Thursday 30 July 2009

ഓഡിറ്റര്‍ ഫ്രം ഇംഗ്ലണ്ട്

ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയിട്ട് ഏകദേശം പത്തു മാസത്തോളമായി.നാട്ടില്‍ നിന്ന് പോരുമ്പോള്‍ വലിയ ആവേശമായിരുന്നു . അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ ലാലേട്ടന്‍ "അമേരിക്ക " അമേരിക്ക " എന്ന് പറഞ്ഞു നടക്കുന്നത് പോലെ ഞാനും കുറേ സ്വപ്നം കണ്ടു നടന്നു . നാട്ടില്‍ മുഴുവന്‍ പറഞ്ഞു നടന്നു . ജീവിതത്തില്‍ ഇന്നേ വരെ മിണ്ടിയിട്ടില്ലാത്ത നാട്ടുകാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പറഞ്ഞു ,"ചേട്ടാ അടുത്ത ആഴ്ച ഞാന്‍ ഇംഗ്ലണ്ടിന് പോകുവാ ".പലര്‍ക്കും ഞാന്‍ ആരാണെന്നു പോലും മനസ്സിലായിക്കാണില്ല . ശത്രുക്കളോടെല്ലാം വീട്ടില്‍ പോയി തന്നെ പറഞ്ഞു . അകലെയുള്ള ശത്രുക്കളെ ഫോണില്‍ വിളിച്ചു പറഞ്ഞു . ഏതോ ഒരു "ഗഡിയുടെ " ആ രാജ്യം അത്രയ്ക്ക് അധപതിച്ചോട എന്നുള്ള കമന്റ്‌ കേട്ടില്ല എന്നു വെച്ചു.

അങ്ങനെ നാട്ടുകാരുടെ മുന്‍പില്‍ ഞെളിയാവുന്നതിന്റെ മാക്സിമം ഞെളിഞ്ഞാണ് ഞാന്‍ ഇംഗ്ലണ്ടില്‍ വന്നിറങ്ങിയത് . പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോള്‍ അപ്പത്തന്നെ എന്ന സ്റ്റൈലില്‍ ആണ് ഇംഗ്ലണ്ട് എന്നെ സ്വീകരിച്ചത് . നോര്‍ഫോല്‍ക് ഗ്രൂപ്പിന്റെ സാമ്പത്തികം നോക്കി നടത്താന്‍ വന്ന എനിക്ക് ,ഇംഗ്ലണ്ടിന്റെ സാമ്പത്തിക പ്രതിസന്ധിയെ ആണ് നേരിടേണ്ടി വന്നത് . വന്ന ആദ്യത്തെ മാസം വെല്യ കുഴപ്പമില്ലാരുന്നു . ഓഫീസില്‍ കറങ്ങുന്ന കസേരയില്‍ കാലും കയറ്റി വെച്ച് ,തെരു തെരെ കിച്ചനിലേക്ക് ഫോണ്‍ വിളിച്ചു , ആരാ അവിടെയുള്ളത് ഒരു ചായ കൊടുത്ത് വിട്ടേ , കൊറിക്കാന്‍ cashew nut ആയിക്കോട്ടെ എന്ന് ശ്രീനിവാസന്‍ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്ന ഞാന്‍ , ഈ കമ്പനിയിലെ " സകലകലാ വല്ലഭന്‍ "( വിശദീകരിച്ചു പറഞ്ഞാല്‍ കൂലിപ്പണിക്കാരന്‍) ആയതു ശത്രുക്കളുടെ ദൃഷ്ടി ദോഷം കൊണ്ടായിരിക്കും .ആഴ്ചയില്‍ അഞ്ചു ദിവസം ജോലി രണ്ടു ദിവസം അവധി . ഇതാരുന്നു എന്റെ " വര്‍ക്ക്‌ പെര്‍മിറ്റില്‍ " പറഞ്ഞത് . സാമ്പത്തിക മാന്ദ്യം ബാധിച്ചപ്പോള്‍ , എല്ലാവരുടേയും അവര്‍സ് കമ്പനി വെട്ടി കുറച്ചു .( ഇവിടെ "അവര്‍ലി പേ " സിസ്റ്റം ആണ്.)
ഞാന്‍ ജി എം ന്റെ കാലാണ് എന്ന് കരുതി കൈ പിടിച്ചു പറഞ്ഞു ഭായി ചതിക്കരുത് കുടുമ്മം പട്ടിണിയായി പോകും , എങ്ങനെയെങ്കിലും കൂടുതല്‍ അവര്‍സ് തരണം . അങ്ങേരൊന്നാലോചിച്ചു . എന്നിട്ട് പറഞ്ഞു , നിനക്ക് പറ്റാവുന്ന ഡിപാര്‍ട്ട്മെന്റില്‍ ഒക്കെ ജോലി ചെയ്തു അവര്‍സ് ഉണ്ടാക്കിക്കോ എന്ന് .പിന്നെ നമ്മള്‍ തുടങ്ങിയില്ലേ , കാര്യം കോഴിക്കൂടിന്റെ സൈഡ് തറക്കുന്ന പട്ടിക പോലെയാണ് മേരാ ബോഡി ഷേപ്പ് എങ്കിലും , നാട്ടില്‍ വാഴക്ക്‌ കിളച്ച experience വെച്ച് എല്ലാ വകുപ്പിലും കയറി പണിയെടുത്തു . സാമ്പത്തിക വകുപ്പ് രണ്ടു ദിവസം , പിന്നെ നൈറ്റ്‌ ഓടിറ്റിംഗ് , റെസ്റ്റോറണ്ട് , കിച്ചന്‍ , തൂപ്പ് , തുട etccccccc വേണ്ട ഞാന്‍ അധികം എഴുതുന്നില്ല . ഞാന്‍ എന്തിനാ കഴുത്തേല്‍ കല്ല് കെട്ടി ആറ്റില്‍ ചാടുന്നത്.

