Wednesday, 29 July 2009

മലയാളിക്കൊരു എഴുത്ത്

ഇനി ഞാന്‍ എന്നേക്കുറിച്ച് പറയട്ടെ . കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് എന്‍റെ വീട് . ഏത്ത വാഴക്ക്‌ ഇട കിളച്ചും , കപ്പക്കൃഷി ചെയ്തും മീനച്ചിലാറ്റില്‍ മുങ്ങി കുളിച്ചും നടന്ന ഞാന്‍ , ഏതോ തലേവര കൊണ്ടാണ് ( ഭാഗ്യമോ ഭാഗ്യദോഷമോ) , ചെമ്മാനം പൂക്കളമിട്ട ഒരു സന്ധ്യക്ക്‌ ഈ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത് . ഇവിടെ ജീവിതം വെല്യ കുഴപ്പമില്ല . സന്തോഷിക്കാനുള്ളതൊക്കെ ഇവിടെ ഉണ്ട് . ഉപ്പും മുളകും ഇല്ലെങ്കിലും മൂന്ന് നേരം ഭക്ഷണം ഉണ്ട് . ജോലി കഴിഞ്ഞു വന്നു പുതച്ചു മൂടി ഉറങ്ങാന്‍ എന്‍റെ മാത്രം മുറിയുണ്ട് . ആരും കാണാതെ "അടിച്ചു മാറ്റി" സൂക്ഷിച്ചിരിക്കുന്ന ഒരു വലിയ ഹീറ്ററും ഉണ്ട് . തണുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനെ ഞാന്‍ ഓഫ്‌ ആക്കാറില്ല. ഹോട്ടലില്‍ താമസിക്കുന്നത്‌ കൊണ്ട് കറന്റ് ചാര്‍ജ് കൊടുക്കേണ്ടല്ലോ. നമ്മുടെ നാട്ടില്‍ മഴ പെയ്യുമ്പോള്‍ , നിങ്ങള്‍ അടുപ്പ് പാതകത്തെ കയറി ഇരുന്നിട്ടുണ്ടോ ? അത് പോലെ ഒരു സുഖമാണ് ഈ നാട്ടില്‍ തണുപ്പത്ത് ഹീറ്റര്‍ ഇട്ടു ഇരിക്കാന്‍ . ഇന്ന് ഞാന്‍ വീട്ടിലേക്കു വിളിച്ചു . മമ്മി പറഞ്ഞു നാട്ടില്‍ മഴയാണെന്നു . എന്‍റെ ആത്മാവൊന്നു വിറഞ്ഞു. എന്റെ നാട് അതില്‍ തിമിര്‍ത്തു പെയ്യുന്ന മഴ . നഷ്ടബോധം നിറഞ്ഞ ഒരു സ്വപ്നാടനം ഒരു നിമിഷം കൊണ്ട് ഞാന്‍ നടത്തി . മമ്മി പിന്നെയും പറഞ്ഞു പാടത്ത് വലയിട്ടു പപ്പാ കുറെ മീന്‍ പിടിച്ചെന്നു . ഇന്ന് കപ്പയും മീനുമായിരുന്നു രാവിലെ "ബ്രേക്ഫാസ്റ്റ്" എന്ന് . കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല , പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.
മഴ പെയ്യുന്ന, എപ്പോഴും ഓണക്കാറ്റുള്ള പുഴയുടെ തീരത്തുള്ള എന്‍റെ നാട് - ആറുമാനൂര്‍ . എന്‍റെ വേദന , എനിക്ക് നഷ്ടമാവുന്ന എന്‍റെ നാടിനെ കുറിച്ചോര്‍ത്താണ്. ആ നാട്ടില്‍ ഇച്ചിരി കഞ്ഞിയും കടുക്മാങ്ങയും കഴിച്ചു , സ്നേഹിച്ച പെണ്ണിനേയും കെട്ടി പിടിച്ചു ഉറങ്ങുക , അത്രയും "വലിയ" സ്വപ്നമേ എനിക്കുണ്ടായിരുന്നുള്ളൂ. പുരോഗതി നാടിന്റെ ജീവിത ചെലവു കൂട്ടിയപ്പോള്‍ , കൃഷി കൊണ്ടൊന്നും ജീവിക്കാന്‍ വയ്യാതെയായി . അങ്ങനെ ജീവിക്കാന്‍ വേണ്ടി പ്രവാസി ആയി . ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ വായിച്ചു , രാജകുമാരി വളര്‍ത്തിയ തത്തയുടെ കഥ . പാലും പഴവും സ്വര്‍ണക്കൂടും കൊടുത്തു ,രാജകുമാരി തത്തക്ക്‌ .ഇനി നിനക്കെന്തു വേണം സന്തോഷിക്കാന്‍ എന്ന് ചോദിച്ച രാജകുമാരിയോടു തത്ത പറഞ്ഞു , പാലും പഴവും സ്വര്‍ണക്കൂടും എല്ലാം മനോഹരമാണ് , പുറത്തൊരാകാശമുണ്ടെന്നറിഞ്ഞില്ലായിരുന്നുവെങ്കില്‍ !!!!!!!!!!! അതു പോലെയാണ് ഈ ഞാന്‍ എന്ന പ്രവാസിയും . ഇവിടെ എല്ലാം മനോഹരമാണ് , ഇംഗ്ലണ്ടിന് പുറത്തു കേരളമെന്ന നാട്ടില്‍ കോട്ടയം ജില്ലയില്‍ പുഴയുടെ തീരത്തു ആറുമാനൂര്‍ എന്ന ഒരു ദേശം ഉണ്ടെന്നറിഞ്ഞില്ലായിരുന്നുവെങ്കില്‍ !!!!!!!!!!ഇത് എന്‍റെ മാത്രം വേദനയാണ് എന്നെനിക്ക് തോന്നുന്നില്ല . എല്ലാ പ്രവാസികളുടേയും വേദന തന്നെ ആണ് . നമ്മുടെ ആത്മാവുരുത്തിരിഞ്ഞ സ്വന്തം മണ്ണില്‍ നമുക്ക് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ !!!!!

