Thursday, 5 November 2009

ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല!!!!

ഈ ഇംഗ്ലണ്ടിലെ ഒറ്റക്കുള്ള ജീവിതം എന്നേ വല്ലാതെ മടുപ്പിക്കുന്നു . ജോലി കഴിഞ്ഞു വന്നാല്‍ ഒന്നിനും ഒരു ഉഷാറില്ല . ജോലി കഴിഞ്ഞു മുറിയില്‍ വരിക ഹീടെര്‍ ഇട്ടു കമ്പിളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടക്കുക . ഇതാണ് ഇപ്പോഴത്തെ എന്‍റെ ജീവിതം . അലസമായി ജീവിക്കുന്നത് കൊണ്ടാകാം മനസാകെ അസ്വസ്തമാകുന്നത് . ഒരു ടെന്‍ഷനും "ഇല്ലാത്തതിന്‍റെ" ഒരു ടെന്‍ഷന്‍ . നാളെകളില്‍ എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ .ആകെപ്പാടെ ഒരു അസ്വസ്ഥത . രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ല . നാളെകളെ കുറിച്ചു ആശങ്ക .  
ചിന്തിച്ചപ്പോള്‍ ഒരു പരിഹാരം കിട്ടി .  
പഠിക്കുക . അക്കൌണ്ടിങ്ങില്‍ യു കെ ഡിഗ്രി എടുക്കുക . ഇവിടെ നിന്ന് പോകേണ്ടി വന്നാലും നല്ലൊരു ജോലി കിട്ടാന്‍ അത് സഹായകമാകും . ഇവിടെ എഞ്ചിനീയര്‍ ആയി വന്ന പാലാക്കാരന്‍ കൂട്ടുകാരന്‍ അജയുടെ നിര്‍ബന്ധം കൂടി ആയപ്പോള്‍ തീരുമാനിച്ചു .  
ശരി പഠിച്ചേക്കാം . യൂനിവേര്സിടിയില്‍ പോയി അന്വേഷിച്ചു .  
ഇവിടെ കിട്ടുന്ന ശമ്പളം മുഴുവന്‍ കൊടുക്കണം ഒരു കോഴ്സ് ചെയ്യണമെങ്കില്‍ . നന്നായി ആലോചിച്ചു . വേണ്ട എന്ന തീരുമാനം എടുക്കാന്‍ വൈകിയില്ല . പണ്ട് നമ്മുടെ ഭാരതം ആയിരുന്നു വിദ്യാഭ്യാസത്തിന്റെ കേന്ദ്രം .നളന്ദയും തക്ഷശിലയും . ഇന്ന് അത് ഇംഗ്ലണ്ട് പിടിച്ചെടുത്തു . വിദ്യഭ്യാസ കച്ചവട വല്‍കരണം ഇവര്‍ ഭംഗിയായി നടത്തുന്നു . 
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നിന്ന എന്‍റെ മുന്‍പില്‍ ഒരു ചൈനീസ് പെണ്‍കുട്ടി വന്ന് ഒരുത്തരം തന്നു . ( വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. എന്‍റെ കൂട്ടുകാരന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുട്ടിയാണ് ).
താങ്കള്‍ക്ക് പറ്റുമെങ്കില്‍ പോയി ബ്രിട്ടീഷ്‌ സി എ പഠിക്കൂ എന്ന് .
എക്സാം ഫീസ്‌ മാത്രം അടച്ചാല്‍ മതി .പിന്നെ ട്യൂഷന്‍ ആവശ്യമുള്ള വിഷയത്തിന് വേറെ ഫീസ് കൊടുക്കണം . കേട്ടപ്പോള്‍ സന്തോഷം തോന്നി . കൊള്ളാം. ക്ലാസ്സില്‍ നമുക്ക് ഒരുമിച്ചു പോകാം എന്നുള്ള ആഹ്വാനം കൂടി കേട്ടപ്പോള്‍ ഉറപ്പിച്ചു .പഠിച്ചേക്കാം !!!!!  
എനിക്ക് വെറുതെ വായിച്ചു നോക്കാന്‍ അവള്‍ പഠിക്കുന്ന ഒരു പുസ്തകവും തന്നു . management accounting എന്ന തടിച്ചന്‍ പുസ്തകം . ആ പുസ്തകം ഞാന്‍ കൈകൊണ്ടു ഒന്ന് തൂക്കി നോക്കി . "അമ്മന്‍" പുസ്തകം ഒരു രണ്ടു രണ്ടര കിലോ വരും . കൊള്ളാം .ഇതൊക്കെ പഠിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു ഗമയാ!!!!  
ഒന്നുമല്ലെങ്കിലും സി എ ക്കാരന്‍ ആണെന്ന് പറഞ്ഞു നാട്ടില്‍ പോയി ഒരു അച്ചായത്തി പെണ്ണിനെ, പത്തു ലക്ഷോം മാരുതി കാറും മേടിച്ചു കെട്ടാവല്ലോ . അങ്ങനെ ഞാനുമൊരു സി എ സ്റ്റുഡന്റ് ആയി . വെറും സി എ അല്ല ബ്രിട്ടീഷ്‌ സി എ . 
ഇന്ന് ഞാന്‍ സന്തോഷവാനാണ് . ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല . ആകുലത ഇല്ല . പാതിരാത്രികളില്‍ ഉറക്കം വരാതെ ലാപ്ടോപും ഓണാക്കി ഇരിക്കാറില്ല . കൃത്യം ഒന്‍പതരയാവുംപോഴേ ഞാന്‍ രാത്രിയുടെ ആറാം യാമം പിന്നിട്ടിട്ടുണ്ടാവും . അഥവാ രാത്രിയില്‍ വല്ല ദുസ്വപ്നവും കണ്ടു എണീറ്റാല്‍ , ലൈറ്റിട്ടു ആ പുസ്തകത്തെലെക്കൊന്നു നോക്കിയാല്‍ മതി പിന്നെ എട്ടരമണിക്ക് അലാറം അടിച്ചാലെ പൊങ്ങു . " മാനേജ്‌മന്റ്‌ അക്കൌണ്ടിങ്ങിന്റെ" ഒക്കെ ഒരു ശക്തിയേ!!!!!!!