വാല്‍ കഷണം - നാട്ടില്‍ മമ്മി എനിക്ക് വേണ്ടി കല്യാണം ആലോചിക്കുന്നുണ്ടാവും . തോമാച്ചന്‍ ഇരുപത്തിയാറ് വയസ്സ് , ഇംഗ്ലണ്ടില്‍ അക്കൌണ്ടന്റ്. ബുഹഹഹ .ഇപ്പോള്‍ എന്റെ വെല്യമ്മച്ചി അരങ്ങത്തു നടുത്തൊട്ടി വെല്യ മറിയാമ്മ ചേടത്തി ഉണ്ടാരുന്നെങ്കില്‍ എന്റെ അമ്മയെ വഴക്ക് പറഞ്ഞു കൊണ്ട് പറഞ്ഞേനെ , തോമാച്ചന്‍ വെറും അക്കൌണ്ടന്റ് അല്ല ഇംഗ്ലണ്ടില്‍ ഓടിറ്റര്‍ ആണെന്ന് .എനിക്ക് ഒരു പ്രാര്‍ത്ഥനയെ ഉള്ളു , പെണ്ണിന്‍റെ വീട്ടുകാര് ഈ ബ്ലോഗ്‌ വായിക്കല്ലേ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Wednesday 29 July 2009

