന്തോഷം തോന്നി . കൊള്ളാം. ക്ലാസ്സില്‍ നമുക്ക് ഒരുമിച്ചു പോകാം എന്നുള്ള ആഹ്വാനം കൂടി കേട്ടപ്പോള്‍ ഉറപ്പിച്ചു .പഠിച്ചേക്കാം !!!!!  
എനിക്ക് വെറുതെ വായിച്ചു നോക്കാന്‍ അവള്‍ പഠിക്കുന്ന ഒരു പുസ്തകവും തന്നു . management accounting എന്ന തടിച്ചന്‍ പുസ്തകം . ആ പുസ്തകം ഞാന്‍ കൈകൊണ്ടു ഒന്ന് തൂക്കി നോക്കി . "അമ്മന്‍" പുസ്തകം ഒരു രണ്ടു രണ്ടര കിലോ വരും . കൊള്ളാം .ഇതൊക്കെ പഠിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു ഗമയാ!!!!  
ഒന്നുമല്ലെങ്കിലും സി എ ക്കാരന്‍ ആണെന്ന് പറഞ്ഞു നാട്ടില്‍ പോയി ഒരു അച്ചായത്തി പെണ്ണിനെ, പത്തു ലക്ഷോം മാരുതി കാറും മേടിച്ചു കെട്ടാവല്ലോ . അങ്ങനെ ഞാനുമൊരു സി എ സ്റ്റുഡന്റ് ആയി . വെറും സി എ അല്ല ബ്രിട്ടീഷ്‌ സി എ . 
ഇന്ന് ഞാന്‍ സന്തോഷവാനാണ് . ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല . ആകുലത ഇല്ല . പാതിരാത്രികളില്‍ ഉറക്കം വരാതെ ലാപ്ടോപും ഓണാക്കി ഇരിക്കാറില്ല . കൃത്യം ഒന്‍പതരയാവുംപോഴേ ഞാന്‍ രാത്രിയുടെ ആറാം യാമം പിന്നിട്ടിട്ടുണ്ടാവും . അഥവാ രാത്രിയില്‍ വല്ല ദുസ്വപ്നവും കണ്ടു എണീറ്റാല്‍ , ലൈറ്റിട്ടു ആ പുസ്തകത്തെലെക്കൊന്നു നോക്കിയാല്‍ മതി പിന്നെ എട്ടരമണിക്ക് അലാറം അടിച്ചാലെ പൊങ്ങു . " മാനേജ്‌മന്റ്‌ അക്കൌണ്ടിങ്ങിന്റെ" ഒക്കെ ഒരു ശക്തിയേ!!!!!!!