7 comments:

  1. ശരിയാണു`. എല്ലാവരുടെയും ദു:ഖം തന്നെയാണതു`. രാജകുമാരിയുടെ തത്ത പറഞ്ഞ പോലെ പുറത്തൊരു ആകാശമുണ്ടെന്നറിഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ വേദന അറിയുകില്ലായിരുന്നു.

    ReplyDelete
  2. "പാടത്ത് വലയിട്ടു പപ്പാ കുറെ മീന്‍ പിടിച്ചെന്നു . ഇന്ന് കപ്പയും മീനുമായിരുന്നു രാവിലെ "ബ്രേക്ഫാസ്റ്റ്" എന്ന് . കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല"

    ഇങ്ങനെയൊക്കെ പറയുന്നത്‌ കേട്ടാൽ എങ്ങനെയാ സഹിക്കുക, അല്ലേ?

    :)

    ReplyDelete
  3. രണ്ട് കൊല്ലം ഞാനും ജീവിച്ചു ഇംഗ്ലണ്ടില്‍ . ആ നാട്ടിലെ വൃത്തിയും വെടിപ്പും, മാനേഴ്സുമൊക്കെ ആസ്വദിക്കുമ്പോഴും മനസ്സ് നാട്ടിലെ പുഴയോരങ്ങളിലും കാട്ടിലും മേട്ടിലുമൊക്കെത്തന്നെയായിരുന്നു. തിരിച്ച് നാട്ടിലെത്തുമെന്നുള്ള പൂര്‍ണ്ണവിശ്വാസത്തോടെ അവിടത്തെ ഓരോ നിമിഷവും ആസ്വദിച്ചുതന്നെ മുന്നോട്ട് നീങ്ങി. നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്തു. വീണിടം വിഷ്ണുലോകമാക്കുക. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ചില ദുഖങ്ങള്‍ മറികടക്കാന്‍ അതേ മാര്‍ഗ്ഗമുള്ളൂ...

    ReplyDelete
  4. ഈ വേദന എന്റേതുകൂടിയാണ്.

    ReplyDelete
  5. പ്രദീപിന്റെ എഴുത്തിന്റെ ശൈലി എനിക്കിഷ്ടപ്പെട്ടു. അതുകൊണ്ടാണ്‌ ആദ്യത്തെ പോസ്റ്റ് മുതല്‍ വായിച്ചു തുടങ്ങിയത്. കാപട്യമില്ലാത്ത തുറന്നെഴുത്ത്. Keep it up!!

    ReplyDelete
  6. പ്രദീപിന്റെ തുറന്നെഴുത്ത് വളരെയധികം ബോധിച്ചു.പ്രവാസികളായതിന്റെ കഷ്ടപ്പാട് കടപ്പാടുപോലെയാണല്ലോ.
    കപ്പയം മീന്‍കറിയും കഴിക്കുമ്പോള്‍ എരിവും,മുളകുമില്ലാത്ത ഭക്ഷണം കഴിക്കുന്നു.

    ReplyDelete