Friday 3 December 2010

ഇംഗ്ളണ്ടിലെ എരുമ ഫാം.....

ഇംഗ്ളണ്ടില്‍ തണുപ്പ് വീണു തുടങ്ങി.ഇന്നലെ പാതിരയ്ക്ക് "ജാക്ക് ഡാനിയല്‍സ്
പുണ്യാളന്" രണ്ടു സ്തുതിയൊക്കെ കൊടുത്ത്,ഹീറ്ററും ഇട്ടു പൊതച്ചു മൂടി കിടന്ന
ഞാന്‍ "അതിരാവിലെ" എട്ടരക്ക് എണീറ്റ്‌ നോക്കിയപ്പോള്‍ മുറ്റം മുഴുവന്‍ മഞ്ഞു മൂടി
കിടക്കുന്നു.ഈ മഞ്ഞു കാലം കാഴ്ചക്ക് അതിസുന്ദരി തന്നെയാണ്.നമ്മുടെ
ധനുമാസത്തിലെ ആകാശം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നപോലെ തോന്നും.(ദൈവമേ
ധനുമാസത്തില്‍ ആണോ വാ ആകാശം വെളുത്ത മേഘം കൊണ്ട് നിറയുന്നത്.. ഞാനൊരു
ആവേശത്തിനങ്ങു അലക്കി വിട്ടതാ...നീങ്ങ ക്ഷമീര്).ഒരു കട്ടന്‍കാപ്പി മൊത്തി മൊത്തി
കുടിച്ച്,മഞ്ഞു വീണു കിടക്കുന്ന ഈ താഴ്വാരത്തിലേക്ക് നോക്കിയിരുന്നാല്‍ നമ്മള്‍ ഈ പ്രകൃതിയില്‍ ലയിച്ചു ചേരും."ആദിപ്രകൃതിയും മനുഷ്യനും  പ്രണയവും.....എന്നൊക്കെയുള്ള ഫിലോസഫികള്‍ മനസ്സ് നിറഞ്ഞൊഴുകും....സംഭവം കൊള്ളാമെങ്കിലും,"എടീ അന്നമ്മേ ഒരു കട്ടന്‍കാപ്പി എടുത്തോണ്ട് വാടി എന്ന് പറഞ്ഞാല്‍, ശരി ഇച്ചായാ എന്ന് പറഞ്ഞു കാപ്പിയുമായി വരാന്‍ അങ്ങനെയാരും ഇല്ലാത്തത് കൊണ്ടും, തന്നേ പോയി ഗ്ളാസ് കഴുകി വെള്ളം ചൂടാക്കി കട്ടനൊണ്ടാക്കി വന്നു വേണം ഈ മഞ്ഞുകാഴ്ചകള്‍ കാണാന്‍ എന്നുള്ളത് കൊണ്ടും,മഞ്ഞിന്‍ മധുരക്കാഴ്ച വേണ്ടാന്നു വെച്ച്,തലേന്ന് പാതിരയ്ക്ക് സ്വപ്നത്തില്‍ കണ്ട (ഡിയര്‍ ജോണ്‍ സിനിമയിലെ) നായികയാണെന്ന് സങ്കല്‍പ്പിച്ച് തലയണയെ കെട്ടിപ്പിടിച്ചു ഒരമ്പതര വരെ അങ്ങ് കിടക്കും.അതാണ്‌ പതിവ്..
പക്ഷെ ഈ വര്‍ഷത്തെ ഈ മഞ്ഞുകാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്,ഒരു പക്ഷെ
ഇതെന്റെ ഇംഗ്ലണ്ടിലെ അവസാനത്തെ മഞ്ഞു കാഴ്ചയായിരിക്കും.സത്യം.ഞാന്‍ ഒരിക്കല്‍
പറഞ്ഞില്ലേ,നാട്ടില്‍ പോയി ഒരു ഫാം പ്രൊജക്റ്റ്‌ ചെയ്യാന്‍ എനിക്കാഗ്രഹമുള്ള കാര്യം.