മലയാളിക്കൊരു എഴുത്ത്

ഇനി ഞാന്‍ എന്നേക്കുറിച്ച് പറയട്ടെ . കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് എന്‍റെ വീട് . ഏത്ത വാഴക്ക്‌ ഇട കിളച്ചും , കപ്പക്കൃഷി ചെയ്തും മീനച്ചിലാറ്റില്‍ മുങ്ങി കുളിച്ചും നടന്ന ഞാന്‍ , ഏതോ തലേവര കൊണ്ടാണ് ( ഭാഗ്യമോ ഭാഗ്യദോഷമോ) , ചെമ്മാനം പൂക്കളമിട്ട ഒരു സന്ധ്യക്ക്‌ ഈ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത് . ഇവിടെ ജീവിതം വെല്യ കുഴപ്പമില്ല . സന്തോഷിക്കാനുള്ളതൊക്കെ ഇവിടെ ഉണ്ട് . ഉപ്പും മുളകും ഇല്ലെങ്കിലും മൂന്ന് നേരം ഭക്ഷണം ഉണ്ട് . ജോലി കഴിഞ്ഞു വന്നു പുതച്ചു മൂടി ഉറങ്ങാന്‍ എന്‍റെ മാത്രം മുറിയുണ്ട് . ആരും കാണാതെ "അടിച്ചു മാറ്റി" സൂക്ഷിച്ചിരിക്കുന്ന ഒരു വലിയ ഹീറ്ററും ഉണ്ട് . തണുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനെ ഞാന്‍ ഓഫ്‌ ആക്കാറില്ല. ഹോട്ടലില്‍ താമസിക്കുന്നത്‌ കൊണ്ട് കറന്റ് ചാര്‍ജ് കൊടുക്കേണ്ടല്ലോ. നമ്മുടെ നാട്ടില്‍ മഴ പെയ്യുമ്പോള്‍ , നിങ്ങള്‍ അടുപ്പ് പാതകത്തെ കയറി ഇരുന്നിട്ടുണ്ടോ ? അത് പോലെ ഒരു സുഖമാണ് ഈ നാട്ടില്‍ തണുപ്പത്ത് ഹീറ്റര്‍ ഇട്ടു ഇരിക്കാന്‍ . ഇന്ന് ഞാന്‍ വീട്ടിലേക്കു വിളിച്ചു . മമ്മി പറഞ്ഞു നാട്ടില്‍ മഴയാണെന്നു . എന്‍റെ ആത്മാവൊന്നു വിറഞ്ഞു. എന്റെ നാട് അതില്‍ തിമിര്‍ത്തു പെയ്യുന്ന മഴ . നഷ്ടബോധം നിറഞ്ഞ ഒരു സ്വപ്നാടനം ഒരു നിമിഷം കൊണ്ട് ഞാന്‍ നടത്തി . മമ്മി പിന്നെയും പറഞ്ഞു പാടത്ത് വലയിട്ടു പപ്പാ കുറെ മീന്‍ പിടിച്ചെന്നു . ഇന്ന് കപ്പയും മീനുമായിരുന്നു രാവിലെ "ബ്രേക്ഫാസ്റ്റ്" എന്ന് . കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല , പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.
മഴ പെയ്യുന്ന, എപ്പോഴും ഓണക്കാറ്റുള്ള പുഴയുടെ തീരത്തുള്ള എന്‍റെ നാട് - ആറുമാനൂര്‍ . എന്‍റെ വേദന , എനിക്ക് നഷ്ടമാവുന്ന എന്‍റെ നാടിനെ കുറിച്ചോര്‍ത്താണ്. ആ നാട്ടില്‍ ഇച്ചിരി കഞ്ഞിയും കടുക്മാങ്ങയും കഴിച്ചു , സ്നേഹിച്ച പെണ്ണിനേയും കെട്ടി പിടിച്ചു ഉറങ്ങുക , അത്രയും "വലിയ" സ്വപ്നമേ എനിക്കുണ്ടായിരുന്നുള്ളൂ. പുരോഗതി നാടിന്റെ ജീവിത ചെലവു കൂട്ടിയപ്പോള്‍ , കൃഷി കൊണ്ടൊന്നും ജീവിക്കാന്‍ വയ്യാതെയായി . അങ്ങനെ ജീവിക്കാന്‍ വേണ്ടി പ്രവാസി ആയി . ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ വായിച്ചു , രാജകുമാരി വളര്‍ത്തിയ തത്തയുടെ കഥ . പാലും പഴവും സ്വര്‍ണക്കൂടും കൊടുത്തു ,രാജകുമാരി തത്തക്ക്‌ .ഇനി നിനക്കെന്തു വേണം സന്തോഷിക്കാന്‍ എന്ന് ചോദിച്ച രാജകുമാരിയോടു തത്ത പറഞ്ഞു , പാലും പഴവും സ്വര്‍ണക്കൂടും എല്ലാം മനോഹരമാണ് , പുറത്തൊരാകാശമുണ്ടെന്നറിഞ്ഞില്ലായിരുന്നുവെങ്കില്‍ !!!!!!!!!!! അതു പോലെയാണ് ഈ ഞാന്‍ എന്ന പ്രവാസിയും . ഇവിടെ എല്ലാം മനോഹരമാണ് , ഇംഗ്ലണ്ടിന് പുറത്തു കേരളമെന്ന നാട്ടില്‍ കോട്ടയം ജില്ലയില്‍ പുഴയുടെ തീരത്തു ആറുമാനൂര്‍ എന്ന ഒരു ദേശം ഉണ്ടെന്നറിഞ്ഞില്ലായിരുന്നുവെങ്കില്‍ !!!!!!!!!!ഇത് എന്‍റെ മാത്രം വേദനയാണ് എന്നെനിക്ക് തോന്നുന്നില്ല . എല്ലാ പ്രവാസികളുടേയും വേദന തന്നെ ആണ് . നമ്മുടെ ആത്മാവുരുത്തിരിഞ്ഞ സ്വന്തം മണ്ണില്‍ നമുക്ക് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ !!!!!