അതിനു എന്റെ വീടെന്ന ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കി.ഇത് വരെ ജോര്‍ജ്
ബുഷിന്റെ വേഷം കെട്ടി എന്റെ ആഗ്രഹങ്ങളെ വീതോ(veto power)ചെയ്ത മേരാ
പിതാജി തന്നെയാണ്,തുടര്‍ച്ചയായുള്ള എന്റെ ആവശ്യപ്രകാരം(ശല്യം എന്ന് വീട്ടുകാര്)
ഫാമിന് നേരെ പച്ചക്കൊടി വീശിയത്.ഇംഗ്ലണ്ടിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയി
ഫാം നടത്താന്‍ വട്ടാണോടെ എന്നൊക്കെ സുഹൃത്തുക്കള്‍ പറഞ്ഞു തുടങ്ങി.എന്ത് വന്നാലും
അവനവന്‍ തന്നെ അനുഭവിച്ചോണമെന്ന് വീട്ടുകാരും.എന്ത് വന്നാലും ഞാനിനി വെച്ച കാലു
പുറകോട്ടില്ല. (എന്നാലും ചിലപ്പോള്‍ ഒരു പേടി).എന്തായാലും നാല്പത്തഞ്ച് ദിവസത്തെ
അവധിക്കാണെന്ന് പറഞ്ഞാണ് പോകുന്നത്.എന്നിട്ട് പിന്നെ തിരിച്ചു വരില്ല.നമ്മുടെ
നാട്ടില്‍ പണിക്കു നിന്നിട്ട് പണ്ടിക്കാര് പോകുന്നത് പോലെ.ഒരു മുങ്ങല്‍.എന്തായാലും
നാട്ടില്‍ പോയി ഞാന്‍ സംഭവങ്ങള്‍ നേരിട്ട് പോയി പഠിക്കും.അഥവാ ഞാന്‍ തോല്‍ക്കും
എന്ന് തോന്നിയാല്‍ ആറു മാസത്തിനകത്ത് തിരിച്ചു കേറിയാല്‍ മതി.അതാണ്‌ ബ്രിട്ടീഷ്‌
നിയമം.കിലുക്കത്തില്‍ ഇന്നസെന്റ് തിരിച്ചു വരുന്നത് പോലെ വരേണ്ടി വന്നാല്‍
ജി എം എന്നേ മാറ്റി നിര്‍ത്തിയിട്ടു ചെവിയില്‍ മൂന്നാല് മന്ത്രം ചൊല്ലി തരും.നാല്പത്തഞ്ച് ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു പോയിട്ട് എവിടെയായിരുന്നെടാ
^&**()__+++^%%$£££_++_))മോനേ........അന്നേരം ഞാന്‍ ഇന്നസെന്റ് ചോദിക്കുന്നപോലെ തിരിച്ചു ചോദിക്കും "നാല്പത്തഞ്ച് ദിവസമെന്ന് ഞാന്‍ പറഞ്ഞിരുന്നോ,  എന്നാ ഇനി ഞാനൊരു സത്യം പറയട്ടെ,എനിക്കതോര്‍മ്മയില്ല...പാവം എന്റെ ഡാഡി.കുറച്ചു തുമ്മേണ്ടി വരുമല്ലോ ദൈവമേ.. പാവം.
                              എന്തായാലും ഫാം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരിടും.പലരും വിചാരിക്കുന്ന പോലെ ആപ്പയൂപ്പ  കന്നുകാലി വളര്‍ത്തല്‍ഒന്നുമല്ല.fully mechanised scientific farm ആണ് എന്റ് മനസ്സില്.ബ്രിട്ടനില്‍ ഉള്ളപോലെ.പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും നമ്മുടെ നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.വീട്ടുകാര് പറയുന്നത്,നാളെ മുതല്‍ നാട്ടുകാര് നിന്നേ കന്നുകാലി  തോമ ആയിട്ടെ കാണുവോള്ളന്നു.ഞാന്‍ എന്നാ പറയാനാ?അങ്ങനെയാണെങ്കില്‍ എന്റെ വല്യപ്പച്ചന്‍ ആരായിരുന്നുവെന്ന്   ചോദിക്കണമെന്നുണ്ടായിരുന്നു.ഇംഗ്ളണ്ടില്‍ ജോലി
ചെയ്യണമെന്നുള്ളത്‌ എന്റെ ഒരു ആഗ്രഹമായിരുന്നു.ഇങ്ങോട്ട് പോന്നപ്പോളും ഞാന്‍
വീട്ടില്‍ പറഞ്ഞതാ,എന്റെ വല്യപ്പച്ചന്‍ കൃഷി ചെയ്ത ഞങ്ങടെ കണ്ടത്തിലാണ് എന്റെ
ആത്മാവിരിക്കുന്നതെന്ന്.അന്നേരം വീട്ടുകാര്‍ക്ക് ചിരി.
അവര് പറയുന്നത് ഇതിനൊന്നും "സ്റ്റാറ്റസ്" ഇല്ലന്നാണ്.(വാഴക്കാ...)എങ്കിലും അവരുടെ
പരാതി പരിഹരിക്കാനായി, പാല് own brand name ഇല്‍ പായ്ക്ക് ചെയ്തു
വില്‍ക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്.Pjames British farms pvt.ltd.
എന്ന് കമ്പനി പേരും Pjames എന്ന് ബ്രാന്‍ഡ്‌ നേമും ഇടണമെന്നാണ് ഇപ്പോള്‍
ആലോചിക്കുന്നത്.നമ്മുടെ രാജ്യത്തിന്‌ വളരെ ഗുണകരമായ ഒരു പ്രൊജക്റ്റ്‌ ആണ് എന്ന്
എനിക്കുത്തമ വിശ്വാസമുള്ള ഈ പദ്ധതിയേ നിങ്ങളില്‍ ആരെങ്കിലുമൊക്കെ
ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഓരോ പേര് നിര്‍ദേശിക്കാം...എനിക്കും ഒരു വ്യവസായി ആകണം.പണ്ട് സ്കൂളില്‍ പഠിച്ച കാലത്ത് ഒരു വാര്‍ത്ത വായിച്ചിരുന്നു.റഷ്യന്‍ എണ്ണ രാജാവ് റോമന്‍ ബ്രിസ്ബേവ്‌ ഇന്ത്യയില്‍ വരുന്നു എന്ന്.റഷ്യയിലെ എണ്ണ ഖനികള്‍ മുഴുവന്‍ അളിയന്റെ തറവാട്ടു വകയാ... അന്നേ ഉള്ള ആഗ്രഹമാണ്  അത് പോലെ ഒരു വ്യവസായി ആകണമെന്ന്.
             എന്റെ പാലില്‍ ഞാന്‍ വെള്ളം ചേര്‍ക്കില്ല :):):).  മറ്റൊരിടത്ത് നിന്നും മേടിക്കുന്ന പാല്‍ അല്ലാത്തത് കൊണ്ട് എന്റെ പാലില്‍ ഒരിക്കലും ഫോര്‍മാലിന്‍ ഉണ്ടാവില്ല.ഉറപ്പ്.എന്റെ ഈ ഡ്രീം പ്രൊജക്റ്റ്‌ ന് എന്ത് മാത്രം ഓഫര്‍ (quality promises) നിങ്ങള്ക്ക് തരാന്‍ കഴിയുമെന്നുള്ളത് നാട്ടില്‍ പോയി പഠിച്ചിട്ടു പറയാം.ഇത് പോലെ ഒക്കെ ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞിട്ടും എന്റെ മമ്മിക്ക് ഒന്നും അത്ര സന്തോഷമില്ല.ഒരു വിധത്തില്‍ അപ്പനെയും ചേട്ടന്മാരെയും സമ്മതിപ്പിച്ചു.
അപ്പോഴാണ്‌ ഒരു ചോദ്യം,കല്യാണം കഴിച്ചിട്ടു പോരെ തോമാച്ചാ നാട്ടില്‍ സെറ്റില്‍
ചെയ്യുന്നതെന്ന്?അത് കേള്‍ക്കുമ്പോള്‍ ഞാന്‍ പതുക്കെ മുങ്ങും.കാരണം ഞാന്‍ മനസ്സില്‍
ഒരു തീരുമാനം എടുത്തിട്ടുണ്ട് കെട്ടുവാണെങ്കില്‍ അതെന്‍റെ മുപ്പത്തി മൂന്നാമത്തെ വയസ്സില്‍
ആയിരിക്കുമെന്ന്. കാരണം ആ പ്രായത്തിലാണല്ലോ കര്‍ത്താവിന്റെ പീഡാനുഭവവും
കുരിശു മരണവും...