Friday 24 July 2009

അവധിക്കാലം

ബൂലോകത്തില്‍ വന്നിട്ട് കുറെ നാളുകളായി . പക്ഷെ കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല ." ക്രെഡിറ്റ്‌ ക്രെഞ്ച്" (സാമ്പത്തിക മാന്ദ്യം) ലോകത്തിലെ രണ്ടാമത്തെ "ക്യാപിടലിസ്റ്റ്" വാദിയായ ഇംഗ്ലണ്ടിന്റെ നടുവോടിച്ചപ്പോള്‍ , എന്‍റെ മുതലാളി എന്നോട് പറഞ്ഞു ,മോനെ നീ ആഴ്ചയില്‍ രണ്ടു ദിവസം ജോലി ചെയ്താല്‍ മതി എന്ന് . അങ്ങനെ ചുമ്മാ ഇരുന്നപ്പോള്‍ ആണ് ബ്ലോഗിനെ കുറിച്ച് കേട്ടതും എഴുതാന്‍ പഠിച്ചതും ( ബൂലോകത്തുള്ളവര്‍ ഒരു പണിയുമില്ലത്തവരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല കേട്ടോ !!).ഞാന്‍ ബൂലോകത്തിലേക്ക് വലതുകാല്‍ വച്ച് കയറിയ അന്ന് തന്നെ ബഹുമാനപ്പെട്ട ജി .എം എന്നോട് അവധി ക്യാന്‍സല്‍ ചെയ്തു ഡ്യൂട്ടിയില്‍ തിരിച്ചു കയറാന്‍ പറഞ്ഞു . അതോടെ വീണ്ടും നല്ല തിരക്കായി . കൂടെ എന്‍റെ മഹത് ബ്ലോഗ്‌ "വിരിയും മുന്‍പേ കൊഴിഞ്ഞു എന്ന അവസ്ഥയിലുമായി.
ഇന്നിതാ എല്ലാ ബൂലോകര്‍ക്കും ഒരു സന്തോഷ വാര്‍ത്ത !!! എന്‍റെ വീട്ടുകാര്‍ക്ക് (മമ്മിക്കു മാത്രം ) സങ്കട വാര്‍ത്ത. ( എനിക്കെന്നതായാലും ഒന്നുമില്ല ).
"വീണ്ടും അവധിയില്‍ പ്രവേശിക്കുക" . എന്ന ജി.എം ഇന്‍റെ ഉത്തരവാണ് ആ സന്തോഷ വാര്‍ത്ത . ഇനി ഞാന്‍ ഈ ബൂലോകത്ത് എന്നെ കൊണ്ട് എഴുതാന്‍ പറ്റുന്ന എന്തെങ്കിലും ഒക്കെ എഴുതും. ദയവായി അടുത്ത ലെക്കത്തിനായി കാത്തിരിക്കു .

Saturday 4 July 2009

വെറുതെ!!!!!!!!!!!!!!!!!!!