നാട്ടില്‍ പോയി എരുമ വളര്‍ത്തി നടന്നാല്‍ നിനക്കൊന്നും ആരും പെണ്ണ് തരികേലന്നാ
വീട്ടുകാര് പറയുന്നത്.ഹും.ശരിയാ അത് ഞാന്‍ സമ്മദിക്കുന്നു.ചെറുക്കന്‍ ഇംഗ്ളണ്ടില്‍
ആണെന്ന് പറഞ്ഞാല്‍ അങ്ങ് തൃശ്ശൂരൂന്നും പാലായീന്നുമുള്ള  നല്ല "ബമ്പറും
ഡിക്കി"യൊക്കെയുള്ള കല്യാണാലോചന വരും.പക്ഷെ എനിക്കത് വേണ്ട.എനിക്ക്
ജലോത്സവം സിനിമയിലെ "കേര നിരകളാടും" എന്ന പാട്ട് ആസ്വദിക്കാന്‍ കഴിയുന്ന ഒരു
സാദാരണ പെണ്ണ് മതി. (നിങ്ങളും പോയി ആ പാട്ടൊന്നു കേള്‍ക്കു.എന്‍റെ അമ്മ വീട്
കുട്ടനാട് ആയതു കൊണ്ടാവും,കുട്ടനാടിനോട് ഇത്ര സ്നേഹം).
               ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല നേരെയങ്ങ് ചെല്ലുക തന്നെ.അഥവാ പൊട്ടിയാല്‍ നിന്ന നില്‍പ്പില്‍ മുങ്ങി ഇംഗ്ളണ്ടില്‍ പൊങ്ങുക.(അതെങ്ങാനും പൊട്ടിയാല്‍ നാല് കൊല്ലം എനിക്കിവിടെ കഷ്ടപ്പെടേണ്ടി വരും അതിന്റെ ബാധ്യത തീര്‍ക്കാന്‍.ദൈവമേ
അങ്ങനെയൊന്നും വരുത്തല്ലേ). അങ്ങനെയൊന്നും വരില്ല.കാരണം പാലുല്‍പ്പാദനം മാത്രമല്ല എന്റെ ലക്‌ഷ്യം. ജൈവ വളമായി ചാണകം ഉപയോഗപ്പെടുത്തും.ചാണകത്തെ ശാസ്ത്രീയമായി ഉണക്കി പൊടിച്ചു കണ്‍വെയര്‍ ബെല്‍റ്റ്‌ വഴി പായ്ക്ക് ചെയ്തു വില്‍ക്കും. ഇപ്പോള്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സൗദി പോലെയുള്ള രാജ്യങ്ങളിലേക്ക് ചാണകം കയറ്റു മതി ചെയ്യും.ഈയിടെ നമ്മുടെ ശശി അണ്ണനും മന്‍മോഹന്‍ സിങ്ങും കൂടി സൗദിയില്‍ പോയി വാണിജ്യ കരാര്‍ ഒപ്പിട്ടില്ലേ.അങ്ങനെ കാലങ്ങള്‍ക്ക് ശേഷം റഷ്യന്‍ എണ്ണരാജാവ്  എന്ന് റോമന്‍ ബിസ്ബ്രെവിനെ കുറിച്ചു പത്രക്കാര്‍ എഴുതിയ പോലെ,എന്നേ പറ്റി, ഇന്ത്യന്‍ ചാണക രാജാവ് തോമാച്ചന്‍ co-operative society യെ കുറിച്ചു പഠിക്കാന്‍ ഡെന്‍മാര്‍ക്കിലേക്ക് പോകുന്നു" എന്നൊക്കെ എഴുതില്ലായെന്നു ആര് കണ്ടു???(എന്റെ ഈശോയെ......)
പക്ഷെ എത്രയൊക്കെ ആളുകള്‍ എതിര്‍ത്താലും പ്രോല്‍സാഹിപ്പിക്കുന്നവരും ഉണ്ട്
.ഇവിടെയുള്ള ബ്ലോഗ്ഗര്‍ വിഷ്ണു,പാലാക്കാരന്‍ അജയ്,ബാലു,റോണി,ടോണി,ഇവിടെ
നിന്ന് പോയ ഹരി പിന്നെ ബ്ലോഗ്ഗര്‍ മുരളിച്ചേട്ടന്‍,ബ്ലോഗ്ഗര്‍ മനോജ്‌ മാത്യു ചേട്ടന്‍
അങ്ങനെ കുറെ പേര്‍ എന്നേ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.ഞാന്‍ തോറ്റാല്‍ ഇവര്‍ക്ക്
എന്നേ സഹായിക്കാന്‍ കഴിയില്ല എങ്കിലും ഞാന്‍ ജയിച്ചാല്‍ ഇവര്‍ സന്തോഷിക്കും.
കാലങ്ങള്‍ക്ക് ശേഷം എനിക്ക് ഇവരെ നോക്കി സന്തോഷത്തോടെ ചിരിക്കാന്‍ കഴിയുമോ??