ഞാന്‍ ബൂലോകത്തിലെ ഒരു പുതിയ അംഗമാണ് . ബൂലോകത്തില്‍ കഥകള്‍ എഴുതുന്ന പോങ്ങുംമൂടനും വിശാലമനസ്കനും കായംകുളം എക്സ്പ്രസ്സ്‌ നും കൊച്ചുത്രേസ്യക്കും മറ്റു എല്ലാവര്‍ക്കും വളരെ നന്ദി പറയുന്നു . കാരണം ജീവിക്കാന്‍ വേണ്ടി പ്രവാസിയായ മറ്റു എല്ലാ മലയാളികളെയും പോലെ ഒരാളാണ് ഞാനും . ഈ നാട്ടിലെ ഏകാന്തതയും മഴയും തണുപ്പും വെള്ളിനിറമുളള മേഘങ്ങളും പൊന്‍ നിറമുള്ള പൊന്‍വെയിലും എല്ലാം കൂടി കൂടുമ്പോള്‍ "ഡിപ്രസ്സഷന്‍ " അടിക്കാന്‍ വേറെ കാരണം ഒന്നും വേണ്ട .‍ ഈ ഏകാന്തതയില്‍ ആണ് ഞാന്‍ ബ്ലോഗ്‌ വായന തുടങ്ങിയത്‌ . ശരിക്കും ഞാന്‍ ആസ്വദിക്കുന്നു, ഈ ബ്ലോഗുകളിലെ കഥകളും അനുഭവങ്ങളും . ശരിക്കും എന്റെ നാട്ടിലേക്ക് മടങ്ങി പോയതുപോലെ തോന്നി !!!. പുഴയുടെ തീരത്തുള്ള എന്റെ നാടും എന്റെ പള്ളികൂടവും എന്റെ പള്ളിയും എന്റെ കൃഷ്ണന്റെ അമ്പലവും ഞങ്ങള്‍ കുട്ടികള്‍ "മുങ്ങി തൊടീല്‍ " കളിച്ചിരുന്ന കുളിക്കടവും ഒക്കെ പലരുടെയും ബ്ലോഗില്‍ കൂ‍ടി ഞാന്‍ കണ്ടു. ഈ പ്രവാസലോകത്തിലെ സൌഭാഗ്യത്തിലും (??????) എന്റെ നാട് ഒരു വേദനയുള്ള ഓര്‍മ്മയാണ് എനിക്ക്. എല്ലാ പ്രവാസികളെയും പോലെ ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങി പോകണം എന്ന സ്വപ്നം കണ്ടാണ്‌ ഞാന്‍ എന്ന പ്രവാസിയും ജീവിക്കുന്നത് . വിവാഹം , ഇവിടെ സെറ്റില്‍ ചെയ്യുന്ന ലൈഫ് , ഇവിടെ പിറക്കുന്ന കുഞ്ഞുങ്ങള്‍ ഇതെല്ലാം എന്‍റെ നാട്ടിലേക്കുള്ള മടങ്ങിപോക്ക്‌ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചെക്കാം !!!!!!!!!
ഒരിക്കല്‍ ഞാന്‍ മടങ്ങിവരും എന്‍റെ നാട്ടിലേക്ക്‌ , മണ്ണിന്‍റെ മണമുള്ള ഒരു മനുഷ്യനായി ജീവിക്കാന്‍ ഞാന്‍ വരും . ഒരിക്കല്‍ കൂടി എനിക്ക് ആറുമാനൂരില്‍ പെയ്യുന്ന ആ മഴ നനയണം . ഞങ്ങളുടെ പാടത്ത്‌ കൃഷി ചെയ്യുമ്പോള്‍ , പപ്പയ്ക്ക് കുടിക്കാനായി മമ്മി തന്നുവിടുന്ന കട്ടന്‍ കാപ്പി മൊന്തയുമായി വഴുക്കുന്ന വരമ്പത്ത്‌ കൂടി ,ഒരിക്കല്‍ കൂടി എനിക്ക്നടക്കണം . കൃഷ്ണന്‍ ന്റെ അമ്പലത്തിനടുത്തുള്ള ഞങ്ങളുടെ വെല്യപ്പച്ചന്റെ തറവാട് വീട്ടിലേക്ക് , ആല്‍മരങ്ങള്‍ തണല് പുതപ്പിച്ച മണല്‍ നിറഞ്ഞ വഴിയിലൂടെ പുഴയുടെ തീരത്തു കൂടി ഒന്ന് കൂടി നടന്നു പോകണം. വെറുതേ!!!!!!!! തികച്ചും വെറുതേ !!!!!